നാടും നഗരവും വൃത്തിയാക്കി സൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. നിർഭാഗ്യവശാൽ ഇന്ന് കേരളം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ എല്ലായിടവും വൃത്തയായി സൂക്ഷിക്കുന്നതിന് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നതിന് കുറവില്ല.
മാലിന്യം തള്ളുന്നവർക്ക് പിഴയും തടവും ഈടാക്കുന്നതിന് മന്ത്രിസഭാ കരട് ഓർഡിനൻസ് അംഗീകരിച്ചിട്ടുണ്ട്. പൊതുനിരത്തിലോ ജലാശയത്തിലോ മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ആറുമാസം മുതൽ ഒരു വർഷം വരെ തടവും ലഭിക്കും. മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചുകൊടുക്കുന്നതിന് പാരിദോഷികവും, തെറ്റായ വിവരം നൽകുന്നവർക്ക് പിഴയും നൽകും.

വീടുകളിൽ എത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമ സേനക്ക് യൂസർ ഫീ ഏർപ്പെടുത്തിയിട്ടുണ്ട്. അതിദരിദ്രവിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കി. അതാത് ഗ്രാമസഭകളാണ് ഇത്തരത്തിൽ അതിദരിദ്രവിഭാഗത്തെ കണ്ടെത്തുന്നത്. തദ്ദേശസ്ഥാപങ്ങളാണ് യൂസർ ഫീ നിശ്ചയിക്കുന്നത്. ഫീ നൽകാത്തവർക്ക് തദ്ദേശസ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ നൽകില്ല. കൂടാതെ യൂസർ ഫീ നൽകാത്തവരുടെ കുടിശികതുക 50 ശതമാനം പിഴയോട് കൂടി വീട്ടു നികുതിയിലെ കുടിശികയായി കണക്കാക്കും.
വീട്ടിൽ വന്ന് മാലിന്യം ശേഖരിച്ചിട്ടും ആളുകളും പല സ്ഥാപങ്ങളും കൃത്യമായി മാലിന്യ നിർമാർജനത്തിൽ പങ്കാളികളാകുന്നില്ല. ഇതിന് മാറ്റം വരുത്തുന്നതിനാണ് പുതിയ പദ്ധതികൾ.
നാട്ടിലെ മുഴുവൻ മാലിന്യവും ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ച് കേരളത്തെ ശുചിത്വ പദവിയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. മാലിന്യസംസ്ക്കരണം കാര്യക്ഷമമാക്കാൻ 1300 കോടിയുടെ 8200 പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.























