അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഹനങ്ങൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ജർമ്മൻ കാർ നിർമ്മാതാക്കളായ ഓഡി യുഎസിലേക്കുള്ള വാഹനങ്ങളുടെ വിതരണം നിർത്തിവച്ചതായി ഓട്ടോമൊബിൽവോച്ചെ പത്രം റിപ്പോർട്ട് ചെയ്തു. ആഗോള വിപണികളെ പിടിച്ചുലച്ച നിരവധി നടപടികളുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ട്രംപിന്റെ കാർ ഇറക്കുമതിക്ക് 25% ലെവി പ്രാബല്യത്തിൽ വന്നത് .
ഏപ്രിൽ 2 ന് ശേഷം എത്തുന്ന എല്ലാ വാഹനങ്ങളും തടഞ്ഞുവയ്ക്കാൻ നിർദ്ദേശം നൽകി ഡീലർമാർക്ക് ഒരു കത്ത് അയച്ചിട്ടുണ്ടെന്ന് ഔഡിയുടെ വക്താവ് പറഞ്ഞു. നിലവിലുള്ള ഇൻവെന്ററി കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഡീലർമാരോട് ആവശ്യപ്പെട്ടു. പുതിയ താരിഫ് ബാധകമല്ലാത്തതും വിൽക്കാൻ കഴിയുന്നതുമായ 37,000-ത്തിലധികം വാഹനങ്ങൾ നിലവിൽ യുഎസിൽ സ്റ്റോക്കുണ്ടെന്ന് ഓഡി വക്താവ് പറഞ്ഞു, ഈ ഇൻവെന്ററി ഏകദേശം രണ്ട് മാസം നീണ്ടുനിൽക്കുമെന്ന് വക്താവ് കൂട്ടിച്ചേർത്തു.
കമ്പനിക്ക് യുഎസിൽ സ്വന്തമായി ഉൽപ്പാദന സൗകര്യം ഇല്ല. കൂടാതെ അവരുടെ എല്ലാ വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നു. യുഎസിലെ ബെസ്റ്റ് സെല്ലറായ Q5, മെക്സിക്കോയിലെ ഓഡിയുടെ പ്ലാന്റിലാണ് നിർമ്മിക്കുന്നത്. അതേസമയം മറ്റ് മോഡലുകൾ ജർമ്മനി, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിലെ ഫാക്ടറികളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
കഴിഞ്ഞ ആഴ്ച വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഓഡിയുടെ മാതൃ കമ്പനിയായ ഫോക്സ്‌വാഗൺ യുഎസ് ഡീലർമാർക്ക് അധിക ചിലവുകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെക്സിക്കോയിൽ നിന്നും യുഎസ് തുറമുഖങ്ങളിൽ നിന്നുമുള്ള റെയിൽ വഴിയുള്ള ഡെലിവറികൾ ഫോക്സ്‌വാഗൺ നിർത്തിവച്ചതായി റിപ്പോർട്ടുണ്ട്. ഏപ്രിൽ പകുതിയോടെ വിലയിൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഏപ്രിൽ 3 ന്, യുഎസ് നിർമ്മാതാക്കളെ സംരക്ഷിക്കാൻ നടപടികൾ ആവശ്യമാണെന്ന് വാദിച്ചുകൊണ്ട്, ട്രംപ് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ അമേരിക്കയുടെ മിക്കവാറും എല്ലാ വ്യാപാര പങ്കാളികൾക്കും മേൽ തീരുവ ചുമത്തിയിരുന്നു . കാർ ഇറക്കുമതിക്ക് ഇപ്പോൾ ബാധകമായ 25% ലെവിക്ക് പുറമേ, മെയ് മുതൽ 150 വിഭാഗത്തിലുള്ള ഓട്ടോ പാർട്‌സുകളും സർചാർജിന് വിധേയമാകും. “സ്വതന്ത്രവും നിയമാധിഷ്ഠിതവുമായ വ്യാപാരത്തിനുള്ള വിനാശകരമായ സൂചന” എന്നാണ് ജർമ്മൻ അസോസിയേഷൻ ഓഫ് ദി ഓട്ടോമോട്ടീവ് ഇൻഡസ്ട്രി താരിഫുകളെ വിശേഷിപ്പിച്ചത് .
യുഎസ് വിപണിയിൽ ഫോക്‌സ്‌വാഗൺ, മെഴ്‌സിഡസ് ബെൻസ് എന്നിവ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നതിനാൽ ജർമ്മൻ ഓട്ടോ വ്യവസായം ഏറ്റവും കൂടുതൽ ബാധിക്കപ്പെടുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വർദ്ധിച്ചുവരുന്ന ഉൽപാദന ചെലവുകളും ഫാക്ടറികൾ അടച്ചുപൂട്ടലും ജർമ്മനിയുടെ ഉൽപാദന മേഖലയുടെ ചില ഭാഗങ്ങളിൽ ഇതിനകം തന്നെ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.