ഏപ്രിൽ 22ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകര ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. വ്യോമസേനാ മേധാവി എപി സിംഗ് ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതായി കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രിയും നാവികസേനാ മേധാവി അഡ്‌മിറൽ ദിനേശ് കെ ത്രിപാഠിയും തമ്മിൽ നടന്ന പ്രത്യേക കൂടിക്കാഴ്‌ചക്ക് 24 മണിക്കൂറിനുള്ളിൽ വ്യോമസേനാ മേധാവിയുമായുള്ള കൂടിക്കാഴ്‌ചയും നടന്നു. കഴിഞ്ഞ ആഴ്‌ച പ്രധാനമന്ത്രി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
യോഗത്തിൻ്റെ ഔദ്യോഗിക പ്രസ്‌താവന മാധ്യമങ്ങൾക്ക് നൽകിയിട്ടില്ലെങ്കിലും ഏപ്രിൽ 22ന് പഹൽഗാമിൽ വിനോദ സഞ്ചാരികളുടെ സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്ത ആക്രമണത്തോടുള്ള പ്രതികരണത്തെ കുറിച്ചുള്ള ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്‌ച.
കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായിരുന്നു. അവരിൽ പലരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ്, വസന്തകാലത്ത് തെക്കൻ കാശ്‌മീരിലെ മനോഹരമായ പ്രദേശം സന്ദർശിക്കാൻ എത്തിയവരായിരുന്നു.
സമീപ വർഷങ്ങളിൽ കാശ്‌മീരിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്താൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നതായി ഇന്ത്യ ആരോപിക്കുന്ന പാകിസ്ഥാനെതിരെ പ്രതികാര നടപടി സ്വീകരിക്കണമെന്ന ആഹ്വാനത്തിനും ഇത് കാരണമായി.
ആക്രമണത്തോടുള്ള രാജ്യത്തിൻ്റെ പ്രതികരണത്തിൻ്റെ സ്വഭാവം, ലക്ഷ്യങ്ങൾ, സമയം എന്നിവ തീരുമാനിക്കാൻ ഇന്ത്യൻ സായുധ സേനക്ക് “പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം” ഉണ്ടെന്ന് ഈ ആഴ്‌ച ആദ്യം നടന്ന ഒരു ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി മോദി പ്രതിരോധ നേതൃത്വത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകി.
മുൻ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ സ്റ്റാഫ് മേധാവി ജനറൽ അനിൽ ചൗഹാൻ, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ പങ്കെടുത്തു.