ഇന്ത്യ–യുഎസ് വ്യാപാര കരാറിനെക്കുറിച്ച് പാർലമെന്റിൽ വ്യക്തമായ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. ഈ കരാർ രാജ്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും, അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് തള്ളിക്കൊണ്ടുവരാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയെ അക്രമാസക്തമാക്കാനാണ് പ്രതിപക്ഷ നേതാവിന്റെ നീക്കമെന്നും, ജനാധിപത്യ മര്യാദകൾ പ്രതിപക്ഷം കാറ്റിൽ പറത്തുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കേന്ദ്ര ബജറ്റിനെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നതുകൊണ്ടാണ് പ്രതിപക്ഷം സഭയിൽ ബഹളം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ സഭയിൽ ചർച്ച നടത്താൻ പ്രതിപക്ഷം തയ്യാറല്ലെന്നും, അത്തരം ഒരു ചർച്ച നടന്നാൽ അത് പ്രതിപക്ഷത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016ന് മുൻപുള്ള വികസനമില്ലാത്ത കേരളത്തെയാണോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. യുഡിഎഫ് വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശന്റെ ശരീരഭാഷ പോലും കനഗോലുവാണ് തീരുമാനിക്കുന്നതെന്ന വിമർശനവും ഗോവിന്ദൻ മാസ്റ്റർ ഉന്നയിച്ചു.
കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.























