വന്യമൃഗ സംരക്ഷണത്തിനായി കോർബറ്റ് ടൈഗർ റിസർവിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും ഡ്രോണുകളും ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച്, ഈ സാങ്കേതിക സംവിധാനങ്ങൾ വന്യമൃഗ സംരക്ഷണത്തിന് സഹായകരമെങ്കിലും പ്രാദേശിക ജനങ്ങളുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ സ്വകാര്യതയ്ക്കും മാനസികാരോഗ്യത്തിനും ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കരുതൽ വിഭവങ്ങൾ ശേഖരിക്കാനോ വിശ്രമിക്കാനോ കാട്ടിലേയ്ക്ക് പോകുന്ന ഗ്രാമത്തിലെ സ്ത്രീകളെ, പ്രദേശത്തെ ഉദ്യോഗസ്ഥരും പുരുഷന്മാരും ഈ ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ച് നിരീക്ഷിക്കുന്നുവെന്ന് കണ്ടെത്തൽ വ്യക്തമാക്കുന്നു. കേംബ്രിഡ്ജ് സർവകലാശാലയുടെ ജേണൽ എൻവയോൺമെൻ്റ് ആൻഡ് പ്ലാനിംഗ് എഫിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ വിവരം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
വനപാലകർ ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും വിഭവ ശേഖരണം തടയുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ. ഇതുകൂടാതെ, ഓട്ടിസം ബാധിച്ച ഒരു യുവതിയുടെ വീഡിയോ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് അത് സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയും വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതായും പഠനം വ്യക്തമാക്കുന്നു.
വന്യമൃഗ സംരക്ഷണത്തിന് കരുതൽ നിലയിൽ ക്യാമറകൾ സ്ഥാപിച്ചുവെങ്കിലും, ഈ ക്യാമറകൾ പലപ്പോഴും ദുരുപയോഗത്തിനാണ് വഴിയൊരുക്കുന്നതെന്ന് പ്രാദേശിക സ്ത്രീകളുടെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ, ദുരുപയോഗത്തിനെതിരെ ചില ഗ്രാമവാസികൾ ക്യാമറകൾ കത്തിച്ചതായും റിപ്പോർട്ട് പറയുന്നു.
വനത്തിലെ സമാധാനവും സ്വാതന്ത്ര്യവും നിലനിറുത്താൻ കഴിയാത്ത സാഹചര്യത്തിൽ, സ്ത്രീകൾ കൂടുതൽ ആശങ്കയിലും ഭയത്തിലും കഴിയുകയാണ്. വിറകുകളും ഔഷധ സസ്യങ്ങളും ശേഖരിക്കാനുപോലും എത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണുണ്ടായത്. കൂടാതെ, വീടുകളിൽ നിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനുള്ള ഒരു അഭയകേന്ദ്രമായ കാടുകൾ, നിരീക്ഷണ സംവിധാനങ്ങൾ കൊണ്ടുണ്ടായ ആശങ്കകൾ മൂലം സ്ത്രീകളെ സമാധാനരഹിതരാക്കി മാറ്റുന്നുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
“വന്യമൃഗ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളുടെ അനന്തര ഫലങ്ങളിൽ ഗ്രാമത്തിലെ സ്ത്രീകളുടെ മാനസികാരോഗ്യത്തിന് ഉണ്ടാകുന്ന ഭീഷണി ആരും കണക്കാക്കിയിരുന്നില്ല,” എന്ന് റിപ്പോർട്ട് തയ്യാറാക്കിയ കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകൻ ത്രിശാന്ത് സിംലൈ പറയുന്നു.
ഗ്രാമങ്ങളിൽ നിലനിൽക്കുന്ന പുരുഷമേധാവിത്വം കൂടിയാണിത് കൂടുതൽ കാര്യങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. നിരവധി സ്ത്രീകൾ കടുവാ സങ്കേതങ്ങളിലെ വനങ്ങളെ മദ്യപാനികളായ ഭർത്താക്കന്മാരിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും, ഒരു മനശാന്തി കണ്ടെത്താനുമാണ് സമീപിക്കുന്നതെന്നും ഇക്കാര്യങ്ങൾ അവരുടെ ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും നേർക്കുള്ള കടന്നുകയറ്റമാണെന്നും പഠനം വ്യക്തമാക്കുന്നു.