| ആർ ബോസ്
കാർഗിൽ ടൗണിൽ നിന്ന് രാവിലെ പുറപ്പെട്ട് പതിനൊന്ന് മണിയോടെയാണ് ഞാൻ യുദ്ധസ്മാരകത്തിൽ എത്തിയത്. ലേ ശ്രീനഗർ ഹൈവേയുടെയരികിൽ ദ്രാസിന് പത്ത് കിലോമിറ്റർ ഇപ്പുറത്ത് വിജനമായൊരു സ്ഥലത്താണ് വാർ മെമ്മോറിയൽ നിർമ്മിച്ചിരിക്കുന്നത്. 2000ൽ ഇന്ത്യൻ സൈന്യം നിർമ്മിച്ചതാണ് കാർഗിൽ യുദ്ധ സ്മാരകം.പിന്നീട് പല തവണ നവീകരിക്കപ്പെട്ടാണ് ഇന്ന് കാണുന്ന സ്മാരകമായത്.
ഞാൻ ചെല്ലുമ്പോൾ വലിയ തിരക്കൊന്നുമില്ല പത്തോളം പേർ മാത്രമേ ക്യൂവിലുള്ളു. അകത്തേക്ക് കയറാറായപ്പോൾ സെക്യൂരിറ്റി ഓഫിസർ ബാഗ് കൊണ്ടുപോകാൻ അനുമതിയില്ലന്ന് പറഞ്ഞതിനാൽ ഞാൻ തിരികെ പുറത്തേക്ക് നടന്നു. ക്ലോക്ക് റൂമോ ലഗേജ് സൂക്ഷിക്കുന്ന മറ്റ് സ്വകാര്യ സംവിധാനങ്ങളോ ഇവിടെയില്ല നേരത്തെ ചായ കുടിച്ച കടയിൽപ്പോയി കാര്യം പറഞ്ഞപ്പോൾ അവർ ബാഗ് വാങ്ങി വച്ചു.തിരികെ വന്ന് സ്മാരകത്തിന് അകത്തേക്ക് പ്രവേശിച്ചു.

ഒരു മലയടിവാരത്താണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്.പ്രവേശന കവാടത്തിൽ നിന്ന് നൂറ്റമ്പത് മീറ്റർ നീളത്തിൽ നിർമിച്ചിരിക്കുന്ന വിജയ്പഥ് എന്ന റോഡ്. ഇതിൻ്റെ ഇരുവശവും യുദ്ധത്തിൽ വീരമൃത്യുവരിച്ച ഏതാനും സൈനികരുടെ അർദ്ധകായ പ്രതിമകൾ അവരുടെ റാങ്കനുസരിച്ച് സ്ഥാപിച്ചിരിക്കുന്നു. വിജയ്പഥിൻ്റെ ഇടത് വശത്തെ പുൽത്തകിടിയിൽ ഒരു മിഗ് 21 യുദ്ധവിമാനമാണ് പ്രദർശിപ്പിച്ചിരിക്കുന്നതെങ്കിൽ വലത് വശത്ത് ഈ യുദ്ധത്തിലെ താരമായ ബോഫോഴ്സ് തോക്കാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനടുത്ത് ഒരു ഹെലിപാഡുമുണ്ട്. വിജയ്പഥിൻ്റെ ഓരത്ത് സ്ഥാപിച്ചിരിക്കുന്ന രക്തസാക്ഷികളായ ജവാന്മാരുടെ പ്രതിമകൾ കണ്ടും അതിലെ വിവരണം വായിച്ചും പാത അവസാനിക്കുന്നിടത്ത് ഞാനെത്തി.
ഇവിടെ ജയ്പ്പൂർ സ്റ്റോണിൽ നിർമ്മിച്ചിരിക്കുന്ന തുറന്ന മണ്ഡപമാണ് സ്മാരകത്തിൻ്റെ കേന്ദ്ര ഭാഗം. നാല് ചെറു തൂണുകളുടെ നടുവിൽ അമർ ജവാൻ ശില്പവും അതിന് താഴെ സദാ ജ്വലിച്ച്നിൽക്കുന്ന അമർ ജ്യോതിയും. അതിനടിയിലെ മാർബിൾ ഫലകത്തിൽ മഖൻലാൽ ചതുർവേദിയുടെ പുഷ്പ് കി അഭിലാഷ് എന്ന ഹിന്ദി കവിതയിൽ നിന്നുള്ള “പൂവിൻ്റെയാഗ്രഹം ക്ഷേത്രത്തിൽ സമർപ്പിക്കപ്പെടാനോ സ്ത്രീയെ ചൂടിക്കുവാനോ അല്ല മറിച്ച് ധീരന്മാർ സഞ്ചരിക്കുന്ന പാതയിൽ കിടക്കുവാനാണ് ” എന്ന് സ്വർണ്ണ ലിപികളിൽ കൊത്തി വച്ചിരിക്കുന്നു.
അതിന് പിന്നിൽ ചുമരിൻ്റെ വലിപ്പത്തിൽ വലിയ പിച്ചള ഫലകത്തിൽ”ഈ മണ്ണിനടിയിൽ യുവ പോരാളികൾ ഉറങ്ങുന്നു” എന്നെഴുതി താഴെ കാർഗിൽ വാറിൽ ജീവൻ ബലിയർപ്പിച്ച എല്ലാ സൈനികരുടെയും പേരുകൾ എഴുതി വച്ചിരിക്കുന്ന റോൾ ഓഫ് ഹോണർ. മണ്ഡപത്തിൻ്റെ മുമ്പിൽ വലത് വശത്ത് ഒരു ഫലകത്തിൽ
“നമ്മുടെ നാളേക്കായി ഇന്ന് ജീവൻ സമർപ്പിച്ച രക്തസാക്ഷികളായ സൈനികർക്കായി ഈ സ്മാരകം സമർപ്പിക്കുന്നു”എന്നും ഇടത് വശത്തെ ഫലകത്തിൽ ഈ സ്മാരകം തങ്ങളുടെ കർത്തവ്യ നിർവ്വഹണത്തിൽ ജീവൻ ബലിയർപ്പിച്ച 559 ധീരന്മാരുടെ പരമമായ ത്യാഗത്തിൻ്റെ സാക്ഷ്യപത്രമാണന്നും പ്രഖ്യാപിക്കുന്നു.

ഇതിനെല്ലാം പിന്നിലായി ഒരു കൂറ്റൻ ദേശീയ പതാക പാറിപ്പറക്കുന്നു. 101 അടി ഉയരമുള്ള ഇരുമ്പുതൂണിൽ ഉയർത്തിയിരിക്കുന്ന പതാകയ്ക്ക് 37.5 അടി നീളവും 25 അടി വീതിയും 15 കിലോ ഭാരവുമുണ്ട്. ഞാൻ ചെല്ലുന്ന സമയത്ത് ഈ പതാക മാറ്റി പുതിയത് ഉയർത്തുന്ന ജോലി നടക്കുകയായിരുന്നതിനാൽ അടുത്ത് നിന്ന് കാണാൻ പറ്റി. ഓപ്പറേഷൻ വിജയ് എന്നറിയപ്പെടുന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിൻ്റെ 25-ാം വാർഷികം വരുന്നതിനാൽ സ്മാരകത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്ന് വരുന്നതുകൊണ്ട് മനോജ് പാണ്ഡെ ഗാലറിയടക്കം പലതും അടച്ചിട്ടിരിക്കുകയാണ്.
ഗൂർഖ റൈഫിൾസിലെ ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെ,ബട്ടാലിക് മേഖലയിലെ ജുബാർ ടോപ്പിലെ മൂന്ന് ശത്രു ബങ്കറുകൾ തകർത്ത് നാല് പാക്ക് സൈനികരെ കൊലപ്പെടുത്തിയ ശേഷം നാലാമത്തെ ബങ്കർ തകർക്കാൻ ശ്രമിക്കുമ്പോൾ തോളിലും കാലിലും വെടിയേറ്റ് ഗുരുതരമായ പരിക്കേറ്റു. എന്നാൽ തൻ്റെ പരിക്കുകൾ വകവക്കാതെ നാലാമത്തെ ബങ്കറിനുനേരെ ആക്രമണം നടത്തുമ്പോൾ തിരുനെറ്റിയിലൊരു ബുള്ളറ്റ് തുളഞ്ഞ് കയറിയിട്ടും ഗ്രനേഡെറിഞ്ഞ് ആ ബങ്കറു കൂടി തകർത്തിട്ടാണ് ക്യാപ്റ്റൻ വീണത്. അദ്ദേഹത്തിൻ്റെ ബറ്റാലിയനിലെ ഏഴ് പേർ കൂടി മരിച്ച് വീണെങ്കിലും ശത്രുവിൻ്റെ എല്ലാ ബങ്കറുകളും തകർത്ത് പതിനൊന്ന് പാക് സൈനികരെ വധിക്കുകയും ചെയ്തു.
കാർഗിൽ യുദ്ധത്തിൻ്റെ ഗതി മാറ്റിമറിച്ച ഈ സംഭവങ്ങൾക്ക് നേതൃത്വം കൊടുത്ത 24 കാരനായ ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെക്ക് പരമോന്നത പുരസ്‌കാരമായ പരംവീര ചക്ര നൽകി രാജ്യം ആദരിച്ചു. ഒന്നുകിൽ ഞാൻ ദേശീയ പതാക ഉയർത്തും ഇല്ലെങ്കിൽ ഞാൻ ദേശീയപതാകയിൽ പൊതിഞ്ഞ് വരും എന്തായാലും ഞാൻ മടങ്ങി വരും എന്ന് പറഞ്ഞ് രണഭൂമിയിലേക്ക് പോയി അഞ്ച് ശത്രുക്കളെ ഒറ്റക്ക് കൊന്ന് ഒടുവിൽ നെഞ്ചിൽ വെടിയേറ്റ് ചിതറുമ്പോളും ഗ്രനേഡെറിഞ്ഞ് ബങ്കറുകൾ തകർത്ത് പോയിൻ്റ് 4875 പിടിച്ചെടുത്ത ക്യാപ്റ്റൻ വിക്രം ബത്രയും മലയാളിയായ ജെറി പ്രേംരാജുമടക്കം എത്രയോ വീരന്മാരാണ് ഈ യുദ്ധത്തിൽ രാജ്യാഭിമാനത്തിന് പ്രാണരക്തം കൊണ്ട് തൊടുകുറിയിട്ടത്. നാല് പരംവീർ ചക്രയും10 മഹാവീർ ചക്രയും 26 വീർ ചക്രയും കാർഗിൽ പോരാളികളെ തേടിയെത്തി.
സ്മൃതി മണ്ഡപത്തിൻ്റെ ഇടത് വശത്തുള്ള വീർ ഭൂമിയിലേക്ക് ചെന്നു. പല നിരകളിലായി കൃത്യമായകലത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്മാരക ശിലകൾ. ഓരോ കല്ലിലും ആ ധീര ജവാൻ്റെ പേരിനും റാങ്കിനുമൊപ്പം ചെറിയ വാക്കുകളിൽ ഈ സൈനികൻ്റെ ജീവൻ എപ്പോൾ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് എഴുതി വച്ചിരിക്കുന്നു.ഏറ്റവും പുറകിൽ ടൈഗർ ഹില്ലിൽ സൈന്യം ദേശീയ പതാക ഉയർത്തിയതിൻ്റെ ശില്പം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം യുദ്ധ സ്മാരകം സന്ദർശിക്കുന്നത് വല്ലാത്തൊരനുഭവമാണ് . കൊല്ലപ്പെട്ടവരിൽ ഏതോ വീട്ടിലെ അച്ഛൻ മകൻ ഭർത്താവ് സഹോദരൻ എല്ലാവരെയും ഇവിടെ കണ്ടെത്താം യുദ്ധം ആരെയും ഒഴിവാക്കുന്നില്ല.
ഒരു തരത്തിൽ ചിന്തിച്ചാൽ യുദ്ധത്തിൻ്റെ നിരർത്ഥകതയെത്തന്നെ ഓർമ്മിപ്പിക്കുന്ന സ്ഥലമാണിത്. വളരെച്ചെറിയ പ്രായത്തിൽ ജീവിതം ഹോമിച്ച നൂറുകണക്കിന് പേരുടെ ബലിക്കല്ലുകൾ കണ്ട് നിൽക്കെ തൊണ്ടയിൽ വിങ്ങിയ തേങ്ങലിനെ കടിച്ചമർത്തി തിരികെ നടന്നു.
നടപ്പാതയുടെ വലത് വശത്ത് സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ബോഫോഴ്സ് തോക്കിനരികിലേക്ക് ഞാൻ ചെന്നു. പീരങ്കിക്ക് താഴെ പിച്ചള ഫലത്തിൽ ബാറ്റിൽ ഓഫ് പി.റ്റി 5140 ഗൺഹിൽ എന്നഴുതി വച്ചിരിക്കുന്നു.കാർഗിൽ യുദ്ധത്തിൽ ഈ തോക്ക് എങ്ങനെയെല്ലാം ഉപയേഗിച്ചു എന്നതിൻ്റെ വിശദാംശങ്ങൾ രണ്ട് ബോർഡുകളിലായി എഴുതി പ്രദർശിപ്പിച്ചിരിക്കുന്നു.
കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയ ശില്പിയാണി തോക്ക്. 16000 അടി ഉയരത്തിൽ ടൈഗർ ഹില്ലിന് മുകളിലിരുന്ന് താഴ്‌വാരത്തിൽ നിന്ന് വരുന്ന ഇന്ത്യൻ ജവാന്മാരെ നിസാരമായി കൊന്ന് തള്ളിയിരുന്ന പാക്ക് പട്ടാളത്തിന് മുന്നിൽ വശംകെട്ട ഇന്ത്യൻ സൈന്യം ഒടുവിൽ നൂറിലധികം ബോഫോഴ്സ് തോക്കുകൾ താഴ്‌വരയിൽ വിന്യസിച്ച് രാപകൽ വ്യത്യാസമില്ലാതെ നിർത്താതെ പാക് ബങ്കറുകൾക്ക് മേലെ തീമഴ പെയ്യിച്ചു. ഇതിൻ്റെ മറയിലണ് സൈനികർ മലമുകളിൽ കാലുറപ്പിച്ചത്.

യുദ്ധവിജയത്തിന് അടിത്തറയിട്ടത് ഇന്ത്യൻ ആർമിയുടെ പീരങ്കി യൂണിറ്റുകളാണ്. പ്രത്യേകിച്ച് ബോഫോഴ്സ് റെജിമെൻ്റ്. മുപ്പത്തഞ്ച് കിലോമീറ്ററിലധികം ദൂരപരിധിയുള്ള ബോഫോഴ്‌സ് തോക്കിന് 90 ഡിഗ്രി ആംഗിളിൽ ടാർഗറ്റ് ചെയ്യാനും 12 സെക്കൻഡിനുള്ളിൽ മൂന്ന് റൗണ്ട് വെടിയുതിർക്കാനും കഴിയും. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ഏകദേശം 2,93600 റൗണ്ട് ഷെല്ലുകൾ തൊടുത്തുവിട്ടു. ഗണ്ണേഴ്‌സിൻ്റെ സംഭാവനയെ മാനിക്കുന്നതിനായി പോയിൻ്റ് 5140ൻ്റെ പേര് യുദ്ധശേഷം ഗൺഹിൽ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു
ബോഫോഴ്സ് പീരങ്കി പ്രദർശിപ്പിച്ചിരിക്കുന്നതിന് അടുത്തൊരു ഹെലിപാഡുണ്ട്.യുദ്ധമുഖത്ത് അസാമാന്യ ധീരത പ്രകടിപ്പിച്ച് വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിജയന്ത് ഥാപ്പറിൻ്റെ സ്മരണാർത്ഥം 2023 ൽ നിർമ്മിച്ചതാണി ഹെലിപാഡ്. പാക് സൈനിക പോസ്റ്റുകളായ തൊലോലിംഗ് നോൾ ത്രീപിമ്പിൾസ് എന്നിവ പിടിച്ചെടുക്കാനാണ് ക്യാപ്റ്റൻ വിജയന്ത് ഥാപ്പറിന്റെ രാജ്പുത്താന റൈഫിൾസ് റെജിമെൻ്റ് നീങ്ങിയത്. മലയുടെ മുകളിൽ നിൽക്കുന്ന ശത്രുവിനെ മലകയറി കിഴടക്കുക അത്യന്തം അപകടകരമായിരുന്നു. തൊലോലിംഗ് കിഴടക്കി നോൾ കീഴടക്കാൻ ശ്രമിക്കുമ്പോൾ കടുത്ത വെടിവയ്പ്പിൽ കമാൻഡിങ്ങ് ഓഫീസറായിരുന്ന മേജർ ആചാര്യ വെടികൊണ്ട് വീണു.
മലമുകളിലിരുന്ന് താഴേക്ക് വെടിയുതിർക്കുന്ന പാകിസ്ഥാൻ്റെ യന്ത്രത്തോക്കുകളെ നിർവീര്യമാക്കാതെ ഒരിഞ്ച് മുന്നോട്ട് നീങ്ങാനാവില്ലന്ന് മനസിലായ വിജയന്ത് ഥാപ്പർ രാത്രി രണ്ട് മണിക്ക് താൻ മറഞ്ഞിരുന്നു പാറയുടെ മറവിൽ നിന്ന് ഒരു കവറിങ്ങുമില്ലാതെ പുറത്ത് വന്ന് മുകളിലേക്ക് വെടിയുതിർക്കുമ്പോൾ മറ്റൊരു മലയുടെ മുകളിൽ ഒളിഞ്ഞിരുന്ന ഒരു പാക്ക് സ്നൈപ്പറുടെ ടെലിസ്കോപിക് റൈഫിളിൽ നിന്നും പാഞ്ഞ് വന്ന ബുള്ളറ്റ് വിജയന്ത് ഥാപ്പറിൻ്റെ തലയുടെ ഇടത് വശത്തുകൂടി തുളച്ചുകയറി വലത്തേ കണ്ണിലൂടെ പുറത്തക്ക് പോയി.
പോർമുഖത്തേക്ക് പുറപ്പെടും മുമ്പ് അച്ഛനും അമ്മയ്ക്കുമായൊരു കത്തെഴുതി സഹപ്രവർത്തകനെ ഏല്പിച്ചിട്ട് തിരിച്ചെത്തിയാൽ ഈ കത്ത് കീറിക്കളയണം ഇല്ലെങ്കിൽ വീട്ടിലേക്ക് അയച്ചു കൊടുക്കണം എന്ന് പറഞ്ഞ് പോയ വിജന്ത് 1999 ജൂൺ 28 ന് വെറും 22-ാമത്തെ വയസിൽ രക്തസാക്ഷിയായി. അദ്ദേഹത്തിൻ്റെ മൃതശരീരത്തെ സാക്ഷിയാക്കി അവശേഷിച്ച സഹപ്രവർത്തകർ കൂടുതൽ കടുത്ത പോരാട്ടം നടത്തി ശത്രുക്കളെ ഒന്നൊഴിയാതെ കൊന്നെടുക്കി നോളിലേ ബങ്കർ പിടിച്ചടുക്കി. ക്യാപ്റ്റൻ വിജയന്ത് ഥാപ്പറിൻ്റെ ധീരതയ്ക്കും പോരാട്ട വീര്യത്തിനും പരമോന്നത ത്യാഗത്തിനും രാഷ്ട്രം വീർചക്ര നൽകി ആദരിച്ചു
അദ്ദേഹത്തിൻ്റെ അവസാന കത്ത് 2018ൽ കുടുബം പുറത്ത് വിട്ടു. എനിക്ക് ഖേദമില്ല മറ്റൊരു ജീവിതം ഉണ്ടെങ്കിൽ ഞാൻ സൈന്യത്തിൽ തന്നെ ചേരുമെന്ന് പറയുന്ന കത്തിൽ കുപ്‌വാരയിലെ റുക്സാന എന്ന പെൺകുട്ടിക്ക് മാസംതോറും സാമ്പത്തിക സഹായം നൽകണമെന്നും കുടുബത്തോടാവശ്യപ്പെട്ടിരുന്നു.
കുപ്‌വാരയിലെ കാണ്ടി ഗ്രാമത്തിലെ ദരിദ്ര കുടുബത്തിലെ കുട്ടിയാണ് രക്സാന.ഒരു ദിവസം റുക്‌സാനയുമായി വീടിനടുത്തുള്ള കാട്ടിൽ വിറക് വെട്ടാൻ പോയ പിതാവിനെ തീവ്രവാദികൾ ആ ആറുവയസുകാരിയുടെ മുന്നിലിട്ട് വെടിവച്ച് കൊന്നു.ആ ഭികര കാഴ്ചയുടെ ഷോക്കിൽ ആവളുടെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു.
1999 ൽ കുപ്‌വാരയിലെത്തിയപ്പോൾ റുക്‌സാനയുടെ കഥയറിഞ്ഞ ക്യാപ്റ്റൻ ഥാപ്പർ എല്ലാ വൈകുന്നേരങ്ങളിലും മധുരപലഹാരങ്ങളുമായി അവളുടെ വിട് സന്ദർശിക്കുകയും അവളെ മിക്കപ്പോഴും കൂടെ കൂട്ടുകയും ചെയ്ത് പതിയെ അവളുടെ സംസാരശേഷി വീണ്ടെടുത്തു. അവളെ സാമ്പത്തികമായി സഹായിക്കുകയും അവളുടെ സ്വപ്നങ്ങൾ നടത്തി കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
റുഖ്‌സാനയെ സംബന്ധിച്ചിടത്തോളം, അവളുടെ ജീവിതത്തിൽ സന്തോഷം വീണ്ടെടുക്കാൻ ഭൂമിയിലേക്ക് വന്ന ഒരു ദൈവദൂതനായിരുന്നു ക്യാപ്റ്റൻ വിജയന്ത്. ഹൃദ്യമായ ഈ സൗഹൃദത്തിൻ്റെ കഥ നേരത്തെയറിയാമായിരുന്ന ക്യാപ്റ്റൻ്റെ കുടുബം അദ്ദേഹത്തിൻ്റെ മരണശേഷം അവൾക്കാവശ്യമായ സഹായങ്ങൾ നൽകുകയും എല്ലാവർഷവും അവളെ സന്ദർശിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു. തിരികെയവൾ ഒരു കൂട നിറയെ കാശ്മീരാപ്പിളും അതിലുമേറെ സ്നേഹവും നൽകിയാണവരെ യാത്രയാക്കുന്നത്.
ക്യാപ്റ്റൻ വിജയന്തിനെയും മനസിലേറ്റി സ്മാരകത്തിൽ നിന്ന് ഞാൻ തിരികെയിറങ്ങി ശ്രിനഗർ ഹൈവേയിൽ വണ്ടി കാത്ത് നിൽക്കുമ്പോൾ ഇന്ത്യൻ മിലിട്ടറിയുടെ കരുത്തിനെയും സൈനികരുടെ പോരാട്ട വീര്യത്തെയും വെല്ലുവിളിച്ച ടൈഗർ ഹിൽസ് അങ്ങ് ദൂരെ മഞ്ഞിലൊളിച്ച് നിൽക്കുന്നു. ഇങ്ങ് താഴെ എൻ്റെ മുമ്പിൽ ഇന്ത്യൻ ജവാന്മാർ ഒടുങ്ങാത്ത പോരാട്ട വീര്യവുമായി തല ഉയർത്തി നടക്കുന്നു.
(തുടരും)