ഇന്ത്യയുമായുള്ള സംഘർഷം സാമ്പത്തിക, വിദേശ, പരിഷ്‌കരണ ലക്ഷ്യങ്ങൾക്കുള്ള അപകട സാധ്യത വർദ്ധിപ്പിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. വാർഷിക ബജറ്റ് 17,60,000 കോടിയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. വൈദ്യുതി ബില്ലിനത്തിലെ ബാധ്യത തീർക്കുന്നതിനായി സർചാർജ് വർധന, മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കാനും പാക്കിസ്ഥാന് മേൽ ചുമത്തിയ പുതിയ വ്യവസ്ഥകളിൽ പറയുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾ തുടരുകയോ കൂടുതൽ വഷളാവുകയോ ചെയ്‌താൽ സാമ്പത്തിക, ബാഹ്യ, പരിഷ്‌കരണ ലക്ഷ്യങ്ങൾക്കുള്ള അപകട സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് ഐഎംഎഫ് ശനിയാഴ്‌ച പുറത്തിറക്കിയ സ്റ്റാഫ് ലെവൽ റിപ്പോർട്ടിൽ പറഞ്ഞതായി എക്‌സ്പ്രസ് ട്രിബ്യൂൺ പത്രം പറഞ്ഞു. പുതിയ ഉപാധികൾ കൂടി വരുന്നതോടെ ധനസഹായത്തിനായി പാക്കിസ്ഥാന് മുന്നിൽ ഐഎംഎഫ് വയ്ക്കുന്ന ഉപാധികൾ 50 ആയി.
2,414 ബില്യൺ പാക്കിസ്ഥാൻ രൂപയാണ് പാക്കിസ്ഥാൻ്റെ വരാനിരിക്കുന്ന പ്രതിരോധ ബജറ്റ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനം വർധനയാണ് ഇതിലുള്ളത്. ഈ മാസം ആദ്യം പാക്ക് സർക്കാർ പ്രതിരോധ ബജറ്റ് വിഹിതം ഉയർത്തിയിരുന്നു. 2,500 ബില്യൺ രൂപ ഇതിനായി നീക്കി വെക്കാനായിരുന്നു നീക്കം. ഇത് ഐഎംഎഫ് നിർദേശത്തിന് എതിരാണ്.