ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്‌തബ ഖമനയിക്ക് പരിക്കേറ്റതായി ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ട്. ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽ മൊജ്‌തബക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറയുന്നത്.
റമദാൻ യുദ്ധത്തിലെ ജൻബാസ് എന്നാണ് മൊജ്‌തബ ഖമനയിയെ ഇറാനിയൻ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി 28ന് തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൊജ്‌തബയുടെ പിതാവും ഇറാൻ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമേനിയും മാതാവും സഹോദരിയും കുഞ്ഞും അടക്കം കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ആയത്തുള്ള ഖമനയിയുടെ പിന്‍ഗാമിയായി മുജ്‌തബയെ തെരഞ്ഞെടുത്തത്. 88 പുരോഹിതന്മാരടങ്ങിയ സംഘമായിരുന്നു പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്‌തബ ഖമേനിയെ ഇറാൻ്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പ്രസ്‌താവനയിലൂടെ അറിയിക്കുകയായിരുന്നു.























