6 October 2024

മൂൺലാൻ്റിൻ്റെ ഉള്ളിലേക്ക് ഒരാൾ നടന്നാൽ നിശബ്ദതയിൽ ചന്ദ്രോപരിതലത്തിൽ എത്തിയെന്ന തോന്നലുണ്ടാകും (കാശ്മീർ യാത്ര 10ആം ഭാഗം )

ലഡാക്കിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മൊണസ്ട്രികളിൽ ഒന്നാണ് ലാമയൂർ മൊണാസ്ട്രി.പതിനൊന്നാം നൂറ്റാണ്ടിൽ മഹാസിദ്ദാചാര്യ നരോപയാണ് ലാമയൂരു സ്ഥാപിച്ചത്.

| ആർ ബോസ്

ലേനഗരം പിന്നിടുമ്പോൾ കിലോമിറ്ററോളം ദൂരത്തിൽ പട്ടാള ക്യാമ്പുകളുടെ നിരയാണ് വിവിധ സേനകളുടെ പല തരം സ്ഥാപനങ്ങളും വാഹനങ്ങളും മാത്രമാണ് കാണാനുള്ളത്. അവയിൽ പലതിൻ്റെയും ഫോട്ടോ എടുക്കുന്നതിനും വിലക്കുണ്ട്. ഈ യാത്രയിൽ ഡ്രൈവറോട് ഞാനാവശ്യപ്പെട്ടിട്ടും ലഭിക്കാതിരുന്ന ഫ്രണ്ട് സീറ്റിൽ മധ്യവയസ്കനായ ഒരു സർദാർജിയാണ് ഇരിക്കുന്നത്.വണ്ടി പുറപ്പെട്ടപ്പോൾ മുതൽ സീറ്റ് ബെൽറ്റൊക്കെ മുറുക്കി ആൾ നല്ല ഉറക്കത്തിലാണ്.ഇങ്ങനെ ഉറങ്ങാനാണെങ്കിൽ എന്തിനാണയാൾ
മുൻസീറ്റ് വാങ്ങിയതെന്ന് മനസിലായില്ല.

ആ സീറ്റ് എനിക്ക് ലഭിച്ചിരുന്നെങ്കിൽ കൂടുതൽ കാഴ്ചകൾ കാണാനും മനോഹരമായ ഫോട്ടോ എടുക്കാനും കഴിഞ്ഞേനെ.എനിക്കയാളോട് നല്ല കലിപ്പ് തോന്നി. ലേയിൽ നിന്ന് ശ്രീനഗർ ഹൈവേയിലൂടെ പൊയ്ക്കൊണ്ടിരുന്ന വണ്ടി അല്പദൂരം ചെന്നപ്പോൾ ശ്രീനഗർ ഹൈവേയിൽ നിന്ന് മാറി ഒരു ഷോർട്ട് കട്ട് റൂട്ടിലൂടെ ഓടിത്തുടങ്ങി . ഏഴ് കിലോമീറ്റർ ദൂരം ലഭിക്കാനായി ഡ്രൈവർ കുറുക്ക് വഴിക്ക് വിട്ടതാണ്. ഈ വഴി വിണ്ടും ശ്രീനഗർ ഹൈവേയിൽ ചെന്ന് കയറുമെങ്കിലും ഇതോടെ എനിക്ക് രണ്ട് പ്രധാന സ്ഥലങ്ങൾ നഷ്ടമായി.സൻസ്കാർ നദി സിന്ധുവുമായി കൂടി ചേരുന്ന സംഗമത്തിൻ്റെയും മാഗ്നറ്റിക് ഹില്ലിൻ്റെയും കാഴ്ചയാണ് നഷ്ടമായത്. ഇത് ഞാൻ പ്രതിക്ഷിക്കാത്തതായിരുന്നു.

ഇനിയും വരുമ്പോളത് കൂടി കാണാമെന്ന് കരുതി ആശ്വസിച്ചിരുന്നു. പച്ചപ്പിൻ്റെ കണിക പോലുമില്ലാത്ത ഇരുണ്ട രണ്ട് മലയുടെ ഇടയിലൂടെ താഴ്വാരത്തിലേക്ക് വളഞ്ഞ് പുളഞ്ഞ് പോകുന്ന വഴിയിലൂടെ വായു ഗുളികക്ക് പോകുന്ന പോലെ പേടിപ്പിക്കുന്ന വേഗത്തിലാണ് വണ്ടി പായുന്നത്.

നിമ്മോ എന്ന ഗ്രാമത്തിലെത്തിയപ്പോൾ വീണ്ടും ശ്രിനഗർ ലേ ഹൈവേയിൽ കയറി. വഴിയിൽ പലയിടത്തും പല വലിപ്പത്തിലുള്ള ചോർട്ടൻസ് കാണാം.ബുദ്ധസ്മാരകമോ ആരാധനാലയമോ ആയി കണക്കാക്കപ്പെടുന്ന ചെറിയ സ്തൂപങ്ങളാണ് ചോർട്ടൻസ്. വെള്ളച്ചായംപൂശി സ്വർണ്ണക്കളറിൽ ഡിസൈനും ബോർഡറുമൊക്കെ നൽകി മനോഹരമാക്കിയതാണ് ചോർട്ടൻസ്.എട്ട് വ്യത്യസ്ത രൂപങ്ങളിൽ വരുന്ന അവയോരോന്നും ബുദ്ധൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ പ്രതീകപ്പെടുത്തുന്നവയാണ്.

രണ്ടരമണി ആയപ്പോൾ ഖൽസി എന്ന സ്ഥലത്തെത്തി വണ്ടി ഒതുക്കി നിർത്തി ആവശ്യക്കാർക്ക് ഭക്ഷണം കഴിക്കാനുള്ള സമയമുണ്ടന്ന് പറഞ്ഞ് ഡ്രൈവർ ഒരു ഹോട്ടലിലേക്ക് കയറിപ്പോയി.ലേ കാർഗിൽ റൂട്ടിൻ്റെ മധ്യഭാഗത്ത് വരുന്ന പ്രധാന ഇടത്താവളമായ ഖൽസി എണ്ണൂറിൽ താഴെ മാത്രം ജനങ്ങളുള്ള ചെറിയ ടൗണാണ്. മിക്കവാറും കടകൾ ടൂറിസ്റ്റുകളെ ഉദ്ദേശിച്ചുള്ളവയാണ്. വിനോദ സഞ്ചാരികളുമായി വന്ന ധാരാളം വാഹനങ്ങളും ബൈക്കുകളുമെല്ലാം ഇവിടെ നിർത്തിയിട്ടിണ്ടുണ്ട്.രണ്ട് പഴത്തിലും ഏതാനും ബിസ്കറ്റിലുമായി ഞാൻ ഉച്ച ഭക്ഷണമവസാനിപ്പിച്ചു.

വാഹനത്തിലെ മറ്റാളുകൾ ഭക്ഷണം കഴിഞ്ഞ് വരുന്നത് വരെ ടൗണിലുടെ നടന്നു. ടൗണിന് പിറകിൽ കുറച്ചകലെയായി സിന്ധു നദി ഒഴുകുന്നുണ്ട് അതിൻ്റെ തീര പ്രദേശങളിൽ നെല്ലും ഗോതമ്പും പച്ചക്കറിയുമൊക്കെ കൃഷി ചെയ്തിരിക്കുന്നു.ഇടക്ക് ആപ്രിക്കോട്ടും ആപ്പിൾച്ചെടിയുമൊക്കെ നിൽപ്പുണ്ട്. ലേയേക്കാൾ ആയിരത്തി മുന്നൂറടി താഴെയാണ് ഖൽസി എന്നതിനാൽ ഇവിടെ മഞ്ഞ് കുറവാണ് അതിനാൽ തന്നെ വർഷത്തിൽ രണ്ട് കൃഷിയും സാധ്യമാണ്.

അരമണിക്കൂർ കഴിഞ്ഞ് വീണ്ടും യാത്രയാരംഭിച്ചു രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോൾ സിന്ധു നദിയെന്ന ഇൻഡസ് റിവറിന് കുറുകെയുള്ള പാലത്തിലൂടെ ഇടത്തോട്ട് തിരിഞ്ഞ് കാർഗിൽ റോഡും നദിയുടെ വലത് കരയിലൂട ഇൻഡസ് വാലി റോഡും പോകുന്നു. വീണ്ടും മലയും താഴ്വാരവുമൊക്കെയുള്ള റോഡിലൂടെ അതിവേഗത്തിൽ ഡ്രൈവർ വണ്ടി ഓടിക്കുകയാണ് ഈ വേഗം അത്യധികം അപകടകരമാണ് കാരണം വലത് വശത്തെ അടുക്ക്പാറ വെട്ടിയാണ് റോഡുണ്ടാക്കിയിരിക്കുന്നത്. ഇടത് വശത്ത് വലിയ ഗർത്തമാണ്.
മുകളിലെ മലയിൽ നിന്ന് എപ്പോൾ വേണമെങ്കിലും കല്ലുരുണ്ട് വഴിയിലേക്ക് വീഴാം. മലമുകളിലെ കൂറ്റൻ അടുക്ക് പാറയിൽ നിന്ന് ചെറുകല്ലുകളാദ്യം അടർന്ന് തെറിച്ച് വീഴാൻ തുടങ്ങും. ചെറിയ പൊടിക്കല്ലുകൾ തെറിച്ച് വണ്ടിയിലിടിക്കുന്നത് കേൾക്കുന്നുമുണ്ട്.

അല്പം കഴിഞ്ഞാൽ വലിയ കല്ലുകളുടെ കുതിച്ച് വരവുണ്ടാകും അത്തരം മുന്നറിയിപ്പ് ബോർഡുകൾ ഈ റോഡിൽ പല സ്ഥലങ്ങളിലും BRO സ്ഥാപിച്ചിട്ടുമുണ്ട്. അടിതെറ്റിയാൽ വണ്ടി ഇടത് വശത്തെ കൊക്കയിലേക്ക് പതിക്കും.ഇതൊന്നും ബാധകമല്ലന്ന മട്ടിൽ ഡ്രൈവർ പറപ്പിച്ച് വിടുകയാണ് എത്രയും പെട്ടെന്ന് കാർഗിലിലെത്തി തിരിച്ചുള്ള ട്രിപ്പാണ് അയാളുടെ ലക്ഷ്യം. വണ്ടിയിലെ മറ്റ് യാത്രക്കാർ ഈ നാട്ടുകാരാണ് അവർ കൂസലന്യേ ഇരിക്കുകയാണ് ഞാനാകട്ടെ ഊരെടുത്ത് കൈയ്യിൽ പിടിച്ചമാതിരി ഇരിക്കുകയാണ്.

ഇരുപത് കിലോമീറ്റർ പിന്നിട്ടപ്പോൾ ലാമയൂർ എന്ന ഗ്രാമമായി.മൂന്നൂറോളം പേർ മാത്രമുള്ള ഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനം ഒരു മൊണാസ്ടിയാണ്.ലഡാക്കിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മൊണസ്ട്രികളിൽ ഒന്നാണ് ലാമയൂർ മൊണാസ്ട്രി.പതിനൊന്നാം നൂറ്റാണ്ടിൽ മഹാസിദ്ദാചാര്യ നരോപയാണ് ലാമയൂരു സ്ഥാപിച്ചത്.മുമ്പ് 400ലധികം ബുദ്ധ സന്യാസിമാർ ഉണ്ടായിരുന്നെങ്കിലും 150ഓളം ബുദ്ധ സന്യാസിമാരാണ് ഇപ്പോൾ ലാമയൂരിലുള്ളത്.

ലാമയൂരിൻ്റെ മറ്റൊരു പേരാണ് മൂൺലാൻ്റ്. ചന്ദ്രോപരിതലത്തിന് സമാനമായ ഭൂപ്രകൃതി മൂലമാണ് ഈ പേര് വന്നത്. ഗോൾഡൻ ബ്രൗണും വെള്ളയും ചാരനിറവുമൊക്കെയുള്ള മണ്ണിൽ പ്രകൃതി പല രൂപത്തിലുള്ള കുന്നുകളും വിചിത്രരൂപങ്ങളും ഗർത്തങ്ങളുമൊക്കെ സൃഷ്ടിച്ചിരിക്കുന്നു. മൂൺലാൻ്റിൻ്റെ ഉള്ളിലേക്ക് ഒരാൾ നടന്നാൽ ഇവിടുത്തെ കനത്ത നിശബ്ദതയിൽ ചന്ദ്രോപരിതലത്തിൽ എത്തിയെന്ന തോന്നലുണ്ടാകും.
മുമ്പ് തീർത്ഥാടകർ മാത്രമെത്തിയിരുന്ന ലാമയൂർ ഇന്ന് വലിയൊരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു. ധാരാളം ഹോട്ടലുകളും ഹോം സ്റ്റേകളുമിവിടെ വന്നു കഴിഞ്ഞു.

ലാമയൂർ പിന്നിടുന്നതോടെ വീണ്ടും മലകയറ്റം ആരംഭിക്കുകയാണ് അനവധി ഹെയർപിൻ വളവുകൾ കയറി 13,478 അടി ഉയരത്തിലുള്ള ഫോട്ടുലാ ടോപ്പിലെത്തി. ലേ കാർഗിൽ പാതയിലെ ഏറ്റവും ഉയരമുള്ള രണ്ട് ചുരങ്ങളിൽ ആദ്യത്തേതാണിത്. രണ്ടാമത്തേത് 12,139 അടി ഉയരത്തിലുള്ള നമിക് ലായാണ്.ഫോട്ടുലാ കയറി ഇറങ്ങി വീണ്ടും ചുരം കയറി ഞങ്ങൾ നമിക് ലായിൽ എത്തുമ്പോൾ ധാരാളം ടൂറിസ്റ്റുകൾ നില്പുണ്ട്.വണ്ടിയഞ്ചുമിനിറ്റ് എനിക്ക് വേണ്ടി നിർത്തിത്തന്നു ഞാനുമിറങ്ങി.

ഇവിടെ മഞ്ഞില്ല പക്ഷെ വ്യൂ പോയിൻ്റാണ് മലയുടെയും താഴ്വാരത്തിൻ്റെയും മനോഹരമായ കാഴ്ചയുണ്ടിവിടെ. I LOVE BRO എന്ന ലെറ്ററിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കലാണിവിടുത്തെ പ്രധാന ആചാരം ഏതാനും കടകളുമുണ്ട് . കുറച്ച് ഫോട്ടോയുമെടുത്ത് ഒന്ന് ചുറ്റിനടന്നിട്ട് ഞാൻ തിരികെക്കയറി.നമിക് ലാ ചുരമിറങ്ങി . താഴ്‌വരയിലേക്ക് അടുക്കുന്തോറും കൃഷിയും പച്ചപ്പും വീണ്ടും കണ്ടു തുടങ്ങി.

ചെറിയൊരു കുന്നിറങ്ങി വണ്ടി കാർഗിൽ സ്റ്റാൻഡിലെത്തിയപ്പോൾ സമയം അഞ്ചായി. ഞാൻ ബാഗുമെടുത്ത് സ്റ്റാൻഡിൻ്റെ പുറത്തേക്കിറങ്ങി.മെറ്റലടിച്ച് സോൾ ചെയ്തിരിക്കുന്ന സ്റ്റാൻഡിൽ ധാരാളം ചെറുവണ്ടികളും മറ്റൊരു ഭാഗത്ത് ഏതാനും ബസുകളും കിടക്കുന്നു. ചെറിയൊരു തകരക്കുടാണ് എൻക്വയറി കം റിസർവ്വേഷൻ കൗണ്ടർ.

യാത്രക്കാർക്ക് വേണ്ട മറ്റ് സൗകര്യങ്ങളൊന്നുമില്ല.സ്റ്റാൻഡിന് പുറത്ത് റോഡ് സൈഡിൽ നീളത്തിൽ ചെറിയ കടകൾ ഇത് കണ്ടപ്പോൾ മുപ്പത വർഷത്തിന് മുമ്പ് പഴയ മൂന്നാറിലുണ്ടായിരുന്ന കടകളാണ് ഓർമ്മ വന്നത്. സ്റ്റാൻഡിന് എതിർവശത്തുള്ള കുന്നിൻ മുകളിൽ കണ്ട ഹോട്ടലിലേക്ക് കുറെ പടികൾ കയറിച്ചെന്നു നല്ല വൃത്തിയുള്ള വലിയ ഡബിൾ റൂം 1000 രൂപക്ക് കിട്ടി. ഒന്ന് ഫ്രഷായി പെട്ടന്ന് തന്നെ പുറത്തേക്കിറങ്ങി മലയുടെ മുകൾ ഭാഗത്തേക്ക് കയറിപ്പോകുന്ന റോഡിലൂടെ കുറച്ച് മുന്നോട്ട് നടന്ന് ഒരു വ്യൂ പോയിൻ്റിൽ ചെന്നു നിന്നു. ഇവിടെ നിൽക്കുമ്പോൾ കാർഗിൽ നഗരത്തിൻ്റെ കുറെയേറെ ഭാഗങ്ങൾകാണാം.

സിന്ധു നദിയുടെ പോഷക നദിയായ സുരു നദിയുടെ ഇരു കരകളിലായുള്ള രണ്ട് മലയുടെ ചെരിവിലും താഴ്വാരത്തുമായാണ് കാർഗിൽ നഗരം രൂപപ്പെട്ടിരിക്കുന്നത്. ഖാർ,ആർകിൽ എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് കാർഗിൽ എന്ന പേര് ഉണ്ടായത്. ഖർ എന്നാൽ കോട്ട,ആർകിൽ എന്നാൽ കേന്ദ്രം, കോട്ടകൾക്കിടയിലുള്ള ഒരു സ്ഥലം എന്നർത്ഥം. കറുപ്പിലും ചാരനിറത്തിലുമുള്ള മണ്ണും കല്ലുകളുമുള്ള മലയിൽ ചിതറി കിടക്കുന്ന വീടുകൾ. ചതുരപ്പെട്ടിയടുക്കിയതു പോലുള്ള വീടുകളിൽ മിക്കതും സിമിൻ്റ്
തേക്കാത്ത ദാരിദ്യം വിളംബരം ചെയ്യുന്ന നിലയിലാണ്.മൊത്തത്തിലൊരു ഗുമ്മില്ലാത്ത പട്ടണം.

താഴ്വാരത്തൊഴുകുന്ന നദിയിലെ ജലത്തിന് കറുപ്പ്നിറംപർവത മുകളിലെ മഞ്ഞുരുകി വരുന്ന ജലം വഴിയിലെ കറുത്ത മണ്ണിനെ വിഴുങ്ങി വരുന്നതിനാലാണ് നദി കറുത്തൊഴുകുന്നത്.നഗരത്തിൻ്റെ കാഴ്ച കണ്ട് നിൽക്കേ ഒരു പൊടിക്കാറ്റ് ചുഴലി പോലെ വീശിയിച്ചു. കണ്ണിലടക്കം ശരീരമാസകലം പൊടിയായി.ഞാൻ നിന്നതിനടുത്തുള്ള ഒരു ലോഡ്ജിൽ നിന്ന് വെള്ളമെടുത്ത് മുഖവും കണ്ണും കഴുകി തിരികെ പുറത്തേക്ക് നടക്കുമ്പോൾ തന്നെ അടുത്ത കാറ്റു വരുന്നത് കണ്ടു കണ്ണടച്ച് മുഖം പൊത്തി നിന്നതിനാൽ ഇത്തവണ പൊടി കണ്ണിലായില്ല. ഇവിടുത്തെ മിക്ക കടകളുടെയും മുൻവശം ഗ്ലാസോ പ്ലാസ്റ്റിക്കോ ഇട്ട് മറച്ചിരിക്കുന്നതിൻ്റെ കാരണം ഇപ്പോളാണ് മനസിലായത്. വേനൽക്കാലത്ത് ഇത്തരം പൊടിക്കാറ്റ് നിരന്തരമിവിടെ ഉണ്ടാവും.

അടുത്ത കാറ്റ് വരുന്നതിന് മുമ്പ് വേഗം താഴെയുള്ള റോഡിലെത്തി നേരത്തെ ഈ ടൗണിലേക്ക് വന്നതിൻ്റെ എതിർ ദിശയിലേക്ക് നൂറ് മീറ്റർ നടന്ന് കഴിഞ്ഞപ്പോൾ നഗരത്തിൻ്റെ രൂപം തന്നെ മാറി.ധാരാളം നല്ല ഹോട്ടലുകളും ആധുനിക രീതിയിലുള്ള കെട്ടിടങ്ങളും ഒക്കെ ഉണ്ട്.ഞാൻ നേരത്തെ കണ്ടത് ഇവിടുത്തെ ജനങ്ങൾ നിത്യേന ആശ്രയിക്കുന്ന കടകളും മാർക്കറ്റുമൊക്കെയാണ് എന്നാൽ ഈ പ്രദേശം ടൂറിസ്റ്റുകളെ മാത്രം ലക്ഷ്യം വച്ചുള്ളവയാണ്.

നടന്ന് മടുത്തപ്പോൾ ടൗണിലോടുന്ന മാരുതി ഓമ്നി ഷെയർ ടാക്സിയിൽ ഞാൻ ബസ് സ്റ്റാൻഡിലേക്ക് തിരികെയെത്തി. ഇവിടെ സുരു നദിയുടെ തിരത്തു കൂടി അടുത്ത മാർക്കറ്റ് വരെ ഒരു വാക്ക് വേ പണിതിട്ടുണ്ട് കാലാപാനിയായി ശക്തമായി ഒഴുകുന്ന നദിയുടെ കാഴ്ച കണ്ട് നടന്ന് മാർക്കറ്റിലെത്തി. പച്ചക്കറിയും തുണിയും ഇലക്ട്രോണിക് സാധനങ്ങളുമൊക്കെ താൽക്കാലിക കടകളിലും നിലത്തുമൊക്കെ വില്പനക്ക് വച്ചിരിക്കുന്ന മാർക്കറ്റ് കടന്ന് റോഡിലേക്ക് കയറി. ഒരു ചെറുപ്പക്കാരൻ ചെറിയ ചിക്കൻ കഷണങ്ങൾ കമ്പിയിൽ കോർത്ത് കനലിൽ ചുട്ടെടുത്ത് വിൽക്കുന്നു.

ഒരു കമ്പിയിൽ കോർത്ത ചിക്കൻ കഷണങ്ങൾക്ക് വില അമ്പത് രൂപയാണ്. അതിലൊന്ന് വാങ്ങിക്കഴിച്ചപ്പോൾ നമുക്ക് ഇഷ്ടപ്പെടുന്ന മസാലയും നല്ല രുചിയുമാണ്. സമയം എട്ട് മണിയായി തണുപ്പ് കൂടി വന്നതിനാൽ ഞാൻ ലോഡ്ജിലേക്ക് മടങ്ങി.കുളി കഴിഞ്ഞപ്പോളെക്കും റൂം ബോയി ഭക്ഷണത്തിൻ്റെ ഓർഡറെടുക്കാൻ വന്നു.അവനോട് സംസാരിച്ചപ്പോളാണ് കാർഗിലിൽ മദ്യം ലഭ്യമല്ലന്ന കാര്യം ഞാനറിയുന്നത് മൈനസ് 18 ഡിഗ്രി വരെ തണുപ്പുണ്ടാവുന്ന സ്ഥലമായ കാർഗിൽ ഡ്രൈ ഏറിയ ആണെന്നത് വിശ്വസിക്കാൻ പറ്റിയില്ല.

95% മുസ്ലിങ്ങളുള്ള ശ്രിനഗറിൽ മദ്യം ലഭ്യമാണ് പക്ഷെ 90% മുസ്ലിങ്ങളുളള കാർഗിലിൽ ലഭ്യമല്ല.കാർഗിൽ ഒരു ടൂറിസ്റ്റ് കേന്ദ്രമല്ലാത്തതിനാലാവാം അതെന്ന് തോന്നുന്നു. നിരോധനമൊക്കെ ആണെങ്കിലും റൂം ബോയി സാധനമെത്തിച്ചു ശ്രീനഗറിൽ നിന്നും ബ്ലാക്കിൽ കൊണ്ടു വരുന്നതാണ് ഇരട്ടി വില നൽകണ്ടി വന്നെന്ന് മാത്രം.

ഇന്ത്യയിൽ മദ്യനിരോധനമുളള എല്ലായിടത്തേയും സ്ഥിതി ഇത് തന്നെയാണ്. സമ്പൂർണ്ണ
മദ്യ നിരോധനമുള്ള ഗുജറാത്തിൽ 6000 മദ്യക്കടകളുള്ള തമിഴ് നാട്ടിനേക്കാൾ എളുപ്പത്തിൽ എവിടെയും മദ്യം ലഭിക്കും. ഉത്തരഖണ്ഡിലെ ചില തീർത്ഥാടന കേന്ദ്രങ്ങളിലും ഇത് തന്നെയാണ് സ്ഥിതി അരമണികൂറിനകം ഭക്ഷണമെത്തി ചപ്പാത്തിയും ദാലും അതും കഴിച്ച് നേരത്തെ കിടക്ക പൂകി. നാളെ രാവിലെ കാർഗിൽ വാർ മെമ്മോറിയൽ കാണാൻ പോകണം.

(തുടരും)

(ലേഖനത്തിന്റെ മുൻഭാഗം ഇവിടെ വായിക്കാം)

Share

More Stories

കണ്ണൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം

0
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർ ശരത്ത് പുതുക്കൊടിക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം. മട്ടന്നൂർ പോളി ടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഘോഷം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ശരത്തിന് നേരെ...

അധികമായി 10 മില്യൺ പൗണ്ട് നൽകും; യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു

0
ജനങ്ങളുടെ കൂട്ട കുടിയൊഴിപ്പിക്കലിനോടും അതുപോലെ തന്നെ വർദ്ധിച്ചുവരുന്ന സിവിലിയൻ നാശനഷ്ടങ്ങളോടും പ്രതികരിക്കാൻ 10 മില്യൺ പൗണ്ട് നൽകിക്കൊണ്ട് യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു. എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും എത്രയും വേഗം രാജ്യം...

രാജ് ശീതൾ: ബീജസങ്കലനത്തിലൂടെ ജനിച്ച ഇന്ത്യയിലെ ആദ്യത്തെ കുതിരക്കുട്ടി

0
രാജ്യത്തെ കുതിരകളുടെ എണ്ണം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്- നാഷണൽ റിസർച്ച് സെൻറർ ഓൺ ഇക്വീൻസ് (ഐഎസ്ആർ-എൻആർസിഐ) അടുത്തിടെ മാർവാരിയിലും ശീതീകരിച്ച ശുക്ലവും ഉപയോഗിച്ച് ബീജസങ്കലനം വഴി കുഞ്ഞുങ്ങളെ...

‘സത്യം ജയിച്ചു’, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ.സുരേന്ദ്രൻ; അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ

0
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ്- ലീഗ് ഗൂഢാലോചനയാണ്...

മുതിർന്നവർക്കും പല്ലു മുളയ്ക്കും, ഈ മരുന്ന് കഴിച്ചാൽ; 2030ല്‍ വിപണിയിലെത്തും

0
കുട്ടികളുടെ പാല്‍പല്ലുകള്‍ പോയി പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്. പ്രായപൂര്‍ത്തിയായവരില്‍ നഷ്‌ടപ്പെട്ടാല്‍ വീണ്ടും മുളയ്ക്കില്ല. എന്നാല്‍, ഇക്കാര്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രായമാവരില്‍ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന്...

ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച; പിവി അന്‍വറിൻ്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്?

0
സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പിവി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി...

Featured

More News