ഐഫോൺ 16 സീരീസുകൾ പുറത്തിറങ്ങാനായി മണിക്കൂറുകൾ മാത്രം. പുതിയ ഫോണുകളിൽ ഉണ്ടാകുന്ന മാറ്റം ആകാംക്ഷയിലാണ് ഐഫോൺ പ്രേമികൾ. നിരവധിപേർ പുതിയ മോഡൽ വാങ്ങാനായി പ്ലാൻ ചെയ്യുന്നുണ്ട്. ഇതിനിടെ എന്താകും പുതിയ ഐഫോൺ സീരീസിലെ മാറ്റം എന്നതിനെ സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
പുതിയ മോഡലിൽ പ്രധാനമായും ക്യാമറയിൽ ആകും അപ്ഗ്രഡേഷൻ എന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളിൽ പ്രധാന ക്യാമറ 48 മെഗാപിക്‌സൽ തന്നെ ആയിരിക്കുമെങ്കിലും രണ്ടാമത്തെ ക്യാമറ കുറച്ചുകൂടി വൈഡ് ആയുളള ചിത്രങ്ങൾ എടുക്കാനുള്ള രീതിയിൽ മാറ്റമുണ്ടാകും.
നിലവിലെ ഐഫോൺ സീരീസുകളെ പോലെയാവില്ല, ഐഫോൺ 11 ഡിസൈൻ പോലെ ഒന്നിന് മേലെ ഒന്ന് എന്ന രീതിയിലാകും ക്യാമറ ഉണ്ടാകുക. ഇവ കൂടാതെ ഫോട്ടോ, വീഡിയോ തുടങ്ങിയവ എടുക്കുന്നതിനായി ഫോണിൻ്റെ വലത് വശത്തായി ‘ക്യാപ്ച്ചർ’ ബട്ടണുകളും ഉണ്ടാകും.
അതേസമയം, ഐഫോണിൻ്റെ പുതിയ പതിപ്പ് പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അവയുടെ വില എന്താകുമെന്ന ആകാംക്ഷയിലും കൂടിയാണ് ഐഫോൺ പ്രേമികൾ. ഐഫോൺ 16 മോഡലിന് അമേരിക്കയിൽ ഏകദേശം $799 അതായത് 67,100 രൂപയാകും വില. ഐഫോൺ 16 പ്ലസിന് $899, ഏകദേശം 75,500 രൂപയായിരിക്കും വില. ഐഫോൺ പ്രോയിന് $1,099 (92,300 രൂപ) പ്രോ മാക്‌സിന് $1,199 (ഏകദേശം 1,00,700) എന്നിങ്ങനെയാണ് വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിൽ ഈ വിലയ്ക്ക് കിട്ടുമെങ്കിലും ഇന്ത്യയിലെത്തിമ്പോൾ ഇറക്കുമതി തീരുവ, നികുതി തുടങ്ങിയ നിരവധി കാരണങ്ങളാൽ വില പിന്നെയും കൂടും. ഐഫോൺ 15 പ്രൊ അടക്കമുള്ള വലിയ മോഡലുകൾ പോലും 1,35,000 രൂപയ്ക്കായാണ് ഇന്ത്യയിൽ വിറ്റു പോയെന്നിരിക്കെ, 16 മോഡലുകളുടെ വില എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.