സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി ഗുകേഷിന് ആദ്യ ജയം. 37-ാം നീക്കത്തിലാണ് ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ ഇന്ത്യൻ താരം വീഴ്ത്തിയത്. ക്ലാസിക്കൽ ചെസ്സിൽ ലിറനെതിരെ ഗുകേഷിൻ്റെ ആദ്യ ജയമാണിത്. മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നര പോയന്‍റ് വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പമാണ്.
നാലാം മത്സരം വെള്ളിയാഴ്‌ച നടക്കും. 14 മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിലുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ചാമ്പ്യനാവും. ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്.
വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂന്‍സ് ഗാമ്പിറ്റ് ഡിക്ലൈന്‍ഡ് ഗെയിമിലൂടെയാണ് തൻ്റെ ആദ്യദിനത്തിലെ പരാജയത്തിൻ്റെ കണക്ക് വീട്ടിയത്. ആദ്യ കളിയിൽ ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ഡിങ് ലിറൻ ലീഡ് (1–0) നേടിയിരുന്നു.
ക്ലാസിക്കൽ ചെസിൽ ലോക ചാമ്പ്യനായ ഡിങ് ലിറൻ ജയിക്കുന്നത് 304 ദിവസം നീണ്ട സുദീർഘമായ ഇടവേളക്ക് ശേഷമായിരുന്നു. രണ്ടാം കളിയിൽ ഗുകേഷും ഡിങ് ലിറനും സമനിലയിൽ പിരിഞ്ഞു. 23 നീക്കങ്ങൾക്ക് ഒടുവിലാണ് ഇരുവരും സമനിലയ്ക്ക് കൈകൊടുത്തത്.
‘‘മികച്ചതായി തോന്നുന്നു. കഴിഞ്ഞ രണ്ടുദിവസം ഞാൻ എൻ്റെ കളിയിൽ സന്തോഷവാനായിരുന്നു. ഇന്നത്തെ കളി അതിലും മികച്ചതായിരുന്നു. ബോർഡിൽ എനിക്ക് നല്ല അനുഭവം തോന്നുന്നു. ഇന്ന് എനിക്ക് എൻ്റെ എതിരാളിയെ മറികടക്കാൻ കഴിഞ്ഞു. അത് എല്ലായ്‌പ്പോഴും മികച്ചതാണ്,’’ -മത്സരശേഷം ഗുകേഷ് പ്രതികരിച്ചു.