മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കാസർകോട് പിലിക്കോട് രയര മംഗലം ക്ഷേത്രത്തിൽ വർഷങ്ങളായി നില നിന്നിരുന്ന ജാതി വിവേചനം മറികടന്ന് എല്ലാ വിഭാഗം ജനങ്ങളും ക്ഷേത്ര നാലമ്പലത്തിനകത്ത് പ്രവേശിച്ചു. ക്ഷേത്രത്തിലെ നാലമ്പലത്തിൽ നമ്പൂതിരി, വാര്യർ, മാരാർ വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് വർഷങ്ങളായി പ്രവേശനം ഉണ്ടായിരുന്നത്.
വലിയൊരു വിഭാഗത്തിന് പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരുന്ന ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച് ജനങ്ങൾ ക്ഷേത്രത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ജാതിവിവേചനമാണ് മറികടന്നത്.
നായർ, മണിയാണി വിഭാഗത്തിലുള്ളവർക്ക് ഉത്സവസമയത്ത് പ്രവേശനം നൽകുമ്പോൾ മറ്റു ജാതി വിഭാഗങ്ങളിലുള്ളവർക്ക് പ്രവേശനം പൂർണ്ണമായും നിഷേധിച്ചിരുന്നു. എല്ലാ വിശ്വാസികൾക്കും നാലമ്പല പ്രവേശനം അനുവദിക്കാൻ വർഷങ്ങൾക്ക് മുമ്പ് ശ്രമം നടത്തിയിരുന്നെങ്കിലും എതിർപ്പിനെ തുടർന്ന് നടന്നില്ല.
പ്രദേശത്തെ നിനവ് പുരുഷ സ്വയം സംഘം അടുത്തിടെ നാലമ്പല പ്രവേശനത്തിലെ നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിച്ചു. തുടർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ- സാമൂഹ്യ- സാഹിത്യ- സംസ്‌കാരിക രംഗത്തെ പ്രധാനപ്പെട്ട വ്യക്തികളുമായി ചർച്ച നടത്തി.
ദേവസ്വം വകുപ്പ് മന്ത്രിക്കും, ദേവസ്വം ബോർഡിനും ക്ഷേത്രം ട്രസ്റ്റിനും തന്ത്രിക്കും കത്ത് നൽകി. ഇതിന് പിന്നാലെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ 16 പേർ നാലമ്പലത്തിൽ പ്രവേശിച്ചത്. ആചാര ആ അനുഷ്ഠാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരണമെന്ന തിരിച്ചറിവിൻ്റെ വിജയം കൂടിയാണിതെന്ന് ജനകീയ സമിതി പറഞ്ഞു.
ജാതി വിവേചനം മറികടന്നതോടെ നാലമ്പലത്തിലെത്തി നേരിട്ട് ദർശനം നടത്തുന്നതിനും വിഷു ദിവസം കണി കാണുന്നതിനുമെല്ലാം നിരവധി വിശ്വാസികൾ എത്തുമെന്ന് ജനകീയ സമിതി അറിയിച്ചു.