ഹൈഡൽ ടൂറിസം പദ്ധതിയിലെ ക്രമക്കേടുകൾ ശരിവെച്ച് കെഎസ്ഇബി വിജിലൻസ് റിപ്പോർട്ട്. ടെണ്ടറിൽ നടന്നത് വ്യാപക ക്രമക്കേടെന്നും ടെണ്ടർ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും ശുപാർശ ചെയ്യുന്ന കെഎസ്ഇബി വിജിലൻസ് റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസിനെതിരെ പരാമർശമുള്ള റിപ്പോർട്ട് രണ്ട് വർഷം സർക്കാർ പൂഴ്ത്തി വെച്ചു.
വൈദ്യുതി വകുപ്പിന് കീഴിലാണ് വിവിധ ഡാമുകളിലെ വാട്ടർസ്‌പോട്‌സും ബോട്ടും ഉൾപ്പടെയുള്ള ഹൈഡൽ ടൂറിസം പദ്ധതി. ഹൈഡൽ ടൂറിസത്തിൽ വൻ ക്രമക്കേടാണ് നടന്നതെന്ന് തെളിവുകൾ സഹിതം വാർത്താ പരമ്പരയിലൂടെ റിപ്പോർട്ടർ ന്യൂസ് പുറത്തുകൊണ്ടു വന്നിരുന്നു. കൃഷ്‌ണൻ കുട്ടിയുടെ പാർട്ടി നേതാക്കളുടെ കമ്പനിക്കാണ് മിക്ക ടെണ്ടറുകളും മാനദണ്ഡം ലംഘിച്ച് നൽകിയത്. കെഎസ്ഇബി വിജിലൻസ് അന്വേഷണം നടത്തി 2024 ഒക്ടോബറിൽ റിപ്പോർട്ട് നൽകി.
ഗുരുതരമായ ചട്ടലംഘനം കണ്ടെത്തിയതിനൊപ്പം ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസിനെതിരെ നടപടിക്കും ശുപാർശ ചെയ്‌തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് എൽഡിഎഫ് സർക്കാർ പൂഴ്ത്തി.
ഒരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല മാനദണ്ഡം ലംഘിച്ച് കൃഷ്‌ണൻ കുട്ടിയുടെ പാർട്ടി നേതാക്കളുടെ കമ്പനിക്ക് പുതിയ ടെണ്ടറുകൾ ഇഷ്‌ടം പോലെ കിട്ടിക്കൊണ്ടിരുന്നു. ഒടുവിൽ കെഎസ്ഇബി വിജിലൻസ് റിപ്പോർട്ട് രണ്ട് വർഷത്തിന് ശേഷം പുറത്തു വരുമ്പോഴാണ് ഹൈഡൽ ടൂറിസത്തിൽ നടന്ന വൻ ക്രമക്കേടുകളും പുറത്തുവരുന്നത്.



