വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്‌തു. സംഭവത്തിൽ വനിതാ അഭിഭാഷകക്ക് ഒപ്പമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.
യുവതിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്നും നിയമസഹായം ഉറപ്പാക്കുമെന്നും പ്രാഥമിക നടപടി എന്ന നിലയിലാണ് സസ്പെൻഷൻ എന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
സംഭവത്തിൽ അഭിഭാഷക നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അഭിഭാഷകൻ ഇതിന് മുമ്പും തന്നെ മർദ്ദിച്ചിരുന്നുവെന്ന് അഭിഭാഷക പറഞ്ഞു. മറ്റുള്ള സ്റ്റാഫുകളോടും ഈ അഭിഭാഷകൻ അപമര്യാദയോടെ ആണ് പെരുമാറിയിരുന്നതെന്ന് പരാതിയുണ്ട്.
ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കം ഉണ്ടായിരുന്നു. ഇത് വീണ്ടും ചോദ്യം ചെയ്‌താണ് അഭിഭാഷകൻ യുവതിയെ മർദിച്ചത്. കണ്ടുനിന്ന ആരും എതിർത്തില്ലെന്നും യുവതി പറഞ്ഞു.
ഉച്ചക്ക് 12.30 -ഓടെ ആയിരുന്നു മർദ്ദനം. കഴിഞ്ഞ വ്യാഴാഴ്‌ച ഓഫീസിൽ വരണ്ട എന്ന് ശ്യാമിലിയോട് അഭിഭാഷകൻ പറഞ്ഞിരുന്നു. പിന്നീട് വെള്ളിയാഴ്‌ച വിളിച്ചു തിരികെ വന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ വീണ്ടും ജോലിക്ക് കയറി. ശേഷം ഇന്ന് ഇക്കാര്യം ശ്യാമിലി ചോദിച്ചു. ഇതിനെ തുടർന്നാണ് മർദനം.