3 April 2025

ഇലോൺ മസ്കിന്റെ നാസി സല്യൂട്ടും ട്രമ്പിന്റെ ഇനാഗുറേഷൻ പരിപാടിയും

പനാമ കനാൽ പിടിച്ചെടുക്കും, ഗ്രീൻലാന്റ് അമേരിക്കയുടെ ഭാഗമാക്കും, കാനഡ അമേരിക്കയുടെ 51 - ആം സംസ്ഥാനമാക്കും എന്നൊക്കെയുള്ള സർവ്വ മര്യാദകളും ലംഘിച്ചുള്ള പ്രഖ്യാപനങ്ങളാണ് 'അമേരിക്കൻ ജനാധിപത്യം' ആധുനിക ലോകത്തോട് ഈ 2025-ൽ പറയുന്നത്.

| ശ്രീകാന്ത് പികെ

ഡൊണാൾഡ് ട്രമ്പിന്റെ ഇനാഗുറേഷൻ പരിപാടിയിൽ നാസി സല്യൂട്ട് ചെയ്തത് കണ്ടപ്പോൾ എന്ത് തോന്നി..? കൂടുതൽ ഒന്നും തോന്നാൻ ഇല്ല, ലിബറൽ ഡെമോക്രസി എന്ന കോമാളിത്തരം അതിന്റെ സ്വാഭാവിക അപ്ഡേഷനായ ഫാസിസത്തിലേക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു. ജർമ്മനിയിൽ നാസി സല്യൂട്ട് പ്രദർശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണ്. നാസി സല്യൂട്ട് മാത്രമല്ല സ്വസ്തിക അടക്കമുള്ള നാസി ചിഹ്നങ്ങൾ പൊതു മധ്യത്തിൽ പ്രദർശിപ്പിക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

AfD, അഥവാ ആൾട്ടർനേറ്റീവ് ഫോർ ജർമനി എന്നത് നാത്സി ആശയങ്ങളോട് കൂറു പുലർത്തുന്ന ജർമനിയിലെ ഒരു തീവ്ര വലതു പക്ഷ പാർടിയാണ്. ഈ പാർടി വരാൻ പോകുന്ന ജർമൻ പാർലിമെന്റ് ഇലക്ഷനിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്ന പാർടിയാകുമെന്നോ, ഒരുവേള അധികാരം പോലും നേടുമെന്നോ പറയപ്പെടുന്നുണ്ട്. തീവ്ര കുടിയേറ്റ വിരുദ്ധത , മുസ്ലിം വിരുദ്ധത, ലൈംഗീക ന്യൂനപക്ഷ വിരുദ്ധത, കമ്യൂണിസ്റ്റ് വിരുദ്ധത, തീവ്ര ദേശീയത, കൺസർവേറ്റിസം എന്നിങ്ങനെ ഒരു ശരാശരി വലതുപക്ഷ പാർടിയുടെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ AfD മുന്നേ തന്നെ ജർമനിയിലെ ചില സ്റ്റേറ്റ് ഇലക്ഷനിൽ വമ്പിച്ച മുന്നേറ്റമുണ്ടാക്കിയിരുന്നു.

ഈ പാർടിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിനിങ് പോസ്റ്ററുകളിൽ ചില സൂത്രപ്പണികൾ അവർ ഒപ്പിക്കും. ഉദാഹണത്തിന് ഒരു പോസ്റ്ററിൽ ഒരു അച്ഛനും അമ്മയും നാസി സല്യൂട്ട് ചെയ്ത് മുഖത്തോട് മുഖം നോക്കി നിൽക്കുന്നു. പക്ഷേ അവരുടെ കൈ വിരൽ തുമ്പുകൾ പരസ്പരം സ്പർശിക്കുന്നുണ്ട്. അപ്പോൾ അത് ‘ഇൻവേർട്ടഡ് V’ ഷേപ്പിൽ വീടിന്റെ ആകൃതിയിൽ വരും. അതിന് താഴെ ഒരു കുഞ്ഞും. അതായത് പോസ്റ്ററിൽ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നു എന്ന വ്യാജേന ജനങ്ങളുടെ മുന്നിലേക്ക് നാസി സല്യൂട്ട് മുന്നോട്ട് വെക്കുന്നു.

മറ്റൊരു പോസ്റ്റർ സ്കൂൾ വണ്ടിയിൽ പോകുന്ന കുട്ടിയും രക്ഷിതാവും പരസ്പരം ബൈ പറയുന്ന രീതിയിൽ നാസി സല്യൂട്ട് കാണിക്കുന്നതാണ്. ജർമനിയിലെ സാമ്പ്രദായിക വലത് – സെന്റർ റൈറ്റ് പാർടികളെ ഒഴിവാക്കി ഈ നിയോ നാസി പാർടിയുടെ നേതാക്കളെയാണ് ട്രംമ്പിന്റെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇലോൺ മസ്ക് പ്രദർശിപ്പിച്ച നാസി സല്യൂട്ടും AfD ഉപയോഗിക്കുന്ന അതേ ട്രിക്കിലൂടെയാണ് ചെയ്തത്. ഹൃദയത്തിൽ തൊട്ട് ജനങ്ങളിലേക്ക് കൈ വീശി നാസി സല്യൂട്ട് കാണിക്കുന്ന രൂപത്തിലാണ് മസ്ക് കൈ വീശിയത്. കാണുന്ന മുഴുവൻ പേർക്കും അതെന്താണെന്ന് മനസിലായി, പക്ഷേ സാങ്കേതികമായി നിങ്ങൾക്കത് നാസി സല്യൂട്ട് ആണെന്ന് തെളിയിക്കാൻ പറ്റില്ല.

AfD നേതാക്കൾ മാത്രമല്ല ലോകത്താകമാനമുള്ള ഫാർ റൈറ്റ് പാർടികളുടെ നേതാക്കളാണ് ട്രമ്പിന്റെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടതും പങ്കെടുക്കുന്നതും. പരസ്യമായി മുസോളിനി ആരാധികയാണെന്ന് തുറന്ന് പറഞ്ഞ ഇറ്റാലിയൻ പ്രൈം മിനിസ്റ്റർ, അർജന്റീനിയൻ ഭരണാധികാരി, ഇന്ത്യയിൽ നിന്ന് വിദേശ കാര്യ മന്ത്രി ജയശങ്കർ എന്നിവരൊക്കെ അതിൽ ചിലത്. ബ്രസീലിയൻ മുൻ പ്രസിഡന്റ് ബോൾസനാരോയെ ക്ഷണിച്ചെങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറി കേസിനെ തുടർന്ന് സുപ്രീം കോടതി പാസ്പോർട്ട് കണ്ട് കെട്ടിയതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല.

അതി സമ്പന്നന്മാരായ ബില്യണയർമാരുടെ കൂട്ടമാണ് ട്രമ്പ് ക്യാബിനറ്റ്. അത് പിന്നെ എല്ലാ കാലത്തും അമേരിക്കയിൽ അങ്ങനെ തന്നെയായിരുന്നു . കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്നതാണ് അമേരിക്കൻ രാഷ്ട്രീയം. പലപ്പോഴും സാധാരണക്കാരുടെ തലച്ചോറിന് മില്യണും ബില്യണും എളുപ്പം തരം തിരിക്കാൻ സാധിക്കാറില്ല. ആയിരം മില്യൺ ആണല്ലോ ഒരു ബില്യൺ.

വിവിധ ഏജൻസികളുടെ കണക്കുകൾ പ്രകാരം ഇലോൺ മസ്ക്കിന്റെ മൊത്തം ആസ്തി 333 – 416 ബില്യൺ ഡോളർ ആണ്. അതായത് നമ്മൾ ഒരു സെക്കന്റിൽ ഒരു ഡോളർ വച്ച് സമ്പാദിച്ചാൽ ഇലോൺ മസ്കിന്റെ ആസ്തിയുടെ അത്രയും സമ്പാദിക്കാൻ അടുത്ത 7,300 -7,500 വർഷങ്ങൾ വേണ്ടി വരും..! ഇത്തരത്തിൽ 13 – ൽപ്പരം മൾട്ടി ബില്യണയർമാരാണ് പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ ക്യാബിനറ്റിൽ ആ നാട്ടുകാർക്കും ലോകത്തിനും വേണ്ട നയങ്ങൾ രൂപീകരിക്കാൻ പോകുന്നത്.

പാരീസ് ക്ലൈമറ്റ് അക്കോർഡിൽ നിന്ന് അമേരിക്ക പിന്മാറി, WHO യിൽ നിന്ന് പുറത്ത് വരിക ആണെന്ന് പ്രഖ്യാപിച്ചു, പല മൂന്നാം ലോക രാജ്യങ്ങൾക്കും, സസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പല അന്താരാഷ്ട്ര ഫണ്ടുകളും നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കയിൽ ട്രാൻസജന്റർ നയം തിരുത്തുമെന്നും, ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമാക്കുമെന്നും നേരത്തെ തന്നെ ട്രമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ ലിബറൽ ജനാധിപത്യ വാദികളുടെ പറൂദിസ.. സോ കോൾഡ് ഓൾഡസ്റ്റ് ഡെമോക്രസി.

ഈ അമേരിക്കൻ ഡെമോക്രസിയുടെ ആരാധകരാണ് ജനാധിപത്യത്തെ കുറിച്ച് വാചാലരായി ക്യൂബയിലെ മുതൽ ചൈനയിലെ വരെ ജനാധിപത്യത്തെ ഓർത്ത് കുണ്ഠിതപ്പെടുക. ബാലറ്റ് പേപ്പറിലൂടെ ഫാഷിസ്റ്റുകളെ തെരഞ്ഞെടുത്താലൊന്നും അവർക്ക് കുഴപ്പമില്ല, ഇടയ്ക്കിടെ വോട്ട് ചെയ്തു എന്ന് തോന്നലുണ്ടാക്കിയാൽ ജനാധിപത്യമായി. ജനാധിപത്യത്തിന്റെ പത്ത് അടിസ്ഥാന ആശയങ്ങളെടുത്താൽ ഒൻപതാമതോ പത്താമതോ മാത്രം വരുന്ന തെരഞ്ഞെടുപ്പ് എന്ന ആശയം ഇവർ ഒന്നാമതും ഒരേയൊന്നുമായ ഡെമോക്രാറ്റിക്കൽ വാല്യൂ ആക്കി അവതരിപ്പിക്കും.

പൗരന്മാരെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കുന്ന, മെച്ചപ്പെട്ട പാർപ്പിടവും തൊഴിലും അവസര സമത്വവും നൽകുന്ന, മികച്ച പൊതു ജനാരോഗ്യ സംവിധാനവും പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളും, ഗ്രാമീണ വികസനവും, മികച്ച ഇൻഫ്രാസ്ട്രക്ച്ചറും, ജനങ്ങൾക്ക് മികച്ച ആയുർദൈർഘ്യവും, കുറഞ്ഞ മാതൃ – ശിശു മരണ നിരക്കുകളുമൊക്കെയായി തങ്ങളുടെ പൗരന്മാർക്ക് അന്തസ്സുള്ള ജീവിതം നൽകുന്ന ഒരു സിസ്റ്റത്തെ നോക്കി അവർ ചോദിക്കും, നിങ്ങളുടെ പ്രസിഡന്റിനെ പരിഹസിച്ചു സ്റ്റാന്റ് അപ്പ് കോമഡി ചെയ്യാൻ പറ്റുമോ എന്ന്.

സോവിയറ്റ് യൂണിയനിൽ കമ്യൂണിസ്റ്റ് പാർടി അധികാരം പിടിച്ചതിന്റെ അടുത്ത വർഷം 1918 – ലാണ് സ്ത്രീകൾക്കും വോട്ടവകാശം നൽകിക്കൊണ്ടുള്ള നിയമം നടപ്പിലാക്കിയത്. സോ കോൾഡ് അമേരിക്കൻ ജനാധിപത്യം അതിനെടുത്തത് ഒന്നേകാൽ നൂറ്റാണ്ടിനും മേലെയാണ്, 1920- ൽ !. ഇത് മാത്രമല്ല ഈക്വൽ പേ, വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്ള അവകാശങ്ങൾ, ട്രാൻസ് ജെന്റർ അവകാശങ്ങൾ, കൂലി വർദ്ധനവ്, തൊഴിൽ സമയം, ഇൻഷുറൻസ് അങ്ങനെ പല അവകാശങ്ങളും സോവിയറ്റ് യൂണിയൻ 30 കൾക്ക് മുന്നേ നടപ്പിലാക്കുകയും, ആ സോവിയറ്റ് സ്വാധീനം പടിഞ്ഞാറൻ ലോകത്ത് വ്യാപിക്കുന്നത് തടയാനുമാണ് അവിടങ്ങളിലും അതിൽ പല അവകാശങ്ങളും നടപ്പിലാക്കാൻ നിർബന്ധിതമായതും.

പിന്നീട് കോൾഡ് വാർ കാലം മുതലുള്ള പ്രൊപ്പഗാണ്ടയാണ് സോവിയറ്റ് റഷ്യയും ചൈനയും മുതൽ ലിബറൽ ഡെമോക്രസിയുടെ വട്ടത്തിൽ നിലക്കാത്ത മറ്റെല്ലാ ജനാധിപത്യത്തെയും ഏകാധിപത്യമെന്ന് അമേരിക്കൻ ലോകം ലാബൽ ചെയ്തതും പാണന്മാർ പതിറ്റാണ്ടുകളായി അതേറ്റു പാടുന്നതും. പനാമ കനാൽ പിടിച്ചെടുക്കും, ഗ്രീൻലാന്റ് അമേരിക്കയുടെ ഭാഗമാക്കും, കാനഡ അമേരിക്കയുടെ 51 – ആം സംസ്ഥാനമാക്കും എന്നൊക്കെയുള്ള സർവ്വ മര്യാദകളും ലംഘിച്ചുള്ള പ്രഖ്യാപനങ്ങളാണ് ‘അമേരിക്കൻ ജനാധിപത്യം’ ആധുനിക ലോകത്തോട് ഈ 2025-ൽ പറയുന്നത്.

ലോകം മുഴുവൻ യുദ്ധം വിതക്കുന്ന, തീവ്രവാദ ഗ്രൂപ്പുകളെ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന, കോർപ്പറേറ്റുകളെ തീറ്റി പോറ്റുന്ന, തങ്ങൾക്ക് വിധേയപ്പെടാത്ത രാജ്യങ്ങളിൽ സൈന്യത്തെ അയച്ചോ അഭ്യന്തര കലാപമുണ്ടാക്കിയോ അട്ടിമറി നടത്തുന്ന, ലോകം നൂറ്റാണ്ടുകൾ കൊണ്ട് ആർജ്ജിച്ച എല്ലാ ആധുനിക മൂല്യങ്ങളെയും ഇല്ലാതാക്കി പിന്നോട്ട് നടത്തുന്ന ഈ ലിബറൽ ജനാധിപത്യമെന്ന കോമാളിത്തരം മാത്രമാണ് ഒരേയൊരു ജനാധിപത്യമെന്നാണ് അവർ നമ്മളോട് പറയുന്നത്. മുസോളിനിയുടെ തന്നെ നിർവ്വചന പ്രകാരം കോർപ്പറേറ്റ് താല്പര്യങ്ങളും ഭരണകൂട താല്പര്യങ്ങളും ഒരുപോലെ സമ്മേളിക്കുന്ന ഫാസിസ്റ്റ് കാലം.

ഇന്ന് മഹാനായ ലെനിന്റെ ഓർമ്മ ദിവസമാണ്. ലെനിൻ ഓർമ്മയായിട്ട് 101 വർഷങ്ങൾ. 80 വർഷങ്ങൾക്ക് മുന്നേ നാസി സല്യൂട്ടും പ്രദർശിപ്പിച്ച് ലോകത്തെ പിടിച്ചടക്കുമെന്ന് ഇതുപോലെ വെല്ലു വിളിച്ച് നടന്നവന്മാരുടെ നെഞ്ച് അരിപ്പയാക്കിയും വിളക്ക് കാലിൽ കെട്ടി തൂക്കിയും ലോകത്തെ രക്ഷിച്ചത് സ്റ്റാലിന്റെ സോവിയറ്റ് ചെമ്പടയാണ്. അന്ന് ബാക്കി വന്ന നാസി കളെയും പെറുക്കി കൂട്ടി കൊണ്ട് പോയി നാസയിൽ മുതൽ സി.ഐ.എയിൽ വരെ അടയിരുത്തിയതാണ് ലോകത്തിലെ പഴക്കം ചെന്ന ഈ അമേരിക്കൻ ലിബറൽ ജനാധിപത്യം.

Share

More Stories

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2500 കിലോ ലഹരി വസ്‌തുക്കൾ പിടിച്ചെടുത്ത് ഇന്ത്യൻ നാവികസേന

0
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട. 2500 കിലോ ലഹരി വസ്‌തുക്കൾ ഇന്ത്യൻ നാവിക സേന പിടിച്ചെടുത്തു. സംശയാസ്‌പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്‌തുക്കള്‍ കണ്ടെടുത്തത്. ബോട്ടിൽ ഉണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു....

പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും നാടൻ തോക്കുകളും പോലീസ് പിടികൂടി

0
മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി. മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറിക്കടയിൽ നിന്നാണ് പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവും രണ്ട് തോക്കുകളും തിരകളുമാണ് പിടിച്ചെടുത്തത്. മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്‌തു....

ചൂടേറിയ ചർച്ചകൾക്ക് ഇടയിൽ വഖഫ് ഭേദഗതി നിയമം -2025 ബിൽ അവതരിപ്പിച്ചു

0
2025-ലെ വഖഫ് ഭേദഗതി നിയമം ബുധനാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ചു. ഇത് രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്....

ഗുജറാത്തിൽ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു; ഒരു പൈലറ്റ് മരിച്ചു

0
ഇന്ത്യൻ വ്യോമസേനയുടെ ഒരു ജാഗ്വാർ യുദ്ധവിമാനം ഗുജറാത്തിലെ ജാംനഗറിൽ തകർന്നു വീണു. അപകടത്തിന് മുമ്പ് ഒരു പൈലറ്റ് വിജയകരമായി പുറത്തേക്ക് ചാടിയെങ്കിലും മറ്റൊരാളെ ഗ്രാമവാസികൾ മരിച്ച നിലയിൽ കണ്ടെത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ...

ഐപിഎൽ 2025: ബിസിസിഐ സിഒഇയുടെ അനുമതി; സഞ്ജു വീണ്ടും ക്യാപ്റ്റൻസിയിലേക്ക്

0
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് (സിഒഇ) അനുമതി ലഭിച്ചു, ഒരു കാലയളവിനുശേഷം വിക്കറ്റ് കീപ്പിംഗ് ചുമതലകൾക്കൊപ്പം മുഴുവൻ സമയ നേതൃത്വ റോളും പുനരാരംഭിക്കും. റിയാൻ...

ഇന്ത്യയിൽ ഇടതുപക്ഷ പാർട്ടികൾക്ക് മാത്രമേ ‘ഹിന്ദുത്വ’ ശക്തികളെ നേരിടാൻ കഴിയൂ: പ്രകാശ് കാരാട്ട്

0
ഇന്ത്യയിൽ ഹിന്ദുത്വ ശക്തികളുടെ ഉയർച്ചയെ ഫലപ്രദമായി ചെറുക്കാനുള്ള പ്രത്യയശാസ്ത്ര ശക്തിയും പ്രതിബദ്ധതയും ഇടതുപക്ഷത്തിന് മാത്രമാണെന്ന് സിപിഐ എം മുതിർന്ന നേതാവും പാർട്ടി പൊളിറ്റ് ബ്യൂറോ കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട് . ബുധനാഴ്ച മധുരയിൽ...

Featured

More News