അവസാന മൂന്ന് വർഷത്തിനിടെ 2,430.84 കോടി രൂപ വിദേശ ധനസഹായം ഇന്ത്യൻ എൻജിഒകൾക്ക് ലഭിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ അറിയിച്ചു. 2021-22ൽ 905.50 കോടി രൂപയും 2020-21ൽ 798.18 കോടി രൂപയും 2019-20ൽ 727.16 കോടി രൂപയും എൻജിഒകൾക്ക് വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
രാജ്യത്ത് 2023 മാർച്ച് 10 വരെ, 16,383 എൻജിഒകളുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് സാധുതയുണ്ടെന്നും അതിൽ 14,966 എൻജിഒകൾ 2021-22 സാമ്പത്തിക വർഷത്തേക്ക് ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്‌ട് 2010 പ്രകാരം നിർബന്ധിത വാർഷിക റിട്ടേൺ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എഫ്‌സിആർഎ രജിസ്റ്റർ ചെയ്ത അസോസിയേഷനുകൾ വിദേശ സംഭാവനകൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുമ്പ് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അത്തരം പരാതികൾ നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾ അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.























