കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന നൃത്തപരിപാടിയിൽ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്.
എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. പരിപാടിയുടെ പ്രധാന സ്പോൺസർമാരായ കല്യാൺ സിൽക്സ് ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും. നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാൺ സിൽക്സ് അടക്കമുള്ള സ്പോൺസർമാരെ കാണുന്നത്.
ടിക്കറ്റ് വെച്ച് നടത്തിയ പരിപാടിയിൽ ബുക്ക് മൈ ഷോയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നടൻ സിജോയ് വർഗീസിനെയും വിളിപ്പിക്കും. സ്ഥാപനവുമായുള്ള താരങ്ങളുടെ സാമ്പത്തിക ഇടപാടുകളാണ് പൊലീസ് പരിശോധിക്കുന്നത്. ഗിന്നസ് പരിപാടിക്കായി ഉണ്ടാക്കിയ കരാർ രേഖകൾ അടക്കം ഹാജരാക്കാൻ ദിവ്യ ഉണ്ണിയോട് ആവശ്യപ്പെടും.
ബ്രാൻഡിംഗ് പാർട്ണർ എന്ന നിലയിലാണ് സഹകരിച്ചതെന്നാണ് നടൻ സിജോയ് വർഗീസ് അറിയിച്ചിരിക്കുന്നത്. സിജോയ് വർഗീസിന് പണം കൈമാറിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഗിന്നസ് പരിപാടിയുമായി സഹകരിച്ച സിനിമ സീരിയൽ താരങ്ങളുടെയും ഗായകരുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാരെയും പ്രതികളാകും. നൃത്ത അധ്യാപകർ വഴിയായിരുന്നു പണപ്പിരിവ്. ഇടനിലക്കാർ എന്ന നിലയിലാണ് ഡാൻസ് ടീച്ചർമാർക്കെതിരെ നടപടി എടുക്കുക. കൂടുതൽ പരാതികൾ കിട്ടിയാൽ അതിനനുസരിച്ച് കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.