ഡൽഹിയിലെ ഷഹ്ദാരയിലെ രാം നഗർ പ്രദേശത്തെ ഇ- റിക്ഷ ചാർജിംഗ്, പാർക്കിംഗ് സ്റ്റേഷനിൽ ഞായറാഴ്‌ച രാവിലെ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് കൗമാരക്കാർ വെന്തുമരിച്ചു. നാല് പേർക്ക് പൊള്ളലേറ്റതായി അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിൽ നിന്നുള്ള ബ്രിജേഷ് (19), മണിറാം (18) എന്നിവരാണ് തീപിടുത്തത്തിൽ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
തീ പടർന്ന് അകത്ത് കുടുങ്ങിയപ്പോൾ ഇരുവരും ഉറങ്ങുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം അവശിഷ്‌ടങ്ങളിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഷഹദാര) പ്രശാന്ത് ഗൗതം പ്രസ്‌താവനയിൽ പറഞ്ഞു.
രാവിലെ 6.40 ഓടെയാണ് തീപിടിത്തമുണ്ടായത്. ഇ- റിക്ഷകൾക്കുള്ള ഗോഡൗൺ- കം- പാർക്കിംഗ്, ചാർജിംഗ് സ്റ്റേഷൻ, കരിമ്പ് ജ്യൂസ് മെഷീനുകൾ സൂക്ഷിക്കുന്നതിനുള്ള ഒരു സംഭരണശാല എന്നിവയായി ഇത് പ്രവർത്തിച്ചിരുന്നു. ഷാഹ്ദാരയിലെ രാം നഗർ പ്രദേശത്തെ മോത്തി റാം റോഡിലെ രാം മന്ദിറിനടുത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്, ഏകദേശം 300 മുതൽ 400 ചതുരശ്ര യാർഡ് വരെ വിസ്‌തീർണ്ണമുണ്ട്.
രാവിലെ 6.40ന് ഒരു കോൾ ലഭിച്ചതായും ഉടൻ തന്നെ അഞ്ച് ഫയർ ടെൻഡറുകൾ സ്ഥലത്തേക്ക് അയച്ചതായും ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) അറിയിച്ചു.
“തീപിടിത്തം വളരെ വലുതായിരുന്നു, ഞങ്ങളുടെ ടീമുകൾ എത്തുമ്പോഴേക്കും ഷെഡിൻ്റെ ഭൂരിഭാഗവും വിഴുങ്ങിയിരുന്നു. രാവിലെ 8.30 ഓടെ തീ നിയന്ത്രണ വിധേയമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഓപ്പറേഷനിൽ, സ്ഥലത്ത് നിന്ന് രണ്ട് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഞങ്ങൾ കണ്ടെടുത്തു,” ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു.
പൊള്ളലേറ്റ നാലുപേരെയും ചികിത്സയ്ക്കായി ഗുരു തേജ് ബഹാദൂർ (ജിടിബി) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ടികംഗഡിലെ ഭവായ് നിവാസിയായ ഹരിശങ്കർ (19), ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ മഹാരാജ്ഗഞ്ച് സ്വദേശികളായ റിങ്കു (18), മുകേഷ് (22), വിപിൻ (19) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ആറ് പേരും ഇ- റിക്ഷകളിൽ കരിമ്പ് ജ്യൂസ് വിൽക്കുകയും ഷെഡിൽ താമസിക്കുകയും ചെയ്‌തിരുന്നതായി പോലീസ് പറഞ്ഞു. ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതി ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ സംശയിക്കുന്നു.
പരിസരത്തിൻ്റെ അഗ്നി സുരക്ഷാ പാലനം പരിശോധിക്കുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗോഡൗൺ വാടകക്ക് എടുത്തതും സ്ഥലത്തിൻ്റെ ചുമതലയുള്ളതുമായ വിനോദ് റാത്തോഡ് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്‌തു.
“നിയമനടപടി സ്വീകരിച്ചു വരികയാണ്. റാത്തോഡിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് ഷെഡിലുണ്ടായിരുന്ന തൊഴിലാളികളുടെ സാന്നിധ്യത്തെ കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും ചോദ്യം ചെയ്‌തു വരികയാണ്,” -പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഷെഡിൽ അടിസ്ഥാന അഗ്നി സുരക്ഷാ ഉപകരണങ്ങൾ പോലും ഉണ്ടായിരുന്നില്ല.