ബിജെപി വിട്ട ഉടനെ സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം, സിപിഐയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു.
ഇടതുപക്ഷത്തേക്ക് വരണമെങ്കിൽ സിപിഐ കുറച്ച് വ്യവസ്ഥകൾ ചർച്ചയിൽ മുന്നോട്ട് വച്ചിരുന്നു. പകരം പാർട്ടിയിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് അറിയിച്ചിരുന്നു. ആശയപരമായ രീതിയിൽ ഒരു മാറ്റത്തിന് തയ്യാറായാൽ ആലോചിക്കാമെന്ന് തീരുമാനം അറിയിച്ചതായി ഒരു വാർത്താ ചാനലിനോട് അദ്ദേഹം പറഞ്ഞു.
സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ലാതെ സന്ദീപിനെപ്പോലെ ഒരാള്‍ക്ക് നല്‍കാന്‍ സിപിഐയ്ക്ക് ഒന്നുമില്ലെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം-സിപിഐ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ ചേര്‍ന്നതിനിടെയായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.
ഈ ചർച്ചയ്ക്ക് ശേഷം സന്ദീപ് എന്തുകൊണ്ടാണ് തീരുമാനം എടുക്കാതിരുന്നതെന്ന് അറിയില്ല. ഇതോടൊപ്പം, പി സരിനെ ഇടതു മുന്നണി സ്വതന്ത്രനായി മത്സരിപ്പിച്ചതിനെയും പരോക്ഷമായി ബിനോയ് വിശ്വം വിമര്‍ശിച്ചു. താന്‍ ഏതെങ്കിലും വ്യക്തിയെക്കുറിച്ചല്ല ഇത് പറയുന്നത്. കൂറുമാറ്റത്തെപ്പറ്റി രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവമായി ചിന്തിക്കണം. പാര്‍ട്ടി മാറ്റം ആകാമെങ്കിലും രാഷ്ട്രീയം പരമപ്രധാനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.