ദില്ലി: രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയിൽ 7, 13 വയസ് പ്രായമുളള കുട്ടികൾക്കാണ് ചൊവാഴ്‌ച രോഗം സ്ഥിരീകരിച്ചത്.
ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികൾ നിലവിൽ രോഗമുക്തരായി ആശുപത്രി വിട്ടു. ഇത് കൂടാതെ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ രണ്ട് വീതം കേസുകളും, ഗുജറാത്തിലും കൊൽക്കത്തയിലും ഒരോ കേസുകൾ വീതവുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല. പലരും രോഗമുക്തരായി ആശുപത്രി വിട്ടു. ഇവരുടെ സാമ്പിൾ ജനിതക ശ്രേണീ പരിശോധനക്ക് അയച്ചു.
ദില്ലിയിലടക്കം രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്ചത്. കേന്ദ്രസർക്കാർ സ്ഥാപന മേധാവികളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങളും, ഐസിഎംആറിൻ്റെ വിവരങ്ങളും പരിശോധിച്ചതിൽ രാജ്യത്ത് അസ്വാഭാവിക രോഗ വ്യാപനം ഇല്ലെന്നാണ് വിലയിരുത്തൽ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല, പരിശോധന നടപടികൾ ഊർജിതമാക്കി. ബോധവൽക്കരണവും, നിരീക്ഷണവും ശക്തമാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിക്കുക ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം
രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ പരിശോധനയും ഉറപ്പാക്കും. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുലായി കൈകൾ സോപ്പിട്ട് കഴുകുക, രോഗ ലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ പൊതുവായ നിർദേശങ്ങൾ ജനങ്ങൾക്ക് നൽകും. ചൈനയടക്കം രോഗ വ്യാപനമുളള രാജ്യങ്ങളിലെ സാഹചര്യം ഗുരുതരമായാൽ മാത്രമാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കേന്ദ്രം കടക്കുക.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.