| ശ്രീകാന്ത് പികെ
‘എമർജൻസി’ എന്നൊരു പടം നെറ്റ്ഫ്ലിക്സിൽ കിടപ്പുണ്ട്. തിയേറ്ററിൽ ഇറങ്ങി മൂന്നാം ദിനം മറ്റോ മടക്കിയതാണ്. സംഘികളുടെ സർട്ടിഫൈഡ് നായികയും എം.പിയുമായ കങ്കണ ഇന്ദിരാ ഗാന്ധിയായി വേഷമിട്ടതാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സോണിയാ ഗാന്ധിയേയും മൻമോഹൻ സിംങ്ങിനെയും കോൺഗ്രസ് നേതാക്കളെയുമൊക്കെ അതേ രൂപത്തിലും പേരിലും കാണിച്ച് സംഘപരിവാർ സ്പോൺസേഡ് പ്രൊപ്പഗാണ്ടാ പടങ്ങൾ കോൺഗ്രസിനെതിരെ ഹിന്ദിയിൽ മാത്രം അനേകം ഇറങ്ങിയിട്ടുണ്ട്.
ഇതേ മുരളി ഗോപി എഴുതി അരുൺ കുമാർ അരവിന്ദ് എന്ന പരസ്യമായ സംഘപരിവാർ അനുഭാവി സംവിധാനം ചെയ്ത ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നൊരു പടം പിണറായി വിജയന്റെ രൂപവും ശൈലിയും കാണിച്ച് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാർടിയേയും കൊലയാളികളും അഴിമതിക്കാരുമാക്കി അവതരിപ്പിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലം മാത്രമെടുത്താൽ മലയാളത്തിൽ ഇടത് വിരുദ്ധ – കമ്യൂണിസ്റ്റ് പാർടി വിരുദ്ധവും പാർടിയെ പരിഹസിക്കുന്നതുമായ അനേകം സിനിമകൾ സംഭവിച്ചിട്ടുണ്ട്.
‘ചാവ’ എന്നൊരു പടം കുറച്ച് ദിവസങ്ങൾക്ക് മുന്നേ റിലീസായി. ഛത്രപതി ശിവജിയുടെ മകനും മാറാത്ത സാമ്രാജ്യത്തിലെ രാജാവുമായിരുന്ന സംഭാജി മഹാരാജിനെ കഥാപാത്രമാക്കിയ ആ ഹിന്ദുത്വ പടപ്പിനെ തുടർന്ന് മഹാരാഷ്ട്രയിൽ വലിയ കമ്യൂണൽ ഇഷ്യു തന്നെയുണ്ടായി. ഔറംഗസേബിന്റെ ശവ കുടിരം പൊളിക്കാനുള്ള സംഘപരിവാർ – ശിവസേന ആഹ്വാനവും കലാപ ശ്രമങ്ങളും അതിനെ തുടർന്ന് വമിക്കുന്ന വർഗ്ഗീയ വിഷങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പോലും ഗോഡി മീഡിയകളിൽ ചർച്ചയാണ്.
കാശ്മീർ ഫയൽസ്, കേരള സ്റ്റോറി എന്ന് വേണ്ട ഈ കാലത്ത് സംഘപരിവാർ പ്രൊപ്പഗാണ്ടാ ഫാക്ടറിയിൽ നിന്ന് പുറത്ത് വന്ന ചാണക പടങ്ങൾക്ക് കൈയ്യും കണക്കുമില്ല. മുസ്ലിം വിരുദ്ധത, സെക്കുലർ വിരുദ്ധത, ഇടത് വിരുദ്ധത, ചരിത്രത്തിന്റെ അപനിർമ്മാണം എന്ന് വേണ്ട ഓരോ സിനിമയും ഒന്നിനൊന്ന് മെച്ചം. ഗുജറാത്ത് കലാപത്തെ കുറിച്ച് പ്രാഥമിക പഠനം പോലും നടത്തിയവർക്ക് മറക്കാൻ സാധിക്കാത്ത അല്ലെങ്കിൽ മറക്കാൻ പാടില്ലാത്ത ഒരു പേരാണ് ബാബു ബംജ്രംഗിയുടേത്.
വംശഹത്യയിൽ നേരിട്ട് പങ്കെടുക്കുകയും തന്നെ ഇന്റർവ്യൂ ചെയ്യാൻ വന്നവരുടെ മുന്നിൽ അഭിമാനത്തോടെയും തെല്ലും കൂസലില്ലാതെയും താൻ നടത്തിയ മുസ്ലിം ഹത്യകൾ വാതോരാതെ സംസാരിച്ച ഒരു നരഭോജി.
തെഹൽക്ക നടത്തിയ ഇന്റർവ്യൂവിൽ ബാബു ബജ്രംഗിയോടുള്ള ചോദ്യത്തിന് ‘ അവരെ കൊന്ന് കഴിഞ്ഞപ്പോൾ എനിക്ക് സ്വയം മഹാറാണാ പ്രതാപിനെ പോലെ തോന്നി ‘ എന്നും കുഞ്ഞുങ്ങളെയും സ്ത്രീകളെയുമൊക്കെ വെട്ടി കൊല്ലുമ്പോൾ വിഷമമൊന്നും തോന്നിയില്ലേ എന്ന് ചോദിച്ചപ്പോൾ ‘ഒന്നും തോന്നിയില്ല, അവരെയൊക്കെ ഞങ്ങൾ വെട്ടിയരിഞ്ഞു. എന്തിനാണ് ബാക്കി വെക്കുന്നത്, എല്ലാവരും കൊല്ലപ്പെടേണ്ടവരാണ്, സ്ത്രീകളെയും കുഞ്ഞുങ്ങളെയും എല്ലാവരെയും കൊ ന്നു, വീട്ടിൽ വന്നപ്പോൾ സമാധാനത്തോടെ ഉറങ്ങാൻ സാധിച്ചു’ എന്നാണ് അയാൾ പറഞ്ഞത്. തനിക്ക് ഒരു അവസരം കൂടി കിട്ടിയാൽ ഇനിയും ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊ ല്ലുമെന്നും അയാൾ കൂസലില്ലാതെ ആവർത്തിച്ചു. ആ വീഡിയോയിൽ ബാബു ബംജ്രംഗി വ്യക്തമായി പറയുന്നുണ്ട് . സംഭവമെല്ലാം കഴിഞ്ഞപ്പോൾ നരേന്ദ്ര ഭായിയുടെ സന്ദേശം വന്നെന്നും പേടിക്കേണ്ടെന്നും ജയിലിൽ നിന്നിറക്കാനുള്ളതൊക്കെ ചെയ്യുമെന്നും, നരേന്ദ്ര മോദി മൂന്ന് തവണ ജഡ്ജിയെ മാറ്റിയെന്നും ഒടുവിൽ ജഡ്ജി ഫയൽ തുറന്ന് പോലും നോക്കാതെ ജാമ്യം തന്നെന്നുമൊക്കെ.
ഈ ബാബു ബജ്രംഗിയുടെ പേരിനോട് സാമ്യമുള്ള പേരുള്ള കഥാപാത്രമാണ് എമ്പുരാനിൽ ‘2002- ൽ ഇന്ത്യയിൽ’ നടന്നൊരു കലാപം കാണിച്ച രംഗങ്ങളിലെ വില്ലനും ഉള്ളത്. എമ്പുരാൻ സിനിമയിലെ ആ പേര് അടക്കം മാറ്റുമെന്നും 17 – ഓളം സീനുകളിൽ കത്രിക വീഴുമെന്നുമാണ് സിനിമക്കെതിരെ സംഘപരിവാർ നടത്തുന്ന അക്രമങ്ങളെ തുടർന്ന് ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ. പൃഥ്വിരാജിനെതിരെ അയാളുടെ പിതൃത്വത്തെ വരെ അധിക്ഷേപകരമായ രീതിയിൽ പടച്ചു വിട്ട എഴുത്തുകൾ വന്നു. ഓർക്കണം മല്ലികാ സുകുമാരൻ കുറച്ച് മാസങ്ങൾക്ക് മുന്നേ പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന് വേണ്ടി വോട്ട് ചോദിച്ചു പ്രത്യക്ഷപ്പെട്ട ആളാണ്.
പൃഥ്വിരാജിന് ജിഹാദി ഫണ്ടിങ് ഉണ്ടെന്ന് പറഞ്ഞത് യുവമോർച്ച സംസ്ഥാന നേതാവാണ്. മോഹൽ ലാലിന്റെ കേണൽ പദവി തിരിച്ചെടുക്കാൻ ആവശ്യം പറഞ്ഞത് ബിജെപി ദേശീയ കമ്മിറ്റിയിലുള്ള നേതാക്കൾ. മോഹൻലാലിനെയും പ്രിഥ്വിരാജിനെയും മുരളി ഗോപിയെയും അധിക്ഷേപിച്ചു പോസ്റ്റിട്ടത് ആർ.എസ്.എസിന്റെ പ്രമുഖ നേതാക്കൾ. എന്നിട്ടും ഇവരുടെ സംസ്ഥാന ദേശീയ നേതാക്കളുടെ അടുത്ത് ഏതേലും മാദ്ധ്യമങ്ങൾ മൈക്കും നീട്ടി ചോദ്യങ്ങളുമായി ചെന്നോ?
സി.പി.ഐ.എമ്മിൽ ഏതോ കാലം അംഗമായിരുന്ന ഒരാൾ പെറ്റി കേസിൽ പിടിക്കപ്പെട്ടാൽ പോലും ഡൽഹിയിൽ പോളിറ്റ് ബ്യൂറോ അംഗങ്ങളോട് പ്രതികരണം ചോദിക്കുന്ന ആരേലും, ഇത്ര ക്രൂരമായ ആക്രമണം ഒരു സിനിമയുടെ പേരിൽ ഉണ്ടായിട്ടും ഏതേലും ബിജെപി നേതാവിന് എന്തേലും മറുപടി പറയേണ്ടി വരുന്നുണ്ടോ? എന്നിട്ട് സംഭവിക്കുന്നതോ അവർ ആവശ്യപ്പെട്ട പോലെ സിനിമയിലെ രംഗങ്ങൾ വെട്ടി മാറ്റപ്പെടുന്നു.
നോക്കണം ഇന്ന് മലയാള സിനിമയിലെ ഏറ്റവും ശക്തമായ രണ്ട് ബ്രാന്റഡ് നായക നടന്മാർക്കും അത് പോലെ ശക്തമായ പ്രൊഡക്ഷൻ ഹൗസുകൾക്കുമാണ് ഇത് സംഭവിക്കുന്നത്. അതും അവർ ഒരു സിനിമയിൽ രാജ്യത്ത് നടന്ന ഒരു വർഗ്ഗീയ കലാപത്തെ തങ്ങളുടെ സിനിമയുടെ കുറച്ച് ഭാഗത്ത് ഒരു കഥാപരിസരമായി ഉപയോഗിച്ചു എന്ന പേരിൽ.
കേരളത്തിൽ പടക്കം പൊട്ടിയാൽ പോലും ഫാഷിസമാണെന്ന് പറഞ്ഞ് കവിതയെഴുന്നവർക്കും, ഈ നാട് നശിച്ചു പോയെന്ന് മുതലക്കണ്ണീരൊഴുകുന്നവരൊന്നും കണ്മുന്നിൽ കാണുന്ന ഈ യഥാർത്ഥ ഫാഷിസ്റ്റ് ഇടപെടൽക്കെതിരെ കമാ എന്നൊരക്ഷരം മിണ്ടുന്നില്ല. ഇതൊക്കെ കഴിഞ്ഞ് ഒന്നടങ്ങിയിട്ട് വേണം ജോയ് മാത്യുവിന് കണ്ണൂരിലെ ഈച്ച കടക്കാത്ത പാർടി ഗ്രാമങ്ങളിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധതക്കെതിരെ ഹരീഷ് പേരടിയെ കൊണ്ട് ബിൽ ക്രീം തേച്ച് ഒട്ടിച്ച മുടിയും കണ്ണൂർ ഭാഷ വികൃമാക്കി പറയുന്ന കണ്ണിൽ ചോരയില്ലാത്ത ഒരു ക്രൂരനായ കമ്യൂണിസ്റ്റ് നേതാവിന്റെ വേഷം കെട്ടിച്ച് ഒരു സിനിമ പിടിക്കാൻ.