എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തങ്ങളുടെ 7.5 കോടി അംഗങ്ങളുടെ ജീവിതം കൂടുതൽ ലളിതമാക്കുന്നതിനായി ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട്. അഡ്വാൻസ് ക്ലെയിമിൻ്റെ ഓട്ടോ സെറ്റിൽമെന്റിൻ്റെ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷം രൂപയായി സംഘടന വർദ്ധിപ്പിച്ചു. ഇത് മൊത്തം അഞ്ചു മടങ്ങ് വർദ്ധനവാണ്.
കഴിഞ്ഞ ആഴ്‌ച നടന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൻ്റെ (സിബിടി) എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ 113-മത് യോഗത്തിൽ തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്രയാണ് ഈ തീരുമാനം എടുത്തത്. കോടിക്കണക്കിന് ഇപിഎഫ്ഒ അംഗങ്ങൾക്ക് വേഗത്തിലും തടസമില്ലാതെയും സാമ്പത്തിക സഹായം ലഭിക്കാൻ ഈ ഭേദഗതി സഹായിക്കും.
പിഎഫ് പിൻവലിക്കാനുള്ള സൗകര്യം
മാർച്ച് 28ന് ജമ്മു കാശ്‍മീരിലെ ശ്രീനഗറിൽ നടന്ന യോഗത്തിൽ ഇപിഎഫ്ഒയുടെ സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ രമേശ് കൃഷ്‌ണമൂർത്തിയും പങ്കെടുത്തു. ഈ തീരുമാന പ്രകാരം, സിബിടിയുടെ അംഗീകാരത്തിന് ശേഷം, ഇപിഎഫ്ഒ അംഗങ്ങൾക്ക് ഇപ്പോൾ ഓട്ടോ സെറ്റിൽമെന്റ് വഴി അഞ്ചു ലക്ഷം രൂപ വരെയുള്ള പിഎഫ് തുക പിൻവലിക്കാം.
2020ൽ അഡ്വാൻസ് ക്ലെയിമുകളുടെ ഓട്ടോ സെറ്റിൽമെന്റ് സംവിധാനം നിലവിൽ വന്നു എന്നത് എടുത്തു പറയേണ്ടതാണ്. അന്ന് അതിൻ്റെ പരിധി 50,000 രൂപയായി നിശ്ചയിച്ചിരുന്നു. 2024 മെയ് മാസത്തിൽ, ഇപിഎഫ്ഒ ഈ പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. ഇപ്പോൾ അത് അഞ്ചു ലക്ഷം രൂപയായി ഉയർത്തി.
ഓട്ടോ മോഡ് സെറ്റിൽ
ഓട്ടോ മോഡ് സെറ്റിൽമെന്റ് കൂടുതൽ സമഗ്രം ആക്കുന്നതിനായി വിദ്യാഭ്യാസം, വിവാഹം, ഭവനം എന്നീ മൂന്ന് പുതിയ വിഭാഗങ്ങൾക്കായി ഇപിഎഫ്ഒ മുൻകൂർ ക്ലെയിമുകൾ അവതരിപ്പിച്ചു. നേരത്തെ, അസുഖത്തിനോ ആശുപത്രി വാസത്തിനോ മാത്രമേ പിഎഫ് പിൻവലിക്കൽ അനുവദിച്ചിരുന്നുള്ളൂ. ഇപിഎഫ്ഒ അംഗങ്ങൾക്ക് അവരുടെ വിവിധ ആവശ്യങ്ങൾക്കായി വേഗത്തിലുള്ള സാമ്പത്തിക സഹായം നൽകുന്നതിന് ഈ പുതിയ സംരംഭം സഹായകമാകും.
ഓട്ടോ- മോഡ് ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ വേഗത്തിലാക്കാൻ വെറും മൂന്ന് ദിവസത്തിനുള്ളിൽ അത് പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. നിലവിൽ, 95% ത്തിലധികം ക്ലെയിമുകളും ഓട്ടോ സെറ്റിൽമെന്റ് വഴിയാണ് തീർപ്പാക്കുന്നത്.
ചരിത്രപരമായ ഓട്ടോ ക്ലെയിം
2023-24 സാമ്പത്തിക വർഷത്തിൽ 89.52 ലക്ഷം രൂപയായിരുന്ന ഓട്ടോ ക്ലെയിം സെറ്റിൽമെന്റിൽ 2025 മാർച്ച് ആറ് വരെയുള്ള കാലയളവിൽ ഇപിഎഫ്ഒ ചരിത്രപരമായ നേട്ടം കൈവരിച്ചു. ഇതിനുപുറമെ, ക്ലെയിമുകൾ നിരസിക്കുന്നതിൻ്റെ നിരക്കും 50% ൽ നിന്ന് 30% ആയി കുറഞ്ഞു.
പിഎഫ് പിൻവലിക്കലിനുള്ള വെരിഫിക്കേഷൻ നടപടിക്രമങ്ങൾ 27ൽ നിന്ന് 18 ആയി കുറച്ചിട്ടുണ്ട്. കൂടാതെ ഇത് ആറ് ആയി കുറയ്ക്കാനും തീരുമാനിച്ചു. ഈ മാറ്റം ഇപിഎഫ്ഒ അംഗങ്ങൾക്ക് അവരുടെ സാമ്പത്തിക ക്ലെയിമുകൾക്ക് വേഗത്തിൽ അംഗീകാരം നൽകുകയും അവരുടെ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റാൻ സഹായിക്കുകയും ചെയ്യും.