നടൻ ജോജു ജോർജിൻ്റെ ‘ഇരട്ട’ എന്ന ചിത്രത്തിലെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഉലകനായകൻ കമൽ ഹാസൻ. റിലീസിന് ഒരുങ്ങുന്ന മണിരത്നം ചിത്രമായ ‘തഗ് ലൈഫ് എന്ന ചിത്രത്തിൽ കമൽ ഹാസനോടൊപ്പം ജോജു ജോര്‍ജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ ജോജു ജോർജിൻ്റെ സാന്നിധ്യത്തിലാണ് ഉലകനായകൻ അഭിനന്ദനം അറിയിച്ചത്.
“ജോജുവെന്ന നടനെ എനിക്ക് അറിയില്ലായിരുന്നു, അങ്ങനൊരിക്കലാണ് അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം ഞാൻ കാണാനിടയായത്. ചിത്രത്തിൽ ഒരേ പോലീസ് സ്റ്റേഷനിൽ ജോലി ചെയുന്ന ഇരട്ട സഹോദരന്മാരായാണ് ജോജു അഭിനയിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ നമുക്ക് തിരിച്ചറിയാം. ഇത് ആ സഹോദരനും അത് മറ്റേ സഹോദരനുമാണെന്ന്. എനിക്ക് ഏറെ അസൂയ തോന്നിയ നടനാണ് ജോജു” കമൽ ഹാസൻ
മണിരത്നം, തൃഷ, ചിമ്പു, എ.ആർ റഹ്‌മാൻ തുടങ്ങിയവരുടെ സാക്ഷ്യത്തിലാണ് കമൽ ഹാസൻ്റെ വാക്കുകൾ. അഭിനന്ദനമേറ്റ് വാങ്ങിയ ജോജു ജോർജ് എഴുന്നേറ്റ് നിന്ന് കൈകൂപ്പുകയും, കണ്ണീരണിയുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
താൻ മുപ്പതോളം തവണ ഒറ്റ ചിത്രത്തിൽ ഒന്നിലധികം വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. എന്നാൽ അവയ്ക്ക് ഗെറ്റപ്പ് ചെയ്ഞ്ച് ഉണ്ടാകാറുണ്ട്. അധികം ചെയ്ഞ്ച് ഇല്ലാതെ അവതരിപ്പിച്ച ഒന്നോ രണ്ടോ വശങ്ങളിലെ എനിക്ക് അഭിമാനമുള്ളൂ എന്നും കമൽ ഹാസൻ പറഞ്ഞു.
രോഹിത് എംജി കൃഷ്‌ണൻ സംവിധാനം ചെയ്‌ത ഇരട്ട ഡ്രാമ സസ്പെൻസ് ത്രില്ലർ സ്വഭാവത്തിൽ വന്ന് പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ്. ജൂൺ അഞ്ചിന് റിലീസ് ചെയ്യുന്ന തഗ് ലൈഫിൻ്റെ ഫൈറ്റ് കൊറിയോഗ്രാഫി കൈകാര്യം ചെയ്‌ത അമ്പ് അറിവും ഇരട്ട സഹോദരന്മാർ ആണെന്ന പ്രത്യേകതയും അവരെ ഇപ്പോഴും തനിക്ക് മാറി പോകാറുണ്ടെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.