2025 ജനുവരി ഒന്നുമുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതായി അധികൃതർ. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എന്നീ വടക്കൻ എമിറേറ്റുകളിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരും ഇൻഷുറൻസ് എടുത്തിരിക്കണം.
ജനുവരി ഒന്നിന് ശേഷം ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് പുതിയ വിസ ലഭിക്കുകയോ നിലവിലുള്ള വിസ പുതുക്കുകയോ സാധിക്കില്ല. 2024 ജനുവരി ഒന്നിന് മുമ്പ് നൽകിയ വർക്ക് പെർമിറ്റുള്ളവർക്ക്, രേഖകൾ പുതുക്കുന്ന സമയത്താണ് നിർദേശം ബാധകമാകുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നേരത്തെ തന്നെ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നു.
സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും ഗാർഹിക തൊഴിലാളികൾക്കും കുറഞ്ഞ പ്രീമിയത്തിൽ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചു. 320 ദിർഹം വാർഷിക പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒരു വയസുമുതൽ 64 വയസുവരെ ഉള്ളവർക്ക് ഈ പദ്ധതി ലഭ്യമാണ്. കുടുംബ വിസയിലുള്ളവർ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ഇൻഷുറൻസ് എടുക്കേണ്ടതും നിർബന്ധമാക്കിയിട്ടുണ്ട്.
ഇൻഷുറൻസ് പദ്ധതിയിൽ കിടത്തി ചികിത്സയും മറ്റു ചികിത്സകളും ഉൾപ്പെടുന്നു. ചികിത്സാ ചെലവിന്റെ 20 ശതമാനം കോ-പെയ്മെൻ്റായി നൽകണം. ചികിത്സാ ചെലവിനുള്ള വാർഷിക പരിധി 1000 ദിർഹമാണ്. ഒരു സന്ദർശനത്തിന് 500 ദിർഹം വരെ ഇൻഷുറൻസ് പരിരക്ഷ നൽകും. ഈ പരിധി മറികടന്നാൽ ബാക്കി മുഴുവൻ ഇൻഷുറൻസ് കമ്പനി വഹിക്കും.
ആശുപത്രി പ്രവേശനമില്ലാത്ത സന്ദർശനങ്ങൾക്കോ ചെറിയ പരിശോധനകൾക്കോ ചികിത്സാ ചെലവിന്റെ 25 ശതമാനം കോ-പെയ്മെൻ്റായി നൽകണം. എന്നാൽ പരമാവധി 100 ദിർഹമാണ് നൽകേണ്ടത്. ഏഴ് ദിവസത്തിനകം വീണ്ടും ചികിത്സ തേടുകയാണെങ്കിൽ കോ-പെയ്മെൻറ് ഒഴിവാക്കും. മരുന്നിനുള്ള കോ-പെയ്മെൻറ് 30 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്, കൂടാതെ വർഷത്തിൽ 1500 ദിർഹം വരെ മരുന്നിനുള്ള പരിരക്ഷ ലഭിക്കും.
നിലവിൽ ഏഴ് ആശുപത്രികളും 46 ക്ലിനിക്കുകളും 45 ഫാർമസികളും ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. തൊഴിലാളികളുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ അവസരമുണ്ട്. 2025 ജനുവരി 1 മുതൽ ദുബായ് കെയർ നെറ്റ്‌വർക്കിലൂടെയോ അംഗീകൃത സേവന കേന്ദ്രങ്ങളിലൂടെയോ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഇൻഷുറൻസ് ലഭ്യമാക്കാം. നിയമപ്രകാരം, തൊഴിലുടമകളാണ് ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടത്. കുറഞ്ഞ പ്രീമിയയിൽ മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.