വാൾട്ടർ സലസ് സംവിധാനം ചെയ്‌ത പ്രേക്ഷക ഹൃദയം തകർത്ത ‘അയാം സ്റ്റിൽ ഹിയർ’ ഐഎഫ്എഫ്കെ ഉദ്ഘാടന ചിത്രം. ചെഗുവേരയുടെ ആത്മകഥാപരമായ മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി അതേ പേരിൽ സലസ് ചിത്രം സംവിധാനം ചെയ്‌തിട്ടുണ്ട്. പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് വാൾട്ടർ സലസ്.
അമേരിക്കയിൽ 1950കളിലും അറുപതുകളിലും രൂപം കൊണ്ട ബീറ്റ് ജനറേഷൻ എന്ന വിഗ്രഹ ഭഞ്ജക സാംസ്‌കാരിക മുന്നേറ്റത്തിൻ്റെ പ്രതീകമായ ‘ഓൺ ദ് റോഡ്’ എന്ന നോവലിനും ‘സലസ്’ ചലച്ചിത്രഭാഷ്യം നൽകി. ജാക് കെറുവാക് ആണ് ഈ കൾട് നോവൽ എഴുതിയത്. സെൻട്രൽ സ്റ്റേഷൻ എന്ന അതിമനോഹരമായ മറ്റൊരു റോഡ് മൂവി കൂടിയുണ്ട് സലസിൻ്റെതായി.
പ്രശസ്‌ത ബ്രസീലിയൻ നടി ഫെർണാണ്ട മോണ്ടിനെഗ്രോ ആണ് അതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അയാം സ്റ്റിൽ ഹിയർ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ യൂനിസ് പായ്‌വയെ അവതരിപ്പിക്കുന്ന ഫെർണാണ്ട ടോറെസ് മോണ്ടിനെഗ്രോയുടെ മകളാണ്. യൂനിസിൻ്റെ വാർധക്യകാലം അവതരിപ്പിക്കുന്നത് മോണ്ടിനെഗ്രോയും ആണ്.
ബ്രസീലിൽ പട്ടാളഭരണം നിലനിന്നിരുന്ന 1970കളാണ് സിനിമയുടെ പശ്ചാത്തലം. സലസിന് അടുപ്പമുണ്ടായിരുന്ന പായ്‌വ കുടുംബത്തിൻ്റെ കഥയാണിത്. റൂബൻസും യൂനിസും അഞ്ചു മക്കളും ആഹ്ളാദപൂർവം ജീവിച്ചിരുന്ന ആ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു സലസ്. പട്ടാളഭരണത്തിൻ്റെ അടിച്ചമർത്തൽ സ്വഭാവത്തിന് കടകവിരുദ്ധമായിരുന്നു ആ കുടുംബത്തിൻ്റെ അന്തരീക്ഷം.
രാഷ്ട്രീയവും ബ്രസീലിയൻ സംഗീതവും അവിടെ നിറഞ്ഞുനിന്നു. ബഹുസ്വരതയായിരുന്നു ആ കുടുംബത്തിൻ്റെ മുഖമുദ്ര. അവിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തത്തെ കുറിച്ചാണ് ഈ സിനിമ. ഭരണകൂട ഭീകരതയുടെ ഇരകളായി മാറുന്ന ഒരു കുടുംബത്തിൻ്റെ ദുരന്തകഥ കൂടിയാണ്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.