മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം അറിയിച്ചത്. നിയമപരമായ വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ പരിശോധിച്ചു.
ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രൻ നായരാണ് കമ്മീഷനായി നിയോഗിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ പരിശോധിക്കും. കമ്മീഷൻ പ്രധാനമായി ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്‌ടപ്പെട്ടത് എങ്ങനെയെന്ന് പരിശോധിക്കും.
പ്രധാനമായും നാല് തീരുമാനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ എടുത്തിട്ടുള്ളത്. പ്രസ്‌തുത ഭൂമിയിൽ താമസിക്കുന്ന കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല. ഇനി ഒരു തീരുമാനമാകും വരെ നോട്ടീസുകൾ ഒന്നും നൽക്കരുതെന്ന് വഖഫിനെ അറിയിച്ചു.
മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഭൂസംരക്ഷണ സമിതി. ജുഡീഷ്യൽ കമ്മീഷനെ വെക്കാനുള്ള തീരുമാനത്തിൽ നിരാശജനകമെന്നും ജുഡീഷ്യല്‍ കമ്മീഷൻ്റെ ആവശ്യമില്ലെന്നും സമരസമിതി പ്രതികരിച്ചു.
തങ്ങളുടെ മനസ് മരവിച്ചുപോയെന്നും സകല ആളുകള്‍ക്കും അറിയാം ഇത് വഖഫ് ഭൂമിയല്ലെന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു. സാധാരണക്കാരായ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കുന്ന രീതിയാണിതെന്നും സകല ആളുകള്‍ക്കും അറിയാം. ഇത് വഖഫ് ഭൂമിയല്ലെന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.