രാജ്യത്തും ലോകത്തും ഇസ്‌ലാമോഫോബിയയും മുസ്‌ലിം വിരോധവും ശക്തിപ്പെടുകയാണെന്ന് പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാര്‍ത്തകള്‍ രാജ്യത്തുനിന്നും കേള്‍ക്കുന്നുണ്ടെന്നും വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടതെന്നും പാളയം ഇമാം പറഞ്ഞു. തിരുവനന്തപുരം പാളയം പളളിയില്‍ നടന്ന ഈദ് ഗാഹിന് ശേഷം ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
‘ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ രാജ്യത്തുനിന്നും കേള്‍ക്കുന്നു. പക്ഷെ, വാര്‍ത്തകളില്‍ നാം ഭയപ്പെടേണ്ടതില്ല. പല സമുദായ സഹോദരങ്ങള്‍ തന്നെ അതിനെ എതിര്‍ക്കാന്‍ മുന്നോട്ടുവരുന്നു. അത് ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്. വെറുപ്പിനെ വെറുപ്പുകൊണ്ടല്ല നേരിടേണ്ടത്. തിന്മയെ നന്മ കൊണ്ടാണ് പ്രതിരോധിക്കേണ്ടത്. നന്മയും തിന്മയും തുല്യമാവില്ല’, -പാളയം ഇമാം പറഞ്ഞു.
ലോകം ഇന്നൊരു യുദ്ധമുഖമാണെന്നും ട്രംപിൻ്റെയും നെതന്യാഹുവിൻ്റെയും നേതൃത്വത്തില്‍ ഇറാന്‍ നടത്തിയ ആക്രമണം ലോകത്തെ യുദ്ധമുഖത്തേക്ക് നയിച്ചിരിക്കുകയാണെന്നും പാളയം ഇമാം പറഞ്ഞു. ‘സ്‌കൂള്‍ കുട്ടികളെപ്പോലും ബോംബിട്ട് കൊല്ലുകയാണ്. ലോകത്ത് നിലക്കാത്ത വെടിയൊച്ചകള്‍ നിരന്തരമായി സൃഷ്‌ടിക്കുന്നു. പരസ്പരം വിട്ടുവീഴ്‌ച ചെയ്‌തെങ്കിലും ഒരു സമാധാന കരാര്‍ ഉണ്ടാക്കാന്‍ സാധിക്കട്ടെയ സമാധാനം പുലരണം എന്നാണ് ലോകം ആഗ്രഹിക്കുന്നത്, ഇമാം പറഞ്ഞു.
അന്താരാഷ്ട്ര സഞ്ചാരത്തെയും ചരക്കുനീക്കത്തെയും യുദ്ധം ബാധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നവരെ ഓര്‍ത്ത് കുടുംബങ്ങള്‍ വേദനിക്കുന്നു. ലോക സമാധാനത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. പൂര്‍ണമായ യുദ്ധവിരാമമാണ് ആവശ്യം. സൈറണ്‍ മുഴക്കങ്ങള്‍ ഇല്ലാത്ത ബോംബ് വര്‍ഷങ്ങള്‍ ഇല്ലാത്ത ഒരു ലോകത്തെ ലഭിക്കാനായി പ്രാര്‍ത്ഥിക്കാം’; -പാളയം ഇമാം പറഞ്ഞു.























