സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ നേതാവുമായ പിവി അന്‍വറിന്റെ ഭീഷണിക്കോ സമ്മര്‍ദ്ദത്തിനോ ഒരുതരത്തിലും വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ ധാരണ. നിലപാടുകളില്‍ ഒരിക്കലും സ്ഥിരതയില്ലാത്ത അന്‍വറിന് നല്ല മനസുണ്ടെങ്കില്‍ മാത്രം യുഡിഎഫിനെ പിന്തുണച്ചാല്‍ മതി എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നതെന്ന് കെപിസിസിയുടെ ഉന്നത നേതാവ് ഒരു മാധ്യമത്തിനോട് പറഞ്ഞു.
ആര്യാടന് ഷൗക്കത്ത് തന്നെയാണ് യു ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ഇന്ന് കൊച്ചിയിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ ചര്‍ച്ച ചെയ്ത് ആര്യാടന് ഷൗക്കത്ത് എന്ന ഒറ്റ പേരിലേക്ക് എത്തുകയായിരുന്നു . നിലമ്പൂരിലെ വോട്ടര്‍മാരില്‍ 46 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷനായ സാഹചര്യത്തില്‍ വീണ്ടും ക്രൈസ്തവ പ്രീണനം നടത്തുന്നു എന്ന ആരോപണത്തിന്റെ മുന ഒടിക്കുന്നതിന് പുതിയ നീക്കം സഹായിക്കു മെന്നാണ് കോണ്‍ഗ്രസിന്റ വിലയിരുത്തല്‍. കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ഇന്നലെ ഉച്ചക്ക് സണ്ണി ജോസഫിനേയും പ്രതിപക്ഷ നേതാവ് വിഡി സതീശനേയും ഫോണിലൂടെ അറിയിക്കുകയും തൊട്ടുപിന്നാലെ മാധ്യമങ്ങളോടും പറഞ്ഞ അന്‍വര്‍ ഇന്ന് രാവിലെ പ്ലേറ്റ് മാറ്റിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്.
കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാമെന്ന അൻവറിന്റെ തന്ത്രം ഒരു കാരണവശാലും അംഗീകരിക്കേണ്ട എന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും. ഇപ്പോള്‍ അന്‍വറിന് വഴങ്ങിയാല്‍ പിന്നീട് അദ്ദേഹം നിരന്തരം പാരയായി മാറുമെന്ന് അവര്‍ കരുതുന്നു. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ കേറി ഇടപെടാനുള്ള അന്‍വറിന്റെ നീക്കത്തിനോട് അതേ നാണയത്തില്‍ തന്നെ പ്രതികരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.























