ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ല. പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ അഭിനയിച്ച വാണി കപൂർ നായികയായി അഭിനയിക്കുന്ന ഈ ചിത്രം രാജ്യത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് തീരുമാനം.
ഒമ്പത് വർഷത്തിന് ശേഷം ഫവാദ് ഖാൻ്റെ ബോളിവുഡിലേക്കുള്ള തിരിച്ചു വരവായിരുന്നു അബിർ ഗുലാൽ. ഖുബ്‌സുരത് (2014), കപൂർ & സൺസ് (2016), ഏ ദിൽ ഹേ മുഷ്‌കിൽ (2016) എന്നിവയുൾപ്പെടെ മൂന്ന് ബോളിവുഡ് ചിത്രങ്ങളിൽ നടൻ മുമ്പ് അഭിനയിച്ചിരുന്നു. ഇവയെല്ലാം ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ നടൻ്റെ സ്വീകാര്യത വർധിപ്പിച്ചു.
എന്നാൽ, 2016-ലെ ഉറി ഭീകരാക്രമണത്തെ തുടർന്ന് സ്ഥിതിഗതികളാകെ മാറി. ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (IMPPA), ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ (AICWA) പോലുള്ള സംഘടനകൾ പാകിസ്ഥാൻ കലാകാരന്മാർ ഇന്ത്യൻ സിനിമയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് പ്രഖ്യാപിച്ചു.
2023ൽ ഔപചാരികമായി പാക് കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതി തള്ളിക്കളഞ്ഞെങ്കിലും പാക് പ്രതിഭകളുമായുള്ള സഹകരണത്തിന് 2016 മുതൽ അനൗദ്യോഗിക വിലക്ക് തുടരുകയാണെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു.
ബുധനാഴ്‌ച പഹൽഗാം ആക്രമണത്തിൽ ദുഃഖം പ്രകടിപ്പിച്ചു കൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇങ്ങനെ എഴുതി, “പഹൽഗാമിലെ ഹീനമായ ആക്രമണത്തിൻ്റെ വാർത്ത കേട്ടതിൽ അതിയായ ദുഃഖമുണ്ട്. ഇരകളോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും. ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബങ്ങൾക്ക് ശക്തിയും രോഗശാന്തിയും ലഭിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.”
ചിത്രത്തിലെ നായിക വാണി കപൂറും തൻ്റെ ദുഃഖം പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതി. “പഹൽഗാമിൽ നിരപരാധികളായ ആളുകൾക്കെതിരായ ആക്രമണം കണ്ടതുമുതൽ വാക്കുകൾ കിട്ടാതെ തളർന്നുപോയി. ഹൃദയം തകർന്നുപോയി. എൻ്റെ പ്രാർത്ഥനകൾ കുടുംബങ്ങൾക്ക് ഒപ്പമുണ്ട്.”