ഡെബിറ്റ് കാർഡുകൾക്കുള്ള പ്രിയം ഇന്ത്യയിൽ ക്രമമായി കുറയുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ജനപ്രിയമാവുന്നതോടെയാണ് ഡെബിറ്റ് കാർഡ് ഉപയോഗം ഗണ്യമായി കുറഞ്ഞത്. ഒക്ടോബറിൽ യുപിഐ വഴി നടന്ന ഇടപാടുകൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിട്ടുണ്ട്.
1657 കോടി ഇടപാടുകളാണ് ഒക്ടോബറിൽ യുപിഐ വഴി നടന്നത്, ഇതിൽ 23.5 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് ഉണ്ടായത്. സെപ്തംബറിനെ അപേക്ഷിച്ച് 14% കൂടുതലാണ് ഒക്ടോബറിലെ യുപിഐ ഇടപാടുകൾ. പ്രതിദിന യുപിഐ ഇടപാടുകൾ 53.5 കോടിയെ മറികടന്നു, ഏകദേശം 75,801 കോടിയുടെ ഇടപാടുകളാണ് പ്രതിദിനം നടക്കുന്നത്.
യുപിഐക്ക് പുറമേ മറ്റു ഡിജിറ്റൽ ഇടപാടുകളും വേഗത്തിൽ മുന്നേറുകയാണ്. ഇമ്മീഡിയറ്റ് പേമെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകൾ ഒക്ടോബറിൽ 9 ശതമാനം വർധിച്ചു, അതിനൊപ്പം തുകയിലും 11 ശതമാനം വർധന ഉണ്ടായി. ഫാസ്റ്റാഗ് ഇടപാടുകൾ 8 ശതമാനവും ആധാർ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റത്തിൽ 26 ശതമാനം വളർച്ചയും ഒക്ടോബറിൽ രേഖപ്പെടുത്തി.
2024ന്റെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം, യുപിഐ ഇടപാടുകൾ 52 ശതമാനം വർധിച്ചതായാണ് കാണുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ ഇത് 40 ശതമാനമായിരുന്നു.
ഡെബിറ്റ് കാർഡുകളിൽ ഇടിവ്:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഡെബിറ്റ് കാർഡുകളിൽ 8 ശതമാനം ഇടിവാണ് നടന്നത്. ഓഗസ്റ്റിലെ 43,350 കോടിയായിരുന്നു ഡെബിറ്റ് കാർഡ് ഇടപാടുകൾ സെപ്തംബറിൽ 39,920 കോടിയായി കുറഞ്ഞു.
ക്രെഡിറ്റ് കാർഡുകൾ ഉയർന്നു:
അതേസമയം, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്തംബറിലെ 1.76 ലക്ഷം കോടിയായിരുന്നു ഇടപാടുകൾ ഒക്ടോബറിൽ 1.68 ലക്ഷം കോടിയായി ഉയർന്നു, 5 ശതമാനം വളർച്ചയാണിത്.