ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത് മൂന്ന് സേനകളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ 1: 44 ന് നടത്തിയ ഓപ്പറേഷനില്‍ കര, നാവിക, വ്യോമസേനകള്‍ ഒരുമിച്ചു ചേര്‍ന്ന് പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ഒന്‍പത് ഇടങ്ങളിലാണ് ഒരേസമയം ആക്രമണം നടത്തിയത്.
1971ല്‍ ഇന്ത്യ-പാക് യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇന്ത്യൻ സൈന്യം നേരിട്ട് പാകിസ്ഥാന്റെ രാജ്യാതിര്‍ത്തി ഭേദിക്കാതെ പാകിസ്താനിലെ തീവ്രവാദകേന്ദ്രങ്ങളില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെയും പാകിസ്താനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം,
മൂന്ന് സേനകളുടെയും മിസൈല്‍ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ചാവേര്‍ ഡ്രോണുകളായ ‘കമിക്കാസി’ ആണ് ആദ്യഘട്ട ആക്രമണത്തിന് ഉപയോഗിച്ചത്. പാകിസ്താനിലെ നാലിടങ്ങളിലും പാക് അധീന കശ്മീരിലെ അഞ്ചിടങ്ങളിലുമടക്കം ഒന്‍പത് ഭീകര കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ മിസൈല്‍ ആക്രമണം. ബഹാവല്‍പൂര്‍, മുരിഡ്‌കെ, ഗുല്‍പൂര്‍, സവായ് ക്യാമ്പ്, ബിലാല്‍ ക്യാമ്പ്, പാക് അധീന കശ്മീരിലെ കോട്ലി ക്യാമ്പ്, ബര്‍ണാല ക്യാമ്പ്, സര്‍ജല്‍ ക്യാമ്പ്, മെഹ്മൂന ക്യാമ്പ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.
പാകിസ്താന്റെ ഒരു സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഗണ്യമായ സംയമനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.