ആർജി കാർ മെഡിക്കൽ കോളേജിലെയും ആശുപത്രിയിലെയും ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ വലിച്ചെറിഞ്ഞു. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു.
ബലാത്സംഗ- കൊലപാതക കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വളർന്നുവന്ന പുതിയ വിദ്യാർത്ഥി സംഘടനയാണ് പശ്ചിമബംഗ ഛത്ര സമാജ്. ചൊവ്വാഴ്‌ച കൊൽക്കത്തയിൽ ‘നബന്ന അഭിജൻ’ റാലി സങ്കർഷത്തിൽ കലാശിച്ചു. സമരക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്‌തു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിപാടി നിയമ വിരുദ്ധമാണെന്ന് ഭരണകൂടം പറഞ്ഞെങ്കിലും കനത്ത പോലീസ് വിന്യാസത്തോടെ കോട്ടയായി മാറിയ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കാണ് പ്രതിഷേധം നടന്നത്.
പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയ്ക്ക് ചുറ്റും കനത്ത സുരക്ഷാ സംവിധാനങ്ങൾ. 6,000-ത്തിലധികം പോലീസുകാരെ കൊൽക്കത്തയിലുടനീളം വിന്യസിച്ചിരുന്നു. ത്രിതല സുരക്ഷാ സജ്ജീകരണത്തിൽ 19 നിർണായക പോയിൻ്റുകളിൽ ബാരിക്കേഡുകൾ, നിരീക്ഷണത്തിനായി ഡ്രോണുകൾ, റോബോകോപ്പുകൾ, ഹെവി റേഡിയോ ഫ്ലയിംഗ് സ്ക്വാഡുകൾ (എച്ച്ആർഎഫ്എസ്), റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്), ക്വിക്ക് റിയാക്ഷൻ ടീമുകൾ (ക്യുആർടികൾ) എന്നിവയുമുണ്ട്.
രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥി ഗ്രൂപ്പാണ് പശ്ചിമബംഗ ഛത്ര സമാജ്. രബീന്ദ്ര ഭാരതി സർവകലാശാലയിലെ മാസ്റ്റേഴ്‌സ് വിദ്യാർഥി പ്രബീർ ദാസ്, കല്യാണി സർവകലാശാലയിലെ ശുഭങ്കർ ഹൽദർ, രബീന്ദ്ര മുക്ത സർവകലാശാലയിലെ സയൻ ലാഹിരി എന്നിവർ ചേർന്നാണ് റാലി സംഘടിപ്പിക്കുന്നത്.
ബലാത്സംഗ- കൊലപാതക കേസ് സർക്കാർ കൈകാര്യം ചെയ്‌ത രീതി മുഖ്യമന്ത്രി “കഴിവില്ലാത്തവർ” ആണെന്ന് തെളിയിച്ചതായി വിദ്യാർത്ഥി പ്രതിഷേധക്കാരിൽ ഒരാളായ സയൻ ലാഹിരി പറഞ്ഞു.
“ഞങ്ങൾക്ക് മൂന്ന് ആവശ്യങ്ങൾ ഉണ്ട്- അഭയയ്ക്ക് നീതി, കുറ്റവാളിക്ക് വധശിക്ഷ, മമതാ ബാനർജിയുടെ രാജി, കാരണം അവർ ആരോഗ്യമന്ത്രി മാത്രമല്ല, സംസ്ഥാന പോലീസും കൈകാര്യം ചെയ്യുന്നു,” -ലാഹിരി മാധ്യമങ്ങളോട് പറഞ്ഞു.
31കാരനായ ട്രെയിനി ഡോക്ടർക്ക് നീതി തേടി പ്രക്ഷോഭം നയിക്കുന്ന ജൂനിയർ ഡോക്ടർമാർ ‘മാർച്ച് ടു നബന്ന’ അല്ലെങ്കിൽ ‘നബന്ന അഭിജൻ’ റാലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് രസകരമാണ്. പകരം, സെൻട്രൽ കൊൽക്കത്തയിൽ ബുധനാഴ്‌ച പ്രത്യേക റാലിക്ക് അവർ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
റാലിയിൽ നിന്ന് വിട്ടുനിൽക്കാനും ഇടതുപക്ഷം തീരുമാനിച്ചിട്ടുണ്ട്. ആർഎസ്എസ് പിന്തുണയുള്ള സംഘടനയാണ് റാലി സംഘടിപ്പിക്കുന്നതെന്നും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും റാലിയിൽ പങ്കെടുക്കില്ലെന്ന് സിപിഐഎം യുവനേതാവ് മിനാക്ഷി മുഖർജി പറഞ്ഞിരുന്നു.























