രാജ്യത്തെ വിസ നയത്തിലും ഇമിഗ്രേഷൻ നിയമങ്ങളിലും മുഖ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പുതിയ നിയമം നടപ്പാക്കുമെന്ന് കുവൈറ്റ് അറിയിച്ചു. നവംബർ 28ന് പുറത്തിറക്കിയ അമീരി ഉത്തരവ് പ്രകാരം 60 വർഷത്തിലേറെയായി നിലനിന്നിരുന്ന സമ്പ്രദായങ്ങളിൽ മാറ്റം വരും. പുതിയ നയം വിസ വ്യാപാരം, കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ, ചൂഷണം എന്നിവ പ്രതിരോധിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
കുവൈറ്റ് വനിതകളുടെ മക്കൾക്ക് ആനുകൂല്യം
കുവൈറ്റ് വനിതകളുടെ മക്കൾക്ക് 10 വർഷത്തെ താമസ വിസ ഫീസില്ലാതെ പുതുക്കാൻ സാധിക്കും. കുവൈറ്റ് പൗരത്വം നേടുന്നതുവരെ ഇത് തുടരും. കൂടാതെ, ആരോഗ്യ പ്രശ്‌നങ്ങളാൽ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു പോയാലും വിസ അസാധുവാകില്ല.
വിസ കച്ചവടവും ചൂഷണവും തടയുന്നതിനായി ശക്തമായ നിയമ നടപടികൾ നടപ്പാക്കും. വിസ പുതുക്കൽ, രാജ്യത്തേക്ക് പ്രവേശനം എന്നിവ പണം വാങ്ങി നടത്തുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരും. കുടുംബ സന്ദർശക വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇതിന്‍റെ ഫീസ് ആഭ്യന്തര മന്ത്രാലയം നിശ്ചയിക്കും. കൂടാതെ, പുതിയ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള കാത്തിരിപ്പ് കാലാവധി നിലവിലെ ആറ് മാസത്തിൽ നിന്ന് നാല് മാസമായി കുറച്ചിട്ടുണ്ട്.
മനുഷ്യക്കടത്തും തൊഴിൽ ചൂഷണവും തടയുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിയമങ്ങൾ ശക്തമാക്കും. അംഗീകാരമില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നത് തൊഴിലുടമകൾ ഒഴിവാക്കണമെന്നും ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ശരിയായ റിക്രൂട്ട്‌മെന്റില്ലാതെ പ്രവാസികളെ നിയമിക്കുന്നതിൽ വിലക്കുണ്ട്.
ഇനിയുള്ള ആറുമാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിലാകും. നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവുമാണ് ശിക്ഷ. ആഭ്യന്തര മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനിയാണ് ഇതിനെക്കുറിച്ച് വിശദീകരണം നൽകിയത്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.























