ഇഡിക്കെതിരെ (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ആസ്ഥാനത്ത് റെയ്‌ഡ് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ആസ്ഥാനവുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണവും റെയ്‌ഡും സുപ്രിം കോടതി സ്‌റ്റേ ചെയ്‌തു.
കോര്‍പറേഷനെതിരെ ഇഡി എങ്ങനെയാണ് കുറ്റം ചുമത്തിയതെന്ന് ചോദിച്ച സുപ്രിം കോടതി ഇഡി എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. ഫെഡറല്‍ ഘടനയെ പൂര്‍ണമായും ഇഡി ലംഘിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയും ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജും ഉള്‍പ്പെട്ട ബെഞ്ചാണ് ഇഡിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഒരു സര്‍ക്കാര്‍ ബോഡിക്കെതിരെ നടപടി സ്വീകരിക്കുക വഴി ഇഡി ഭരണഘടന മൂല്യങ്ങള്‍ക്ക് തന്നെ എതിരായി പ്രവര്‍ത്തിച്ചു എന്നാണ് കോടതിയുടെ നിരീക്ഷണം.
തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനുമായി ബന്ധപ്പെട്ട 1000 കോടി രൂപയുടെ അഴിമതിയില്‍ ഇഡി അന്വേഷണം തുടരാന്‍ അനുവദിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. സംഭവത്തില്‍ കോടതി ഇഡിയ്ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവാണ് ഇഡിക്ക് വേണ്ടി ഹാജരായത്. ഉടന്‍ തന്നെ മറുപടി അറിയിക്കാമെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് ആറ് മുതല്‍ എട്ടാം തിയതി വരെയാണ് റെയ്‌ഡ് നടന്നത്. കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ മദ്യത്തിന് അമിത വില ഈടാക്കിയും ടെന്‍ഡറില്‍ കൃത്രിമത്വം കാണിച്ചും കൈക്കൂലി വാങ്ങിയും 1000 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.