അമിത വേഗതയിൽ ഇടിച്ചു വീഴ്ത്തിയ കാർ വീണ്ടും ദേഹത്ത് കൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും. പ്രേരണ കുറ്റമാണ് ചുമത്തുക. കൊല്ലം മൈനാഗപ്പള്ളിയിലെ സംഭവത്തിലെ പ്രതി അജ്‌മലിനെതിരെ മുമ്പും കേസുകൾ ഉണ്ട്. ചന്ദനക്കടത്തടക്കം അഞ്ചു കേസിലെ പ്രതിയാണ് അജ്‌മൽ എന്ന് കൊല്ലം റൂറൽ എസ്.പി കെഎം സാബു മാത്യു അറിയിച്ചു.
അതേസമയം, കാർ ഇടിച്ച് അപകടം ഉണ്ടായിട്ടും വാഹനം നിർത്താതെ കടന്നു കളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് രണ്ടാഴ്‌ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഒരു യുവതി മരിക്കുകയും ഒപ്പം ഉണ്ടായിരുന്ന ബന്ധു ചികിത്സയിലുമാണ്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ ആണ് മരിച്ചത്.
സംഭവസമയത്ത് കാർ ഓടിച്ച അജ്‌മൽ മദ്യലഹരിയിൽ ആയിരുന്നുവെന്ന് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ അജ്‌മലിനെ പതാരത്ത് എന്ന സ്ഥലത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. സംഭവസമയത്ത് കാറിൽ ഒപ്പം ഉണ്ടായിരുന്ന വനിതാ ഡോക്ടറെ ആശുപത്രി അധികൃതർ പുറത്താക്കി. വലിയത്ത് ആശുപത്രിയിൽ നിന്നാണ് ശ്രീക്കുട്ടിയെ പുറത്താക്കിയത്. ആശുപത്രിക്ക് കളങ്കമുണ്ടാക്കുന്ന നടപടിയെന്നാണ് നടപടിയിൽ അധികൃതരുടെ വിശദീകരണം.























