ന്യൂഡല്‍ഹി: 1975ല്‍ ഗുല്‍സാര്‍ സംവിധാനം ചെയ്‌ത ക്ലാസിക് ചിത്രമായ ‘ആന്ധി’ റിലീസ് ചെയ്‌തിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. സഞ്ജീവ് കുമാര്‍- സുചിത്ര സെന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം റീ- റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ രംഗത്തെത്തി.
ആധുനിക സിനിമാ ചരിത്രത്തിലെ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ആന്ധി ഗാനരചയിതാവും കവിയുമായ ഗുല്‍സാറിൻ്റെ ചലച്ചിത്ര യാത്രയിലെ മികച്ച ചിത്രമായി മാറിയിരുന്നു.
”വളരെ മികച്ചൊരു ചിത്രമാണിത്. ഇന്നത്തെ മള്‍ട്ടി പ്ലക്‌സുകളില്‍ ചിത്രം റീ- റിലീസ് ചെയ്യണം. ബുദ്ധിപരവും ഉയര്‍ന്ന ഐക്യുവും ഉള്ള ചിത്രങ്ങള്‍ക്ക് ചില പോരായ്‌മകളുണ്ട്. വലിയ തിയേറ്ററുകളില്‍ ഈ ചിത്രങ്ങള്‍ക്ക് വേണ്ടത്ര പ്രേക്ഷകരെ ലഭിക്കണമെന്നില്ല. എന്നാല്‍ ആന്ധി പോലുള്ള ചിത്രം വീണ്ടും റിലീസ് ചെയ്‌താല്‍ മികച്ച കളക്ഷന്‍ നേടും എന്ന് കരുതുന്നു,” -ജാവേദ് അക്തര്‍ പിടിഐയോട് പ്രതികരിച്ചു.
ആര്‍ഡി ബര്‍മ്മനാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. കിഷോര്‍ കുമാറും ലതാ മങ്കേഷ്‌കറുമാണ് ഗാനങ്ങള്‍ ആലപിച്ചത്. തേരേ ബിനാ, തും ആ ഗയേ ഹോ, ഇസ് മോഡ് സേ ജാതേ ഹേ എന്നീ ഗാനങ്ങള്‍ ഇന്നും ജനങ്ങള്‍ നെഞ്ചിലേറ്റുന്നു.
ഹിന്ദിയിലെ പ്രശസ്‌ത എഴുത്തുകാരനായ കമലേശ്വര്‍ ആണ് ചിത്രത്തിൻ്റെ കഥയൊരുക്കിയത്. വ്യത്യസ്‌തമായ സ്വപ്‌നങ്ങള്‍ കാരണം ബന്ധം തകരുന്ന രണ്ട് ദമ്പതികളുടെ കഥയാണ് ആന്ധി. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ആര്‍തി ദേവിയായി സുചിത്ര സെന്‍ എത്തുന്നു. രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ആര്‍തി ദേവി. ജെകെ എന്ന ഹോട്ടല്‍ മാനേജരുടെ വേഷമാണ് ചിത്രത്തില്‍ സഞ്ജീവ് കുമാര്‍ അവതരിപ്പിക്കുന്നത്.
1975-ലെ അടിയന്തരാവസ്ഥ കാലത്ത് പുറത്തിറങ്ങിയ ഈ ചിത്രം ആഴ്‌ചകള്‍ മാത്രമാണ് തിയേറ്ററുകളിൽ ഓടിയത്. സുചിത്ര സെന്‍ അവതരിപ്പിച്ച ആന്ധിയിലെ കഥാപാത്രത്തിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി സാമ്യമുണ്ടെന്ന് ആരോപണങ്ങൾ ഉയര്‍ന്നതിന് പിന്നാലെയാണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.
ബോളിവുഡ് സംവിധായകരായ മഹേഷ് ഭട്ട്, സൂരജ് ബര്‍ജാത്യ, കരണ്‍ ജോഹര്‍ നടന്‍ പ്രതീക് ഗാന്ധി, നിര്‍മാതാവ് ഹര്‍മന്‍ ബവേജ എന്നിവരുടെ മനസിലും ആന്ധിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ആന്ധിയിലെ രാഷ്ട്രീയത്തെ കുറിച്ചാണ് പലരും സംസാരിക്കുന്നത്. എന്നാല്‍ നഷ്‌ടപ്രണയത്തെ കുറിച്ചുള്ള സിനിമയാണ് ‘ആന്ധി’ എന്നാണ് തനിക്ക് തോന്നുന്നതെന്ന് മഹേഷ് ഭട്ട് പറഞ്ഞു.
”ചില അകലങ്ങള്‍ ഒരിക്കലും മറികടക്കാന്‍ പറ്റില്ലെന്ന് മനസിലാക്കാന്‍ വേണ്ടി മാത്രം രണ്ട് വ്യക്തികള്‍ വീണ്ടും കണ്ടുമുട്ടുന്നത് ജീവിതത്തിലെ ഒരു വിരോധാഭാസമാണ്. പ്രണയത്തിൻ്റെയും അഭിലാഷത്തിൻ്റെയും ധ്യാനമാണിത്. അക്കാലത്ത് ഒരു സ്ത്രീയ്ക്ക് വലിയ മോഹമുണ്ടാകുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അതിന് അവള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നു.
വളരെ വ്യക്തിപരമായ കഥയാണിത്. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാനും സ്ത്രീ ത്യാഗം ചെയ്യേണ്ടവളാണെന്ന ചിന്തയ്ക്ക് എതിരെ പോകാനും ഗുല്‍സാറിന് ധൈര്യമുണ്ടായിരുന്നു,” -മഹേഷ് ഭട്ട് പറഞ്ഞു. ചിത്രത്തിലെ തേരാ ബിനാ സിന്ധഗി സേ… എന്ന ആര്‍ഡി ബര്‍മന്‍ ഈണം നല്‍കിയ ഗാനം ഇപ്പോഴും ജനമനസുകളില്‍ മങ്ങാതെ നിലനില്‍ക്കുന്നു എന്നും മഹേഷ് ഭട്ട് പറഞ്ഞു.
സഞ്ജീവ് കുമാര്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ആന്ധി തൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണെന്ന് നടന്‍ പ്രതീക് ഗാന്ധി പറഞ്ഞു.
‘അദ്ദേഹത്തിൻ്റെ അഭിനയ വൈഭവം, അദ്ദേഹം കോമഡി സൃഷ്‌ടിച്ച രീതി തീവ്രമായ പ്രകടനങ്ങള്‍ എല്ലാം എന്നെ സ്വാധീനിച്ചു. എൻ്റെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് അദ്ദേഹം. ഒരേ നഗരത്തില്‍ നിന്നുള്ളവരാണ് ഞങ്ങള്‍ രണ്ടുപേരും. അദ്ദേഹവും സൂററ്റ് സ്വദേശിയാണ്,” -പ്രതീക് ഗാന്ധി പറഞ്ഞു.
ഗുല്‍സാറിൻ്റെ മിക്ക ചിത്രങ്ങളും പണ്ടത്തെ വീഡിയോ കാസറ്റുകളില്‍ കണ്ടത് താനോര്‍ക്കുന്നുവെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍ പറഞ്ഞു. വളരെ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഗുല്‍സാറിൻ്റെ ചിത്രങ്ങള്‍ തന്നെ സ്വാധീനിച്ചിരുന്നുവെന്ന് കരണ്‍ പറഞ്ഞു.
”ആന്ധിക്ക് 50 വയസ് പൂര്‍ത്തിയായെന്ന് വിശ്വസിക്കാനാകുന്നില്ല. സാഹിത്യത്തിലും സിനിമയിലും ഗുല്‍സാര്‍ നല്‍കിയ സംഭാവനകളെ ആഘോഷിക്കേണ്ടത് അനിവാര്യമാണ്. വളരെ വിശാലമായ സംഭാവനകളാണ് അദ്ദേഹം നല്‍കിയത്,” -നിര്‍മാതാവ് ഹര്‍മന്‍ ബവേജ പറഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്നുവെന്ന് നിര്‍മാതാവ് ബോണി കപൂര്‍ പറയുന്നു.