രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ കോൺഗ്രസ് വക്താവ് സന്ദീപ് വാര്യരും പ്രതി. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.
കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ് രണ്ടാംപ്രതി. അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ കോടതിയിൽ ഹാജരാക്കും. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതിജീവിതക്ക് എതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത്. എആർ ക്യാമ്പിൽ എത്തിച്ചാണ് രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്‌തത്. രാഹുൽ ഈശ്വറിൻ്റെ ഫോൺ കസ്റ്റഡിയിലെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അതിജീവിതക്ക് എതിരെ സൈബർ ആക്രമണം രൂക്ഷമായത്. പിന്നാലെയാണ് സൈബർ ആക്രമണത്തിൽ യുവതി പരാതി നൽകിയത്. പരാതിയിൽ കേസെടുക്കാൻ എഡിജിപി എച്ച്. വെങ്കിടേഷ് നിർദേശം നൽകിയിരുന്നു.























