എ ഐ യുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാതെ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ തിരിച്ചും മറിച്ചും നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജുവിനോടും ശാസ്ത്രവേദി ചെയർമാൻ പ്രഫ. അച്യുത് ശങ്കറിനോടും ചില കാര്യങ്ങൾ പറഞ്ഞു.
“ നിയമസഭ തെരഞ്ഞെടുപ്പ് പിടിക്കാൻ പരമ്പരാഗത പ്രചാരണ പരിപാടികൾ മാത്രം പോരാ. ആധുനിക സാങ്കേതികവിദ്യയും പരീക്ഷിക്കണം. പുതിയ കാലഘട്ടത്തിലെ വിദ്യയെന്ന് പറയുന്നത് എഐയാണ്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായപരിശീലനം നമ്മുടെ നേതാക്കൾക്ക് കിട്ടുന്നത് ഏറെ ഗുണകരമാകും. മുതിർന്ന നേതാക്കൾ അടക്കം ആരെയും ഒഴിവാക്കരുത്. അതിന് കെപിസിസി മുൻകയ്യെടുക്കണം”….
ഇതുപ്രകാരം നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്കു രണ്ടുമണിക്ക് കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കുമായി ‘ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ’ പരിശീലന ക്ലാസ് ഒരുക്കിയിരിക്കുകയാണ് . കേരളത്തിൽ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി സ്വന്തം നേതാക്കൾക്ക് എഐയിൽ ക്ലാസ് സംഘടിപ്പിക്കുന്നത്.
‘രാഷ്ട്രീയത്തിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ’ എന്ന ആമുഖത്തോടെ എഐ ഉപയോഗിച്ചുള്ള ലൈവ് ഡെമോൺസ്ട്രേഷനാണ് ആദ്യം. നേതാക്കളുടെ താൽപര്യം അനുസരിച്ച് കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകാനാണ് പദ്ധതി. മുതിർന്ന നേതാക്കൾ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. ക്ലാസിനു വേണ്ടി മൊഡ്യൂൾ തയ്യാറിക്കിയിട്ടുമുണ്ട്.