ഐപിഎൽ 2025 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ രാജസ്ഥാൻ ടീം ആറ് വിക്കറ്റിന് വിജയം നേടി. മത്സരത്തിന് ശേഷം, മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി യുവ ക്രിക്കറ്റ് കളിക്കാരുമായി സംവദിക്കാൻ സമയമെടുത്തു, അവർക്ക് നിരവധി വിലപ്പെട്ട ഉപദേശങ്ങൾ നൽകി.
“നിങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയരുമ്പോൾ സമ്മർദ്ദത്തിന് വഴങ്ങരുത്. മുതിർന്ന കളിക്കാരിൽ നിന്നും പരിശീലക സംഘത്തിൽ നിന്നും പഠിക്കുക. യുവതാരങ്ങൾ 200-ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിൽ സ്കോർ ചെയ്യാൻ ശ്രമിക്കുമ്പോൾ, ബാറ്റിംഗിൽ സ്ഥിരത നിലനിർത്തുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, മത്സരത്തിന്റെ ഏത് ഘട്ടത്തിലും സിക്സറുകൾ അടിക്കാനുള്ള കഴിവ് അവർക്കുണ്ട്.” യുവതാരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.
പ്രതീക്ഷകളുടെ ഭാരമില്ലാതെ അവരുടെ സ്വാഭാവിക കളിരീതി പ്രകടിപ്പിക്കാൻ അദ്ദേഹം യുവതാരങ്ങളെ പ്രോത്സാഹിപ്പിച്ചു. ടീമിന്റെ പ്രകടനത്തെക്കുറിച്ചുള്ള തന്റെ ചിന്തകളും ധോണി പങ്കുവെച്ചു. “ഞങ്ങൾ എതിർ ടീമിന് നല്ലൊരു ലക്ഷ്യം വെച്ചു. എന്നാൽ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടപ്പെട്ടതിനുശേഷം, സമ്മർദ്ദം ലോവർ, മിഡിൽ ഓർഡറിലേക്ക് മാറി. ബ്രെവിസ് മികച്ച ഇന്നിംഗ്സാണ് കളിച്ചത്. ബാറ്റ് ചെയ്യുമ്പോൾ റൺ നിരക്ക് സ്ഥിരമായിരുന്നു, പക്ഷേ ഞങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടങ്ങൾ ആ വേഗത നിലനിർത്താൻ ബുദ്ധിമുട്ടാക്കി,” അദ്ദേഹം വിശദീകരിച്ചു.
പേസർ കംബോജിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞത് , “കംബോജ് വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞു. ഞങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ അദ്ദേഹത്തിന്റെ പന്തുകൾ ഞങ്ങൾക്ക് ലഭിച്ചു. പവർപ്ലേയിൽ മൂന്ന് ഓവർ എറിയുക എന്നത് എളുപ്പമുള്ള കാര്യമല്ല, പക്ഷേ കംബോജ് അഭിനന്ദനീയമായ ഒരു ജോലി ചെയ്തു.”- എന്നായിരുന്നു
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. രാജസ്ഥാൻ റോയൽസ് വെറും 17.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.