കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ നടന്ന രാഷ്ട്രീയ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്ഷേത്ര ഉപദേശക സമിതിയോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ- ജാതി- മത സംഘടനകളുടെ ചിഹ്നങ്ങളോ കൊടികളോ പ്രദർശിപ്പിക്കാൻ പാടില്ല എന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്.
ഈ ഉത്തരവ് നടപ്പാക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിലും ചില മത സംഘടനകളുടെ ശാഖാ പരിശീലനം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ചില ദേവസ്വം ക്ഷേത്രങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ യാതൊരു കാരണവശാലും ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരങ്ങളിലോ അനുവദിക്കില്ല.
ഇതുപോലെയുള്ള സംഭവങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത സമീപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ളത്. ക്ഷേത്രവും ക്ഷേത്ര പരിസരവും ഭക്തജനങ്ങൾക്ക് പ്രാർത്ഥിക്കുന്നതിനും ആരാധന നടത്തുന്നതിനും ഉള്ള ഇടങ്ങളാണ്. ഹൈക്കോടതിയുടെ വിധി പാലിക്കാൻ ക്ഷേത്ര ഉപദേശക സമിതികളും ക്ഷേത്ര ജീവനക്കാരും ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിക്ക് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. കടയ്ക്കല്‍ തിരുവാതിരയുടെ ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ആഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയില്‍ രക്തസാക്ഷി പുഷ്‌പനെ കുറിച്ചുള്ള ഗാനം ആലപിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്‍റെ ചിഹ്നവും ഉണ്ടായിരുന്നു. അതേസമയം കാണികളുടെ ആവശ്യപ്രകാരമാണ് താന്‍ ഈ ഗാനം ആലപിച്ചതെന്നാണ് അലോഷിയുടെ വിശദീകരണം.