| പ്രൊഫ ജി ബാലചന്ദ്രൻ
കെ സുധാകരനും സംഘടനാ പു:നസംഘടനയും വെളുക്കാൻ തേച്ചത് പാണ്ടുപോലെയായി. തിരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറാൻ സാധ്യതയുള്ള സന്ദർഭത്തിലാണ് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ചക്കളത്തി പോരാട്ടം നടക്കുന്നത്. സംഘടനയിൽ ഏച്ചുകെട്ടിയുള്ള അഴിച്ചുപണിയല്ലാതെ യാതൊരു കാര്യഗൗരവമുള്ള മാറ്റവും ഇതുവരെ നടന്നിട്ടില്ല. ചതിയൻ ചന്തുവിനെ പോലെ ആരൊക്കെയോ ഗ്രൂപ്പിൻറെ പിൻബലത്തിൽ ചരടുവലി നടത്തുന്നു.
പത്തനംതിട്ട എം പി ആന്റോ ആൻ്റണിയേയും, പേരാവൂർ എം. എൽ. എ സണ്ണി ജോസഫിനെയും കോൺഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണത്രേ ചിലർ ശ്രമിക്കുന്നത്. ആൻൻ്റോ ആദ്യം പാർലമെൻറ് അംഗമാകുമ്പോൾ പത്തനംതിട്ടയിൽ 5 നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് എംഎൽഎമാർ ആയിരുന്നു. ഇപ്പോൾ പത്തനംതിട്ടയിൽ ഒരു കോൺഗ്രസ് എം എൽ എ പോലും ഇല്ല. മാത്രമല്ല ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ പത്തനംതിട്ട ലോകസഭാ മണ്ഡലം എതിരാളികൾക്ക് കയ്യെത്തും ദൂരത്ത് എത്തിച്ചു കൊടുത്തിട്ടുണ്ട്. ‘സണ്ണിയാണെങ്കിൽ കണ്ണൂരിന് പുറത്തേക്ക് ആരാലും അറിയപ്പെടാത്ത ഒരു എംഎൽഎയാണ്.
എഐസിസി പാർട്ടിയെ ആകെ ഉടച്ചു വാർക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് നാളേറെയായി. ഡിസിസി പ്രസിഡണ്ടുമാർ അടക്കമുള്ള കേരളത്തിലെ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു കഷായം കുടിപ്പിച്ച് പറഞ്ഞയച്ചതു മിച്ചം. നേരെ ചൊവ്വേ ജനഗണമന പോലും പാടാൻ അറിയാത്തവരും, രോഗികളുമായ ഡിസിസി പ്രസിഡണ്ടുമാർ കൊന്നാലും മാറില്ല എന്നു പറഞ്ഞു ഞെളിഞ്ഞിരിക്കുന്നു. കീഴേതട്ടിൽ പണിയെടുക്കുന്ന യഥാർത്ഥ കോൺഗ്രസുകാർക്ക് അവസരം കൊടുക്കുന്നില്ല. “തല്ലണ്ടമ്മാവാ ഞാൻ നന്നാകത്തില്ല ” എന്നു പറഞ്ഞതുപോലെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഗതി.
തങ്കത്താലത്തിൽ ജയമുറപ്പിക്കാവുന്ന നിലമ്പൂരിലും വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. മാധ്യമങ്ങൾ പടച്ചു വിടുന്ന ഊഹാപോഹങ്ങളുടെ പുറകെ ചോദ്യവും ഉത്തരവും ആയി നിരന്തരമായി അലയുകയാണ് നേതൃമ്മന്യന്മാർ. വീര്യവും ആർജ്ജവും ഉള്ളവർ തന്നെ പാർട്ടിയെ നയിക്കണം. അതിന് കെ സുധാകരൻ തന്നെ സർവ്വഥായോഗ്യൻ . സുധാകരനെ മാറ്റണമെന്ന് ആർക്കാണ് ഇത്ര ശാഠ്യം .ഊമകത്തുകളും, ഒളിയമ്പുകളും അയച്ചു അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിക്കുന്നത് ആണത്തമല്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ നെ ജയിപ്പിച്ചതാണോ സുധാകരൻ ചെയ്ത തെറ്റ്.
ജാതി -മത നേതൃത്വം കോൺഗ്രസിന്റെ പ്രസിഡണ്ട് സ്ഥാനത്ത് ആര് വരണമെന്നത് തീരുമാനിക്കേണ്ട ആവശ്യമില്ല. മാർക്സിസ്റ്റ് പാർട്ടി ആകട്ടെ വിഴിഞ്ഞം തുറമുഖം തുറുപ്പുചീട്ടാക്കി “വേടൻ്റെ” പാട്ടുമായി എണ്ണയിട്ട യന്ത്രം പോലെ സർവ്വ സജ്ജമായി മൂന്നാം ഭരണം ലക്ഷ്യമിട്ട് മുന്നോട്ടുപോകുന്നു. ബിജെപി പുതിയ അധ്യക്ഷനുമായി വീടുവിടാന്തരം കയറിയിറങ്ങി ആളെ ചേർക്കുന്നു. കോൺഗ്രസ്സാകട്ടെ അതും ഇതും പറഞ്ഞു മാധ്യമങ്ങളിൽ കോലാഹലം ഉണ്ടാക്കി കൂട നടക്കുകയാണ്. നന്നായാൽ എല്ലാർക്കും നന്ന്.