ഭീകര ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം പ്രത്യക്ഷപ്പെട്ട് ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് രണ്ട് മുതിര്‍ന്ന വനിതാ സൈനിക ഉദ്യോഗസ്ഥര്‍.
ഇന്ത്യന്‍ സായുധ സേനയിലെ രണ്ട് മുതിര്‍ന്ന വനിതാ ഓഫീസര്‍മാരായ വിംഗ് കമാണ്ടർ വ്യോമിക സിംഗും കേണല്‍ സോഫിയ ഖുറേഷിയുമാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
കേണല്‍ സോഫിയ ഖുറേഷി
ഇന്ത്യന്‍ സൈന്യത്തിലെ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ഓഫീസറാണ് കേണല്‍ സോഫിയ ഖുറേഷി. നിരവധി നേട്ടങ്ങളിലൂടെ ഇന്ത്യന്‍ സൈന്യത്തിൻ്റെ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയാണ് അവര്‍. 35 വയസ് പ്രായമുള്ളപ്പോള്‍ രാജ്യത്തെ പ്രചോദിപ്പിച്ച അവര്‍ അക്ഷരാര്‍ത്ഥത്തിലും പ്രതീകാത്മകമായും മുന്നില്‍ നിന്ന് നയിക്കുന്നു.
2016 മാര്‍ച്ചിൽ ഒന്നിലധികം രാജ്യങ്ങള്‍ പങ്കെടുത്ത ഒരു സൈനിക അഭ്യാസത്തില്‍ ഇന്ത്യയുടെ ഒരു സൈനിക സംഘത്തെ അവര്‍ നയിച്ചിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറെന്ന നേട്ടമാണ് അവർ സ്വന്തമാക്കിയത്. എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്ന് പേരിട്ട ഈ അഭ്യാസം ഇന്ത്യ ഇതുവരെ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ സൈനിക അഭ്യാസമാണ്.
മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് എട്ട് വരെ പൂനെയില്‍ നടന്ന സൈനിക അഭ്യാസത്തില്‍ ആസിയാന്‍ അംഗരാജ്യങ്ങളും ജപ്പാന്‍, ചൈന, റഷ്യ, അമേരിക്ക, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ ആഗോള ശക്തികളും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു.
എല്ലാ പ്രതിനിധി സംഘങ്ങളിലും വെച്ച് ഒരു സംഘത്തെ നയിക്കുന്ന ഒരേയൊരു വനിതാ ഓഫീസര്‍ എന്ന നിലയില്‍ ലെഫ്റ്റനന്റ് കേണല്‍ ഖുറേഷി അന്ന് വേറിട്ടു നിന്നിരുന്നു. അവരുടെ നേതൃത്വത്തിനും സമര്‍പ്പണത്തിനും പ്രവര്‍ത്തന മികവിനുമുള്ള ശ്രദ്ധേയമായ നേട്ടമായിരുന്നു അത്.
ഫോഴ്‌സ് 18-ലെ നേതൃത്വം
40 അംഗ ഇന്ത്യന്‍ സംഘത്തിൻ്റെ കമാന്‍ഡിംഗ് ഓഫീസര്‍ എന്ന നിലയില്‍ സോഫിയ ഖുറേഷി പീസ്‌കീപ്പിംഗ് ഓപ്പറേഷന്‍സ് (പികെഒ), ഹ്യൂമാനിറ്റേറിയന്‍ മൈന്‍ ആക്ഷന്‍ (എച്ച്എംഎ) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നിര്‍ണായക പരിശീലന വിഭാഗങ്ങളിലാണ് ടീമിനെ നയിച്ചത്. എന്നാല്‍, അവരുടെ നിയമനം യാദൃശ്ചികം ആയിരുന്നില്ല. രാജ്യമെമ്പാടുമുള്ള പരിചയ സമ്പന്നരായ പീസ് കീപ്പിംഗ് പരിശീലകരുടെ സംഘത്തില്‍ നിന്നാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
സമാധാന പരിപാലത്തിലെ അവരുടെ അനുഭവം ആഴമേറിയതാണ്. 2006ല്‍ കോംഗോയില്‍ ഐക്യരാഷ്ട്രസഭയുടെ പീസ് കീപ്പിംഗ് ഓപ്പറേഷനില്‍ ഒരു സൈനിക നിരീക്ഷകയായി അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 മുതല്‍ അവര്‍ പികെഒകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അതിന്‌ശേഷം അവര്‍ മികച്ച സംഭാവനകള്‍ നല്‍കി വരുന്ന മേഖലയാണിത്.
ഇന്ത്യന്‍ സൈന്യവുമായി ആഴത്തില്‍ വേരൂന്നിയ ബന്ധമാണ് സോഫിയ ഖുറേഷിക്കുള്ളത്. അവരുടെ മുത്തച്ഛന്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ്. മെക്കണൈസ് ഇന്‍ഫന്‍ട്രിയിലെ ഒരു ഉദ്യോഗസ്ഥനെയാണ് അവര്‍ വിവാഹം കഴിച്ചിരിക്കുന്നത്. സൈന്യത്തിലെ സ്ത്രീകളുടെ ആഖ്യാനത്തെ പുനര്‍നിര്‍വചിക്കാന്‍ സഹായിച്ച ഒരു ഉദ്യോഗസ്ഥയെന്നാണ് സോഫിയ ഖുറേഷി വിശേഷിപ്പിക്കപ്പെടുന്നത്.
കമാണ്ടർ വ്യോമിക സിംഗ്
വിംഗ് കമാണ്ടർ വ്യോമിക സിംഗിനെ കുറിച്ച് ബ്രീഫിംഗ് നോട്ടില്‍ വിശദീകരിച്ചിട്ടില്ലെങ്കിലും ഈ പ്രധാനപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ അവരെ ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ വ്യോമസേനയിലെ അവരുടെ സ്ഥാനത്തെ കുറിച്ചും തന്ത്രപരമായ പങ്കിനെ കുറിച്ചും വ്യക്തമാക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേണല്‍ സോഫിയ ഖുറേഷിക്കും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കുമൊപ്പം അവര്‍ നില്‍ക്കുമ്പോള്‍ അവരുടെ പ്രവര്‍ത്തന മികവിനെ കുറിച്ചും കമാന്‍ഡിംഗ് കഴിവിനെക്കുറിച്ചുമുള്ള വ്യക്തമായ സൂചനയാണ് നല്‍കുന്നത്.