| ശ്രീകാന്ത് പികെ
വിനയ് ശർമ എന്നൊരു കറ കളഞ്ഞ സംഘപരിവാർ അനുഭാവി രചനയും സംവിധാനവും നിർമ്മിച്ച് റിലീസിന് കാത്തിരിക്കുന്നൊരു പ്രൊപ്പഗാണ്ട സിനിമയാണ് ജഹാങ്കിർ നാഷണൽ യൂണിവേഴ്‌സിറ്റി അഥവാ ജെഎൻയു. ഒരു ഗ്രാമത്തിൽ നിന്നും ജെ.എൻ.യു അഥവാ ജഹാങ്കിർ നാഷണൽ യൂണിവേഴ്‌സിറ്റിയിലേക്ക് പഠനത്തിന് വന്ന്, അവിടെ ഇസ്ലാമിക തീവ്രവാദവും, ലവ് ജിഹാദും, ദേശവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന ‘ആന്റി നാഷണൽ: ലെഫ്റ്റിസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷനെ തകർത്ത് ദേശസ്നേഹികളായ വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുന്ന ഒരുത്തന്റെ കഥ എന്നാണ് IMDb യിൽ കാണുന്നത്.
കേരള സ്റ്റോറി പോലെ, കോടികൾ മുടക്കി ഈ രാജ്യത്തെ കേവലമൊരു സർവ്വകലാശാലക്കെതിരെയും അവിടത്തെ വിദ്യാർത്ഥി യൂണിയൻ ഭരിക്കുന്ന ലെഫ്റ്റ് യൂണിറ്റിക്കെതിരെയും ഇങ്ങനെയൊരു പടമൊക്കെ പിടിക്കണമെങ്കിൽ ഒറിജിനൽ ശരിക്കുമുള്ള ജെഎൻയു അവരെ എന്തുമാത്രം അലോസരപ്പെടുത്തുന്നുണ്ടാകും.
ജെ.എൻ.യു യൂണിയൻ തെരഞ്ഞെടുപ്പിൽ വീണ്ടും ഇടത് സഖ്യം വിജയ്ച്ചിരിക്കുകയാണ്. സർവ്വകലാശാല ഭരണകൂടത്തിന്റെ പിന്തുണയോടെ തങ്ങളുടെ ആവനാഴിയിലെ എല്ലാ കളികളും പുറത്തെടുത്തിട്ടും എ.ബി.വി.പിക്ക് നിലം തൊടാൻ സാധിച്ചില്ല. വോട്ടെടുപ്പിന് മണിക്കൂറിനുമുമ്പ് ഇടത് സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാർത്ഥിയെ അയോഗ്യയാക്കി, കോടതിയെ സമീപിക്കാൻ പോലും അവസരമില്ലാത്ത സമയത്ത്. ആലോചനകളില്ലാതെ സഖ്യം ബാപ്സ സ്ഥാനാർത്ഥിയെ പിന്തുണച്ചു. സ്വന്തം രാജ്യസഭാ സീറ്റ് പോലും കളഞ്ഞു കൊണ്ട് അടുത്ത അഞ്ച് വർഷത്തേക്ക് കൂടി അധികാര സ്ഥാനം കിട്ടുമോയെന്ന് നോക്കിയോടുന്ന തലമുതിർന്ന കൂട്ടത്തിന് വിദ്യാർത്ഥികളുടെ ഉത്തരം.
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യുവിന് ഒരു തരത്തിലും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല, എന്ന് മാത്രമല്ല, എൻ.എസ്.യു മത്സരിക്കാത്ത സീറ്റുകളിൽ എ.ബി.വി.പി വോട്ടുകൾ കുത്തനെ വർദ്ധിച്ചു. ഭാവിയിലെ കോൺഗ്രസ് നേതാക്കൾ കലാലയങ്ങളിൽ നിന്ന് തന്നെ തങ്ങളുടെ അടിസ്ഥാന ആശയം നിലനിർത്തി പോരുന്നുണ്ട്.
രാജ്യ തലസ്ഥാനത്ത് സംഘപരിവാറിന്റെ വലിയ മഷിനറികളോട് നേരിട്ട് ഏറ്റുമുട്ടിയാണ് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ വിജയക്കൊടി പാറിച്ചത്.
കർഷക പ്രക്ഷോഭ കാലത്ത് നരേന്ദ്ര മോദി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ടാകും.” അവർ തെക്കേ ഇന്ത്യയിൽ ഒരു മൂലയിൽ കേരളത്തിൽ മാത്രമേ അധികാരത്തിലുള്ളൂ. പക്ഷേ അവരെ ഞങ്ങൾ ഗൗരവകരമായി തന്നെ കാണുന്നു. കാരണം അവരുടെ ആശയം അപകടകരമാണ്.”
സംഘപരിവാറിന് അപകടകരമായ ആ ആശയത്തെ ഇല്ലായ്മ ചെയ്യാനാണ്, കേരള സ്റ്റോറിയും ജഹാങ്കിർ നാഷണൽ യൂണിവേഴ്‌സിറ്റിയുമൊക്കെയായി അവർ കഷ്ടപ്പെടുന്നത്. അവർക്ക് അലോസരമുണ്ടാക്കുന്ന ആ ശബ്ദങ്ങൾ തെരുവുകളിലും കലാലയങ്ങളിലും പാർലിമെന്റിലുമൊക്കെ കൂടുതൽ കൂടുതൽ എത്തിക്കുക എന്നതാണ് സംഘപരിവാർ വിരുദ്ധരായ മനുഷ്യർ ചെയ്യേണ്ടുന്ന കടമ.