തിരുവനന്തപുരം വിമാന താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണങ്ങളുമായി പിതാവ് മധുസൂദനൻ. കൂടുതൽ വിവരം അറിയാൻ ആണ് തിരുവനന്തപുരത്ത് എത്തിയതെന്നും അന്വേഷണം നല്ല രീതിയിൽ ആണ് പോകുന്നത് എന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സുകാന്തിൻ്റെ പ്രേരണ മൂലമാണ് മരണം സംഭവിച്ചത് എന്നാണ് കണ്ടെത്തൽ. അതിനുള്ള തെളിവുകൾ ആണ് ഹാജരാക്കുന്നത്. ആ തെളിവുകൾ പരിശോധിക്കുകയാണ്. പ്രതി രാജ്യം വിട്ടു പോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലൈംഗിക ചൂഷണം നടന്നിട്ടുണ്ട്. അതിൻ്റെ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. അതിൽ കേസെടുക്കും.
സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ബാങ്ക് രേഖകൾ ഹാജരാക്കി. സമർപ്പിച്ച രേഖകൾ മനസിലാക്കി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും മേഘയുടെ പിതാവ് പറഞ്ഞു.
പലപ്പോഴും മകളുടെ കൈയിൽ ഭക്ഷണം കഴിക്കാൻ പോലും പൈസ ഇല്ലായിരുന്നു. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്‌ഫർ ചെയ്‌തു. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമായിരുന്നെന്നും പിതാവ് മുമ്പ് പറഞ്ഞിരുന്നു.
മകള്‍ ജോലി കഴിഞ്ഞു നേരേ താമസ സ്ഥലത്തേക്കാണ് പോകാറുള്ളത്. കഴിഞ്ഞ ദിവസവും അങ്ങനെയാണ് പറഞ്ഞത്. താമസ സ്ഥലത്തേക്ക് പോകുന്ന വഴി റെയില്‍വേ പാത ഇല്ല. റെയില്‍വേ പാത ഉള്ള സ്ഥലത്തേക്ക് പോകണമെങ്കില്‍ അതിന് പിന്നില്‍ എന്തോ ഉണ്ട്, അതാണ് ദുരൂഹത എന്ന് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.