അസമിലെ ചില സ്ഥലങ്ങളുടെ ഇപ്പോഴുള്ള പേര് മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇപ്പോഴുള്ള ചില സ്ഥലപ്പേരുകൾ ആളുകൾക്ക് താൽപര്യമില്ലെന്നും അതിന് അനുയോജ്യമായ പേരുകൾ വേണമെന്നുമാണ് അസം മുഖ്യമന്ത്രി പറയുന്നത്.
ഇതിന്റെ ഭാഗമായി ജനങ്ങളിൽ നിന്നും പേരുകൾക്കുള്ള നിർദേശം ക്ഷണിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു. നല്ല പേരുകൾ നിർദേശിക്കാനായി ഉടൻ ഒരു പോർട്ടൽ സജ്ജമാക്കും.ഇ പോർട്ടൽ വഴി ജനങ്ങൾക്ക് സ്ഥലങ്ങൾക്ക് അനുയോജ്യമായ പേര് നിർദേശിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങൾ നിർദേശിക്കുന്ന പുതിയ പേരുകൾ രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം എന്നതാണ് നിർദേശം. സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിയിലെ കലാഫർ അറിയപ്പെടുന്നത് കാമാഖ്യ ക്ഷേത്രം ആക്രമിച്ച ബംഗാൾ സുൽത്താനേറ്റിലെ ഒരു മുസ്ലീം ജനറലിന്റെ പേരിലാണ്. അതുകൊണ്ടുതന്നെ ഈ പേര് നീക്കം ചെയ്യണം. ഇതിനായി ജനങ്ങളുമായി കൂടിയാലോചിച്ച് അനുയോജ്യമായ പേര് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇക്കണോമിക് ടെെം റിപ്പോർട്ട് ചെയ്തിരുന്നു.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിലേറ്റതിന് ശേഷം രാജ്യത്തെ ചില വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ,സ്റ്റേഡിയങ്ങൾ എന്നിവയുടെ പേര് മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ആസാമിലും നടക്കുന്നത്.