| ശരണ്യ എം ചാരു
ഇരയ്ക്കൊപ്പമാണ് എന്ന് നിരന്തരം പറയുന്ന ഇടതുപക്ഷ സർക്കാർ എം മുകേഷ് എംഎൽഎയുടെ കാര്യത്തിൽ ഇപ്പൊ കാണിക്കുന്ന ഇരട്ടത്താപ്പ് ഒരു തരത്തിലും, ഒരു ഘട്ടത്തിലും പാർട്ടിക്കോ സർക്കാറിനോ ഗുണം ചെയ്യുന്നൊരു നീക്കമേ അല്ല. സിനിമാനടനും, കൊല്ലം എംഎൽഎയുമായ മുകേഷ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരത്തെ തന്നെ നേരിട്ടയാളാണ്.
ആദ്യ ഭാര്യ നൽകിയ ഗാർഹിക പീഡന കേസ്, പിന്നീട് ഉണ്ടായ ബലാത്സംഗക്കേസ്, ഇപ്പോൾ ഉയർന്നു വന്ന തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി അതീവ ഗൗരവമുള്ള കേസുകൾ നേരിടുന്ന ഒരാളെ ജനപ്രതിനിധിയായി മത്സരിപ്പിച്ചത് തന്നെ ഇടതുപക്ഷം ആദ്യം പരാതി നൽകിയ സ്ത്രീകളോടും, ഇന്നാട്ടിലെ ജനങ്ങളോടും കാണിച്ച വലിയ വഞ്ചനയാണ്.
ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മാത്രം മൂന്ന് സ്ത്രീകളാണ് മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. അയാളുടെ പ്രിവിലേജ്, പണം, അധികാരം എന്നിവയെ ഒക്കെ ഭയന്ന് മിണ്ടാതിരിക്കുന്ന എത്ര സ്ത്രീകൾ പുറത്തുണ്ടാകും എന്ന് നമുക്ക് ഇപ്പോഴും അറിയില്ല. ഇത്തരക്കാരെ ഏതെങ്കിലും തരത്തിൽ സംരക്ഷിക്കുകയോ, വളർത്തുകയോ ചെയ്യാതിരിക്കുക എന്നതും വിസിബിലിറ്റി ഉണ്ടാക്കി കൊടുക്കാതിരിക്കുക എന്നതുമായിരിക്കണമായിരുന്നു ഇടതിന്റെ ധർമ്മം.
അതിന് വിരുദ്ധമായാണ് ഇരകൾക്കൊപ്പമെന്ന് അടിക്കടി പറയുന്ന ഇടതുപക്ഷം നേരത്തെ തന്നെ നീങ്ങിയിട്ടുള്ളതെന്നാണ് ആദ്യ ആരോപണം നിലനിൽക്കെ തന്നെ അയാളെ കൊല്ലത്ത് മത്സരിപ്പിച്ചതിൽ നിന്നും മനസ്സിലാക്കേണ്ടത്. എന്നാൽ ഇപ്പോൾ സ്ഥിതി കുറെ കൂടി രൂക്ഷമാണെന്ന് സർക്കാരും പാർട്ടിയും തിരിച്ചറിയേണ്ടതുണ്ട്. ഇത്രയേറെ ആരോപണങ്ങൾ നേരിടുന്നൊരാൾ എന്ന നിലയിൽ എം മുകേഷ് എംഎൽഎയെ കൊണ്ട് ജനപ്രതിനിധി സ്ഥാനം രാജി വയ്പ്പിക്കുക എന്നതിൽ കുറഞ്ഞ ഒരു നീതിയും നിങ്ങൾക്കിനി ഇരകളോടും പ്രസ്ഥാനത്തെ വിശ്വസിച്ചു വോട്ട് ചെയ്ത് ജനങ്ങളോടും ചെയ്യാനില്ല.
സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്ന് അയാളെ ഒഴിവാക്കികൊണ്ട് മാത്രം പരിഹരിക്കാവുന്ന കുറ്റകൃത്യങ്ങൾ അല്ല മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഉള്ളത്. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ തീവ്രത കുറഞ്ഞ പീഡനമോ ആരോപണമോ അല്ല ഉണ്ടായിട്ടുള്ളത് എന്നിരിക്കെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് കേസ് അന്വേഷണം അവസാനിക്കുന്നത് വരെ എങ്കിലും അയാളെ ജനപ്രതിനിധി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുകയോ, ജനാധിപത്യത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് കൊണ്ട് അയാൾ സ്വയം മാറി നിൽക്കാൻ തയ്യാറാവുകയോ ചെയ്യേണ്ടതുണ്ട്.
രണ്ടാമത്തേതിന് സാധ്യതയില്ലെന്നിരിക്കെ, രാജി ആവശ്യപ്പെടുക എന്നതിലേക്ക് സർക്കാരും, പാർട്ടിയും നീങ്ങിയില്ലെങ്കിൽ അത് കേരളീയ സ്ത്രീ സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ഇത്തരം ആരോപണം ഉയർന്നപ്പോൾ അവർ മാറി നിന്നിട്ടുണ്ടോ എന്ന ചോദ്യം തിരിച്ചു ചോദിക്കുന്ന സർക്കാരും, പാർട്ടി പ്രതിനിധികളും സ്വയം പരിഹസിക്കുന്നത് “ഇരയ്ക്കൊപ്പമെന്ന’ നിങ്ങളുടെ തന്നെ പ്രസ്താവനയെ ആണെന്ന് മറക്കരുത്. ഒന്നുകിൽ ഇരയ്ക്കൊപ്പം, അല്ലെങ്കിൽ വേട്ടക്കാരനൊപ്പം. രണ്ടിൽ ഒന്നേ സാധ്യമാകൂ.























