മാരകരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം വിവാദത്തിനിടയാക്കുന്നു. എക്‌സിറ്റ് ഇന്റർനാഷണലിന്റെ സ്ഥാപകനായ ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെ രൂപകൽപ്പന ചെയ്ത ‘സാർകോ പോഡ്’ എന്ന ഉപകരണം വ്യാപകമായ ചർച്ചകൾക്കും വിമർശനങ്ങൾക്കുമിടയാക്കുകയാണ്.
മരിക്കാൻ ആഗ്രഹിക്കുന്ന ആളെ ഉപകരണത്തിലേക്ക് കടത്തിവിട്ട്, അദ്ദേഹം ഒരു ബട്ടൺ അമർത്തുന്നത് വഴി നൈട്രജൻ വാതകം പ്രവഹിപ്പിക്കുകയും, അതുവഴി രോഗി മയങ്ങുകയും ഓക്സിജന്റെ അഭാവത്തിൽ മിനിറ്റുകൾക്കുള്ളിൽ മരിക്കുകയും ചെയ്യുന്നതാണെന്നാണ് കമ്പനിയുടെ വിശദീകരണം.
64കാരിയായ ഒരു അമേരിക്കൻ സ്ത്രീ ഈ ഉപകരണം ഉപയോഗിച്ച് മരിച്ചുവെന്ന വാർത്ത ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സ്ത്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്ത് ഞെരിച്ചത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഉപകരണത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നതോടൊപ്പം, സംഭവത്തെക്കുറിച്ചുള്ള ഒട്ടേറെ ഊഹാപോഹങ്ങൾക്കും വഴിയൊരുക്കി.
ഡച്ച് ദിനപത്രമായ ഡി വോക്‌സ്‌ക്രാൻഡ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഉപകരണത്തിന്റെ തകരാറാണ് മരണത്തിനിടയാക്കിയത്. പക്ഷേ, ഇത് കൊലപാതകമാണോ എന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ ഉപകരണത്തിനുപിന്നിൽ പ്രവർത്തിച്ച ‘ദി ലാസ്റ്റ് റിസോർട്ട്’ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ നിലവിൽ കടുത്ത നിരീക്ഷണത്തിലാണ്. ആത്മഹത്യ പ്രേരിപ്പിച്ചതിനും സഹായം നൽകിയതിനും ഗ്രൂപ്പിൽ പങ്കാളികളായ പലർക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാർകോ പോഡിനെ ചുറ്റിപ്പറ്റി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ഉപകരണത്തിന്റെ സുരക്ഷയും ഇതിന്റെ ഉപയോഗവും വലിയ ചർച്ചകളുടെ വിഷയമായിരിക്കുകയാണ്.