കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ വളരെ മുന്നിലെന്ന് യൂണിയൻ സർക്കാരിൻ്റെ കണക്കുകൾ. രാജ്യത്താകെയുള്ള 24725 സ്റ്റാർ, ഫോർ- സ്റ്റാർ, ത്രീ- സ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണവും കേരളത്തിൽ ആണ്. സ്റ്റാർ റേറ്റിംഗ് ഉള്ള ഹോട്ടലുകളുടെ എണ്ണത്തിൽ പകുതിയിൽ കൂടുതലും കേരളത്തിലാണ്.
ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് നൽകിയ മറുപടിയിലൂടെ സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലെന്ന് വ്യക്തമാക്കുന്ന കണക്കുകൾ വെളിപ്പെടുത്തിയത്.
ഇന്ത്യയിൽ ഉടനീളമുള്ള ത്രീ- സ്റ്റാർ, ഫോർ- സ്റ്റാർ ഹോട്ടലുകളുടെ ഏകദേശം 60% കേരളത്തിലാണ്. പഞ്ചനക്ഷത്ര വിഭാഗത്തിലും കേരളം തന്നെയാണ് മുന്നിൽ. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ 12 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയും ഗുജറാത്തും കേരളത്തിന് പിന്നിലുണ്ട്. സംസ്ഥാനങ്ങളിൽ, മൂന്ന് വിഭാഗങ്ങളിലും കേരളമാണ് മുന്നിൽ നിൽക്കുന്നത്.
രാജ്യത്തെ ത്രീ- സ്റ്റാർ ഹോട്ടലുകളുടെ എണ്ണം 1,006 ആണ്, അതിൽ 607 ത്രീ- സ്റ്റാർ ഹോട്ടലുകളും കേരളത്തിലാണ്. ഇത് ഇന്ത്യയിലെ ആകെ ത്രീ സ്റ്റാർ ഹോട്ടലുകളുടെ 60.34% വരും. ഫോർ- സ്റ്റാർ ഹോട്ടലുകൾ 705 ആണ്. അതിൽ 420 ഫോർ- സ്റ്റാർ ഹോട്ടലുകളും കേരളത്തിൽ ആണ്.
ഇന്ത്യയിൽ ആകെയുള്ള ഫോർ സ്റ്റാർ ഹോട്ടലുകളുടെ 59.57% വരും. ആകെയുള്ള ഫൈവ്- സ്റ്റാർ ഹോട്ടലുകൾ 761 ആണ്. അതിൽ 94 ഫൈവ്-സ്റ്റാർ ഹോട്ടലുകളും കേരളത്തിലാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 86 ഹോട്ടലുകളാണുള്ളത്.
ത്രീ- സ്റ്റാർ ഹോട്ടലുകളുടെ കാര്യത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും 120 ഉം 69 ഉം ഹോട്ടലുകൾ വീതമുണ്ട്. ഫോർ- സ്റ്റാർ വിഭാഗത്തിൽ, 61 ഹോട്ടലുകളുമായി ഗുജറാത്ത് രണ്ടാം സ്ഥാനത്തും, 36 ഹോട്ടലുകളുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തും നിൽക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കാര്യത്തിൽ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്ത് 86 ഹോട്ടലുകളുമായി എത്തിയപ്പോൾ ഗുജറാത്ത് 76 ഹോട്ടലുകളുമായി മൂന്നാം സ്ഥാനത്താണ്.
ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടൽ & റെസ്റ്റോറന്റ് അപ്രൂവൽ & ക്ലാസിഫിക്കേഷൻ കമ്മിറ്റി (HRACC) ആണ് സ്റ്റാർ റേറ്റിംഗ് നൽകുന്നത്. ടൂറിസം മന്ത്രാലയം, വ്യവസായ അസോസിയേഷനുകൾ, ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, സംസ്ഥാന സർക്കാരുകൾ / കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഈ കമ്മിറ്റിയിൽ ഉൾപ്പെടുന്നു. നിലവിലുള്ള നൽകിയിട്ടുള്ള കണക്ക് വിവരം 2019ന് ശേഷം തരം തിരിച്ചിട്ടുള്ളതാണെന്നും മറുപടിയിൽ പറയുന്നു.