ലിവിങ് ടുഗതർ പങ്കാളിയെ കൊന്ന് മൃതദേഹം എട്ടുമാസത്തോളം ഫ്രിഡ്‌ജിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്. മൃതദേഹത്തിന് എട്ടുമാസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഫ്രിഡ്‌ജിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിൽ പിങ്കിയുടെ ആഭരണങ്ങലും ഉണ്ടായിരുന്നു. കൈകൾ കെട്ടി കഴുത്തിൽ കുരുക്കിട്ടിരുന്നു. ഇവർക്ക് 30 വയസ് തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. വിവാഹിതനായ പട്ടിദാർ കഴിഞ്ഞ അഞ്ചുവർഷമായി യുവതിയുമായി ലിവിങ് ടുഗതറിലായിരുന്നു. വിവാഹം കഴിക്കാൻ യുവതി നിർബന്ധിച്ചതോടെ പട്ടിദാർ സുഹൃത്തിൻ്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് വിവരം.
ഇൻഡോർ സ്വദേശിയുടേതാണ് വീട്. 2023 ജൂണിലാണ് പട്ടിദാർ ഈ വീട് വാടകക്ക് എടുത്തത്. ഒരു വർഷത്തിന് ശേഷം വീട് ഒഴിഞ്ഞെങ്കിലും രണ്ട് മുറികളിൽ സാധനങ്ങൾ സൂക്ഷിച്ചിരുന്നു. ഇത് വൈകാതെ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. ഇടയ്ക്കിടെ ഇവിടെ എത്തുകയും ചെയ്‌തിരുന്നു.
ഇതിനിടെ ഈ വീട് മറ്റൊരു താമസക്കാര്‍ക്ക് ഉടമ വാടകയ്ക്ക് കൊടുത്തു. പുതിയ താമസക്കാർ ഈ മുറികളും തുറന്നു കൊടുക്കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടു. മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ദുർഗന്ധമുണ്ടായപ്പോൾ താമസക്കാർ ഉടമയെ അറിയിച്ചു. അപ്പോഴാണ് ഫ്രിഡ്‌ജിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുക ആയിരുന്നു.