കോവിഡ്-19 മഹാമാരിക്ക് ശേഷം ജാപ്പനീസ് കമ്പനികൾ ഇന്ത്യയെ തങ്ങളുടെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായി കാണുന്നു. ചൈനയെ ആശ്രയിക്കുന്നത് കുറക്കുന്നതിനും അതിൻ്റെ നിർമ്മാണ, വിതരണ ശൃംഖല വൈവിധ്യ വൽക്കരിക്കുന്നതിനുമുള്ള തന്ത്രമാണ് ഇതിന് പ്രധാന കാരണം.
ഇതിനെ ‘ചൈന പ്ലസ് വൺ’ നയം എന്ന് വിളിക്കുന്നു. ഫിനാൻഷ്യൽ കൺസൾട്ടൻസി സ്ഥാപനമായ ഡെലോയിറ്റിലെ വിദഗ്‌ധരുടെ അഭിപ്രായത്തിൽ ഈ നയം പ്രകാരം ജാപ്പനീസ് കമ്പനികൾ ഇതര രാജ്യങ്ങളിൽ ഉൽപ്പാദന സൗകര്യങ്ങൾ സ്ഥാപിക്കുന്നുണ്ട്. ഇന്ത്യ ഒരു പ്രധാന ഗുണഭോക്താവായി ഉയർന്നുവരുന്നു.
ഒരു വലിയ ആഭ്യന്തര വിപണി
കോവിഡ്-19ന് ശേഷമുള്ള ‘ചൈന- പ്ലസ്’ വിതരണ ശൃംഖല തന്ത്രങ്ങൾ ജാപ്പനീസ് കമ്പനികൾ സജീവമായി പര്യവേക്ഷണം ചെയ്യുന്നുണ്ടെന്നും ഇന്ത്യ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഉയർന്നു വരുന്നുവെന്നും ഡെലോയിറ്റ് ജപ്പാൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) കെനിച്ചി കിമുറ പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപിക്കുന്നത് കമ്പനികൾക്ക് നിരവധി നേട്ടങ്ങൾ നൽകുന്നു. ഉദാഹരണത്തിന് ഒരു വലിയ ആഭ്യന്തര വിപണി, മത്സരാധിഷ്ഠിത തൊഴിൽ ചെലവുകൾ, പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങിയ ഉയർന്ന വളർച്ചയുള്ള വിപണികളിലേക്കുള്ള പ്രവേശനം.
ഇന്ത്യയുടെ പ്രധാന നേട്ടങ്ങൾ
വലിയ ആഭ്യന്തര വിപണി: ഇന്ത്യയിലെ വലിയ ജനസംഖ്യയും വർദ്ധിച്ചു വരുന്ന വാങ്ങൽ ശേഷിയും കമ്പനികൾക്ക് സ്ഥിരമായ ഡിമാൻഡ് ഉറപ്പാക്കുന്നു.
മത്സരാധിഷ്ഠിത തൊഴിൽ ചെലവുകൾ: താരതമ്യേന കുറഞ്ഞ തൊഴിൽ ചെലവുകൾ കമ്പനികളെ ഉൽപ്പാദനച്ചെലവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.
തന്ത്രപരമായ ഭൂമിശാസ്ത്രപരമായ സ്ഥാനം: ഇന്ത്യയുടെ സ്ഥാനം പശ്ചിമേഷ്യ, ആഫ്രിക്ക, മറ്റ് വളർന്നുവരുന്ന വിപണികൾ എന്നിവയുടെ ഒരു വ്യാപാര കേന്ദ്രമാക്കി മാറ്റുന്നു.
ശക്തമായ ബിസിനസ്, പ്രതിഭ ശൃംഖല: ഇന്ത്യയിൽ ഇതിനകം തന്നെ സ്ഥാപിതമായ ബിസിനസ് ആവാസവ്യവസ്ഥയും പ്രതിഭ ശൃംഖലയും കമ്പനികളുടെ പ്രവർത്തനങ്ങൾ എളുപ്പത്തിൽ വികസിപ്പിക്കാൻ സഹായിക്കുന്നു.
ഈ മാറ്റത്തിൽ ജാപ്പനീസ് സർക്കാരും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആഭ്യന്തരമായോ തെക്കുകിഴക്കൻ ഏഷ്യയിലോ ഉൽപ്പാദനം മാറ്റുന്നതിന് കമ്പനികൾക്ക് സർക്കാർ ഗണ്യമായ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ വലിയ വിപണിയും തൊഴിൽ വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നതിനായി ജാപ്പനീസ് കമ്പനികൾ തന്ത്രപരമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുകയാണ്.
ഡെലോയിറ്റ് സൗത്ത് ഏഷ്യ സിഇഒ റോമൽ ഷെട്ടിയുടെ അഭിപ്രായത്തിൽ, ‘ചൈന പ്ലസ് വൺ’ തന്ത്രം ജാപ്പനീസ് കമ്പനികളെ ഇന്ത്യയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത് അവരുടെ വിതരണ ശൃംഖലകളെ കൂടുതൽ വൈവിധ്യ പൂർണ്ണവും ശക്തവുമാക്കി.
ഈ തന്ത്രത്തിന് കീഴിൽ, ജപ്പാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ ജാപ്പനീസ് കമ്പനികളുടെ വർദ്ധിച്ചു വരുന്ന നിക്ഷേപം ഇന്ത്യയുടെ വ്യാവസായിക വികസനത്തെ ത്വരിതപ്പെടുത്തുക മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.